Connect with us

Kasargod

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 7996 പദ്ധതികള്‍ക്ക് അംഗീകാരം

Published

|

Last Updated

കാസര്‍കോട്: ജില്ലാപഞ്ചായത്തുള്‍പ്പെടെ 48 തദ്ദേശഭരണ സ്ഥാപനങ്ങളുടെയും 2014-15 വര്‍ഷത്തെ പൂര്‍ണവാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കി. 7996 പ്രൊജക്ടുകള്‍ക്കായി 441.03 കോടി രൂപയാണ് വകയിരുത്തിയത്. സംസ്ഥാനത്ത് വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുന്നതില്‍ ജില്ല നാലാം സ്ഥാനം നേടി.
ജില്ലാ പഞ്ചായത്തിന്റെ 101.64 കോടിയുടെ 418 പ്രൊജക്ടുകള്‍ക്കാണ് ജില്ലാ ആസൂത്രണസമിതി യോഗം അംഗീകാരം നല്‍കിയത്. പട്ടികജാതി വിഭാഗം പ്രൊജക്ടുകള്‍ 20(5,41,52,137), പട്ടികവര്‍ഗവിഭാഗം പ്രൊജക്ടുകള്‍ 21 (3,32,56,631), പൊതുവിഭാഗം 377 പ്രൊജക്ടുകള്‍(92,92,24,330) രൂപയുമാണ് വകയിരുത്തിയത്. ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. പദ്ധതി നിര്‍വഹണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ വിലയിരുത്തുന്നതിനായി എല്ലാ മാസവും യോഗം ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അജയകുമാര്‍ മീനോത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ഓമനാ രാമചന്ദ്രന്‍, എ ജി സി ബശീര്‍, എ ജാസ്മിന്‍, എം തിമ്മയ്യ, പി കുഞ്ഞിരാമന്‍ എന്നിവരും വിവിധ വകുപ്പുകളിലെ ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.

 

Latest