Connect with us

International

കറുത്ത വര്‍ഗക്കാരന്റെ വധം: മിസൂറിയില്‍ പ്രതിഷേധം ശക്തം

Published

|

Last Updated

ഫെര്‍ഗൂസന്‍: അമേരിക്കയിലെ മിസൂറി സംസ്ഥാനത്ത് കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവെച്ചു കൊന്നതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭം ശക്തമായി തുടരുന്നു. കടയില്‍ നിന്ന് സിഗരറ്റ് മോഷ്ടിച്ചയാളെന്ന സംശയത്തിലാണ് പോലീസുകാരന്‍ കറുത്ത വര്‍ഗക്കാരനെ വെടിവെച്ചു കൊന്നതെന്ന പോലീസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് പ്രക്ഷോഭം ഒന്നുകൂടി ശക്തമായി. മൈക്കിള്‍ ബ്രോണെന്ന പതിനെട്ടുകാരനെ കഴിഞ്ഞ ഒമ്പതാം തീയതി വെടിവെച്ചു കൊന്നതിന് ശേഷമുള്ള ആറ് രാത്രികളിലും പ്രതിഷേധകര്‍ തെരുവിലിറങ്ങിയിട്ടുണ്ട്.
ഭക്ഷണ, മദ്യ ശാലയില്‍ വ്യാപക അക്രമവും കൊള്ളയും പ്രതിഷേധകര്‍ നടത്തിയതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതായി പോലീസ് അറിയിച്ചു. ബ്രോണിന്റെ കൊലപാതകത്തിന് കാരണമായ സാഹചര്യങ്ങളെ സംബന്ധിച്ച് പോലീസ് റിപ്പോര്‍ട്ടില്‍ ചെറിയ വിവരണങ്ങളേയുള്ളൂ. പ്രതിഷേധകരെ തടയാന്‍ ബ്രോണ്‍ വെടിയേറ്റ് മരിച്ച റോഡില്‍ പോലീസ് ഗതാഗതം തിരിച്ചുവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരുനൂറോളം പേരാണ് ഇവിടെ ഒരുമിച്ചു കൂടിയത്. “കൈ പൊക്കൂ, വെടിവെക്കരുത് (ഹാന്‍ഡ്‌സ് അപ്, ഡോണ്ട് ഷൂട്ട്)” എന്ന മുദ്രാവാക്യവും വിളിച്ച് പോലീസിന് നേരെ കൈകള്‍ പൊക്കിയാണ് പ്രതിഷേധകര്‍ തെരുവിലിറങ്ങിയത്. ബ്രോണ്‍ മോഷണം നടത്തിയതെന്ന് സംശയിക്കുന്ന സ്റ്റോറിലാണ് ഒരു സംഘം കവര്‍ച്ച നടത്തിയത്. മദ്യക്കുപ്പികളും ഭക്ഷണ സാധനങ്ങളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഷോപ്പിലെ വീഡിയോ പുറത്തുവിടണമെന്ന ആവശ്യവും ശക്തമാണ്.