Connect with us

International

റഷ്യന്‍ വാഹനങ്ങള്‍ ഉക്രൈന്‍ സൈന്യം തകര്‍ത്തു

Published

|

Last Updated

കീവ്: അതിര്‍ത്തി കടന്നെത്തിയ റഷ്യന്‍ സൈനിക വാഹനങ്ങള്‍ തകര്‍ത്തതായി ഉക്രൈന്‍. ഉക്രൈന്‍ സൈന്യത്തിന് നേരെ റഷ്യയില്‍ നിന്ന് ഷെല്ലാക്രമണം ഉണ്ടായതയായും റഷ്യ വലിയ തോതില്‍ സൈനിക കടന്നുകയറ്റം നടത്തുന്നതായും ഉക്രൈന്‍ സര്‍ക്കാര്‍ ആരോപിച്ചു. എന്നാല്‍ തങ്ങളുടെ സൈന്യം അതിര്‍ത്തി കടന്നുവെന്ന ആരോപണം റഷ്യന്‍ സര്‍ക്കാര്‍ നിഷേധിച്ചു. ആരോപണം ഭാവന മാത്രമാണെന്ന് പറഞ്ഞു തള്ളിയ റഷ്യ, അതിര്‍ത്തിയില്‍ യു എസ് നേതൃത്വത്തിലുള്ള നാറ്റോ പ്രതിരോധ സഖ്യം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും വ്യക്തമാക്കി.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചക് ഹെഗലുമായി ഫോണില്‍ ബന്ധപ്പെട്ട റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു അതിര്‍ത്തിയില്‍ വര്‍ധിച്ചുവരുന്ന നാറ്റോയുടെ പ്രവര്‍ത്തനങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉക്രൈനില്‍ സഹായവിതരണം നടത്തുന്നതിനായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടതായി റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ആര്‍ ഐ എ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ഉക്രൈനില്‍ റഷ്യ നടത്തുന്ന കടന്നാക്രമണം ഒഴിവാക്കണമെന്ന് നാറ്റോ ആവശ്യപ്പെട്ടു. ഉക്രൈനിലേക്കുള്ള റഷ്യന്‍ കടന്നുകയറ്റം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ യു എന്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് യു എന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറന്‍ ഉക്രൈനിലെ റഷ്യന്‍ അനുകൂല വിമതര്‍ക്ക് റഷ്യ ആയുധം നല്‍കുകയും മറ്റ് സൈനിക ഇടപെടല്‍ നടത്തുകയും ചെയ്യുന്നുണ്ടെന്ന ആരോപണം ഉക്രൈനും പാശ്ചാത്യ സഖ്യവും വീണ്ടും ആവര്‍ത്തിച്ചു. ഉക്രൈനില്‍ സഹായസാമഗ്രികള്‍ വിതരണം ചെയ്യുകയെന്ന മറവില്‍ റഷ്യ സൈനിക നീക്കം നടത്തുമെന്ന ആശങ്കയും ഇവര്‍ ഉയര്‍ത്തിയിട്ടുണ്ട്.

Latest