ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ 20 മുതല്‍ അനിശ്ചിതകാലം പണിമുടക്കുന്നു

Posted on: August 15, 2014 8:10 am | Last updated: August 15, 2014 at 8:11 am

കല്‍പ്പറ്റ: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ 20 മുതല്‍ ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് വര്‍ക്കേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകള്‍ വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് ജൂണ്‍ ആദ്യവാരത്തില്‍ ജില്ലാ ലേബര്‍ ഓഫീസില്‍ നോട്ടീസ് നല്‍കുകയും ഡിഎല്‍ഒ തൊഴിലുടമകളും തൊഴിലാളി യൂനിയന്‍ പ്രതിനിധികളുമായും ചര്‍ച്ച നടത്തി.
എന്നാല്‍ തീരുമാനമാകാതെ പിരിയുകയാണുണ്ടായത്. ഇതിനിടയില്‍ തൊഴിലാളികളും തൊഴിലാളി യൂണിയന്‍ നേതാക്കളുമായി രണ്ടുതവണ ചര്‍ച്ച നിശ്ചയിച്ചിട്ടും ജില്ലയിലെ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ചര്‍ച്ചയില്‍ നിന്നും ഒഴിവാകുകയായിരുന്നു. തൊഴിലാളികളെ നിര്‍ബന്ധപൂര്‍വം സമരത്തിനു തള്ളിവിടുന്ന സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നത്. നോട്ടീസ് നല്‍കിയിട്ട് ഒന്നര മാസമായിട്ടും പ്രശ്‌നത്തില്‍ തീരുമാനമുണ്ടാവാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിന് നോട്ടീസ് നല്‍കിയത്. 2012ല്‍ തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിച്ച ശേഷം നിരവധി തവണ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചെങ്കിലും തൊഴിലാളികള്‍ക്ക് യാതൊരുവിധ ആനുകൂല്യങ്ങളും കൂട്ടിനല്‍കാന്‍ ഉടമകള്‍ തയാറായിട്ടില്ല. ജില്ലയിലെ ഭൂരിപക്ഷം തൊഴിലാളികളും രാവിലെ ആറുമുതല്‍ രാത്രി ഒമ്പതുവരെ ജോലിയെടുക്കുന്നവരാണ്. ന്യായമായ വേതനം ഇല്ലാതെ ഈ രംഗത്ത് തൊഴിലെടുക്കാന്‍ കഴിയാതെ തൊഴിലാളികള്‍ കൊഴിഞ്ഞുപോകുന്ന സ്ഥിതിയാണുള്ളത്.
ഈ സാഹചര്യത്തില്‍ 20 മുതല്‍ നടക്കുന്ന പണിമുടക്ക് വന്‍ വിജയമാക്കാന്‍ മുഴുവന്‍ തൊഴിലാളികളോടും സംയുക്ത യൂണിയന്‍ നേതാക്കളായ സന്തോഷ് ജി. നായര്‍, എം എസ് സുരേഷ് ബാബു, എന്‍ എം ആന്റണി, പി കെ കുഞ്ഞിമൊയ്തീന്‍, കെ ബി രാജുകൃഷ്ണ, സി കെ സുരേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.