യു ഡി എഫില്‍ പ്രതിസന്ധി രൂക്ഷം;വിജ്ഞാന്‍വാടി കെട്ടിടം: ചര്‍ച്ച ഫലം കണ്ടില്ല

Posted on: August 15, 2014 9:07 am | Last updated: August 15, 2014 at 9:07 am

മുക്കം: കേരളാ പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ കൊടിയത്തൂര്‍ പഴംപറമ്പില്‍ നിര്‍മിച്ച വിജ്ഞാന്‍വാടി കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലീഗ്- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ പ്രശ്‌നങ്ങളില്‍ ചര്‍ച്ച ഫലം കണ്ടില്ല.
കൊടിയത്തൂര്‍ പഴംപറമ്പ് നാല് സെന്റ് കോളനിയില്‍ നിര്‍മിച്ച വിജ്ഞാന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് പഞ്ചായത്തില്‍ ലീഗ്- കോണ്‍ഗ്രസ് ബന്ധം വഷളായത്. കോണ്‍ഗ്രസ് അംഗത്തിന്റെ വാര്‍ഡില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ലീഗുകാരറിയാതെ നിര്‍വഹിച്ചതായി ആരോപിച്ച് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് ആദ്യമായി രംഗത്തുവന്നത്.
കെട്ടിട നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നതായും ഇതിന്റെ പങ്ക് വാര്‍ഡ് അംഗവും ഭര്‍ത്താവും ചില സി പി എം നേതാക്കളും പറ്റിയതായും ലീഗ് ആരോപിച്ചു. ആരോപണ പ്രത്യാരോപണങ്ങള്‍ പിന്നീട് കൈയാങ്കളിയിലേക്കും നീങ്ങുകയായിരുന്നു. രണ്ട് ദിവസങ്ങളിലായി നടന്ന ചര്‍ച്ചയില്‍ പഴംപറമ്പില്‍ ലീഗ് പ്രവര്‍ത്തകര്‍ വാര്‍ഡ് മെമ്പര്‍ക്കും ഭര്‍ത്താവിനുമെതിരെ സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകള്‍ മാറ്റണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ ഇത് അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്നാണ് ചര്‍ച്ച വഴിമുട്ടിയത്.
അതേസമയം, സംഭവത്തി ല്‍ പരസ്യ പ്രതികരണം നടത്തിയ എം എസ് എഫ് സംസ്ഥാന നേതാവ്, ലീഗ്, യൂത്ത് ലീഗ് പ്രാദേശിക നേതാക്കള്‍ എന്നിവര്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ടെന്നാണറിയുന്നത്.