സഹപാഠിയുടെ ഹൃദയ ശസ്ത്രക്രിയക്ക് സാമ്പത്തിക സഹായമൊരുക്കാന്‍ കുരുന്നു കൈകള്‍ ഒരുമിച്ചു

Posted on: August 15, 2014 1:41 pm | Last updated: August 15, 2014 at 1:41 pm

വടക്കഞ്ചേരി: സഹപാഠിയുടെ ഹൃദയ ശസ്ത്രക്രിയക്ക് സാമ്പത്തിക സഹായമൊരുക്കാന്‍ കുരുന്നു കൈകള്‍ ഒരുമിച്ചു. കൂട്ടായ്മയില്‍ മഞ്ഞപ്ര പി കെ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ സ്വരൂപിച്ചത് അരലക്ഷത്തിലേറെ രൂപ. മഞ്ഞപ്ര വളയലില്‍ മോഹന്‍ദാസ്-കോമളം ദമ്പതികളുടെ ഇളമകള്‍ അനുശ്രീക്കാണ് ഹൃദ്രോഗം ബാധിച്ചിരിക്കുന്നത്. ഹൃദയവാള്‍വിന് വളര്‍ച്ചക്കുറവും രക്തം കട്ടപിടിക്കലുമാണ് അനുശ്രീയുടെ അസുഖം.
തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയില്‍ കഴിഞ്ഞ ആഴ്ച താക്കോല്‍ദ്വാര ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. മൂന്നു മാസത്തിനു ശേഷം ഇനിയും ചികിത്സ നേടേണ്ടതുണ്ട്. മഞ്ഞപ്ര പി കെ ഹൈസ്‌കൂളില്‍ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. സഹപാഠിയുടെ ഹൃദയവേദനയക്കു മുന്നില്‍ സഹപാഠികള്‍ക്ക് നോക്കി നില്‍ക്കാന്‍ കഴിഞ്ഞില്ല.
റെഡ്‌ക്രോസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, നന്മ ക്ലബ്, അധ്യാപകര്‍, ജീവനക്കാര്‍, പി ടി എ എന്നിവരുടെ സഹകരണത്തോടെ കുരുന്നുകള്‍ 56,500 രൂപയാണ് സ്വരൂപിച്ചത്. സമാഹരിച്ച തുക പി ടി എ പ്രസിഡന്റ് എ കണ്ണന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കി. പ്രധാനാധ്യാപകന്‍ കെ ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു.