ഭൂമിയില്‍ അവകാശം ഉറപ്പിക്കാന്‍ പ്രായത്തിനും തളര്‍ത്താനാകാതെ കര്‍ഷകന്റെ പോരാട്ടം

Posted on: August 15, 2014 8:12 am | Last updated: August 15, 2014 at 8:12 am

കല്‍പ്പറ്റ: വിലകൊടുത്തുവാങ്ങിയ ഭൂമിയില്‍ അവകാശം ഉറപ്പിക്കാന്‍ എഴുപത്തിയഞ്ചാം വയസിലും കര്‍ഷകന്റെ പോരാട്ടം. തിരുനെല്ലി വില്ലേജിലെ അരണപ്പാറയിലുള്ള വാഴപ്ലാക്കല്‍ തോമസിന്റേതാണ് പ്രായത്തിനും തളര്‍ത്താനാകാതെ പ്രയത്‌നം. 21 വര്‍ഷമായി നികുതിനിഷേധം നേരിടുന്ന അദ്ദേഹത്തിനു ഒരാഗ്രഹം മാത്രം-വളരെ വൈകിയെങ്കിലും നീതി പുലര്‍ന്നതിന്റെ ചാരിതാര്‍ഥ്യത്തോടെ കണ്ണടയ്ക്കണം.
അരണപ്പാറയിലെ പി.പി.നാരായണനില്‍നിന്ന് സര്‍വേ നമ്പര്‍ 108/2 എയില്‍പ്പെട്ട മൂന്നു ഏക്കര്‍ ഭൂമിയാണ് 1974ല്‍ തോമസ് തീറാധാരം ചെയ്തുവാങ്ങിയത്. 1964ല്‍ സര്‍ക്കാര്‍ വിമുക്തഭട•ാര്‍ക്ക് അരണപ്പാറയില്‍ പതിച്ചുനല്‍കിയ 31 ഏക്കര്‍ ഭൂമിയുടെ ഭാഗമായിരുന്നു ഇത്. 1993 വരെ ഈ ഭൂമിയുടെ നികുതി തിരുനെല്ലി വില്ലേജ് ഓഫീസില്‍ സ്വീകരിച്ചതാണ്. പ്രദേശവാസികളടക്കം ചിലര്‍ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ചതോടെയാണ് നികുതിനിഷേധം നേരിടേണ്ടിവന്നത്. മുന്‍ കൈവശക്കാരനില്‍നിന്നു ഭൂമി തീറാധാരം ചെയ്തുവാങ്ങിയതിന്റേയും 19 വര്‍ഷം നികുതി അടച്ചതിന്റേയും രേഖകള്‍ ഹാജരാക്കിയിട്ടും വില്ലേജ് അധികാരികള്‍ നിലപാട് തിരുത്തിയില്ല.
മൂന്ന് ഏക്കര്‍ ഭൂമിയില്‍ ഏകദേശം മുക്കാല്‍ ഏക്കര്‍ മാത്രമാണ് നിലവില്‍ തോമസിന്റെ കൈവശം. ബാക്കി ഭൂമിയില്‍ 20 ഓളം ആളുകളാണ് അവകാശം ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് ആദിവാസികളടക്കം അഞ്ചു പേര്‍ കൈയേറിയ സ്ഥലത്ത് വീടുവെച്ച് കുടുംബസമേതം താമസിക്കുന്നുമുണ്ട്. വലതുകൈ മുട്ടിനുതാഴെ അറ്റുപോയ തോമസ് കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനു തുടങ്ങിവെച്ച നിയമയുദ്ധം എങ്ങുമെത്തിയില്ല. വിശ്വസിച്ച് കേസ് ഏല്‍പ്പിച്ച വക്കീലും കളംമാറി ചവിട്ടിയെന്ന് തോമസ് പറയുന്നു. ഭാര്യയും നാല് മക്കളും അടങ്ങുന്നതാണ് തോമസിന്റെ കുടുംബം. നീതി നടപ്പിലാകുമെന്ന പ്രതീക്ഷ മക്കളില്‍ പലര്‍ക്കുമില്ല. എന്നാല്‍ മറിച്ചാണ് തോമസിന്റെ ചിന്തകള്‍. അതിനാല്‍ത്തന്നെ ശാരീരികാവശത മറന്ന് ഒരുകെട്ട് പ്രമാണങ്ങളും ചുമന്ന് ഓഫീസുകള്‍ കയറിയിറങ്ങുകയാണ് അദ്ദേഹം. തന്റെ ദുര്യോഗം വിവരിക്കാനും പോരാട്ടത്തില്‍ മാധ്യമങ്ങളുടെ പിന്തുണതേടാനും തോമസ് കഴിഞ്ഞ നാളില്‍ കല്‍പ്പറ്റയിലെ വയനാട് പ്രസ്‌ക്ലബ്ബിലുമെത്തി.