Connect with us

Malappuram

അടിസ്ഥാന സൗകര്യമില്ലാത്ത ഓര്‍ഫനേജ് അടച്ചുപൂട്ടി

Published

|

Last Updated

മഞ്ചേരി/നിലമ്പൂര്‍: വൃത്തിഹീനമായും അടിസ്ഥാന സൗകര്യങ്ങളില്ലാതെയും പ്രവര്‍ത്തിക്കുന്ന ഓര്‍ഫനേജ് സാമൂഹ്യ നീതി ജില്ലാ ഓഫീസര്‍ സി എന്‍ വേണുഗോപാല്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു.
നിലമ്പൂര്‍ ഓസ്‌വാള്‍ഡ് ഓര്‍ഫനേജാണ് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ ഷരീഫ് ഉള്ളത്ത്, അഗംങ്ങളായ അഡ്വ. കൊരമ്പയില്‍ നജ്മല്‍ ബാബു, അഡ്വ. ഹാരിസ് പഞ്ചിളി, എം മണികണ്ഠന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ ഷാജി കാരാട്ട് എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി സ്ഥാപനം അടച്ചു പൂട്ടിയത്.
ഈ സ്ഥാപനം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് 2008ല്‍ മലപ്പുറം സി ഡബ്ല്യുസി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഓര്‍ഫനേജ് ചെയര്‍മാന്‍ ബിനോയിയോട് സ്ഥാപനം അടച്ചുപൂട്ടുവാനും കുട്ടികളെ അംഗീകാരമുള്ള സ്ഥാപനത്തിലേക്ക് മാറ്റുവാനും ഉത്തരവിട്ടിരുന്നു. എന്നാല്‍ 2013 സെപ്തംബര്‍ ഒന്നിന് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനെ സമീപിച്ച് ബിനോയ് അംഗീകാരം വാങ്ങുകയായിരുന്നു.
ഇതിനായി സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് നിലമ്പൂരിലെ സാമൂഹിക പ്രവര്‍ത്തകര്‍ നല്‍കിയ പരാതി ഹൈക്കോടതിയും ബോര്‍ഡ്‌മെമ്പറും സാമൂഹ്യ നീതി ഓഫീസും നടത്തിയ അന്വേഷണത്തില്‍ സത്യമാണെന്ന് ബോധ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് അംഗീകാരം റദ്ദാക്കി പൂട്ടി സീല്‍ ചെയ്യാന്‍ തീരൂമാനിച്ചത്. പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടികളായിരുന്നു ഓര്‍ഫനേജിലെ അന്തേവാസികള്‍. ഇവരെ നിലമ്പൂര്‍ ജുവനൈല്‍ ഓഫീസര്‍മാരായ എ എസ് ഐ ജനാര്‍ദ്ദനന്‍, ഡബ്ല്യു സി പി ഒ സക്കീന എന്നിവര്‍ ഏറ്റെടുത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരാക്കി. വൈദ്യപരിശോധനക്കു ശേഷം കുട്ടികളെ അംഗീകാരമുള്ള സ്ഥാപനത്തിലേക്ക് മാറ്റാന്‍ കമ്മറ്റി ഉത്തരവിടുകയുമായിരുന്നു.