കര്‍ഷക ദിനാഘോഷം നാളെ തുടങ്ങും

Posted on: August 15, 2014 7:20 am | Last updated: August 15, 2014 at 7:20 am

കോഴിക്കോട്: സംസ്ഥാന തല കര്‍ഷക ദിനാചരണവും കര്‍ഷക അവാര്‍ഡ് വിതരണവും നാളെ മുതല്‍ നാലു ദിവസങ്ങളിലായി കൃഷി, മൃഗസംരക്ഷണവകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട് ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ നടക്കും. നാളെ വൈകുന്നേരം 5 ന് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് കൃഷി വകുപ്പ് മന്ത്രി കെ പി മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പത്മശ്രീ ഡോ വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ് മുഖ്യമന്ത്രി സമ്മാനിക്കും. കേരകര്‍ഷകന്‍ അറുപതാം വാര്‍ഷിക വിശേഷാല്‍ പതിപ്പിന്റെ പ്രകാശനവും ഹരിതഗാഥ-ഹരിത സമൃദ്ധി ഡി വി ഡി പ്രകാശനവും ചടങ്ങില്‍ നടക്കും. മികച്ച ക്ഷീകര്‍ഷകനും, കര്‍ഷക തരിശുരഹിതപഞ്ചായത്തിനുമുള്ള അവാര്‍ഡ് വ്യവസായവകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വിതരണം ചെയ്യും. കേര കേസരി അവാര്‍ഡ് നഗരകാര്യവികസനമന്ത്രി മന്ത്രി മഞ്ഞളാംകുഴി അലിയും, കര്‍ഷകോത്തമ അവാര്‍ഡ് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബും സമ്മാനിക്കും. മികച്ച യുവകര്‍ഷകര്‍ക്കുള്ള കര്‍ഷക ഭാരതി അവാര്‍ഡ് യുവജനക്ഷേമവകുപ്പ് മന്ത്രി പി കെ ജയലക്ഷ്മിയും സമ്മാനിക്കും. ക്ഷീരവികസനവകുപ്പ് മന്ത്രി കെ സി ജോസഫ്, സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ എം കെ മുനീര്‍, മേയര്‍ പ്രൊഫ എ കെ പ്രേമജം, എം കെ രാഘവന്‍ എം പി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി, ജില്ലയിലെ എം എല്‍ എമാര്‍, കൃഷിവകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ എന്‍ എന്‍ ശശി, കൃഷിവകുപ്പ് ഡയറക്ടര്‍ ആര്‍ അജിത്കുമാര്‍, കാര്‍ഷികോത്പാദന കമ്മീഷണര്‍ സുബ്രത ബിശ്വാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കലക്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മന്ത്രി കെ പി മോഹനന്‍ അധ്യക്ഷത വഹിക്കും. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് 24 അവാര്‍ഡുകളും, മൃഗസംരക്ഷണത്തിന് നാലു അവാര്‍ഡുകളും, മണ്ണ് സംരക്ഷണത്തിന് നാലു അവാര്‍ഡുകളും മികച്ച പ്രകടനം നടത്തിയ കൃഷി-മണ്ണ് സംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് 18 അവാര്‍ഡുകളും ചടങ്ങില്‍ സമ്മാനിക്കും. നടി മഞ്ജുവാര്യര്‍ വിശിഷ്ടാതിഥിയായി സംബന്ധിക്കും.ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി മലബാറിന്റെ സാംസ്‌കാരികതനിമ വിളിച്ചോതുന്ന ദൃശ്യങ്ങള്‍ അണിനിരത്തിക്കൊണ്ട് വൈകുന്നേരം 3 മണിക്ക് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്നും പ്രദര്‍ശനനഗരിയിലേക്ക് ഘോഷയാത്ര നടത്തും. കര്‍ഷകര്‍, അഗ്രോസര്‍വ്വീസ് സെന്ററുകളിലെ കര്‍മ്മസേന, കുടുംബശ്രീ, ഗ്രീന്‍ ആര്‍മി, കാര്‍ഷിക കര്‍മ്മസേന, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന മാര്‍ച്ച് പാസ്റ്റും നടക്കും. മധുക്കുറുപ്പും സംഘവും അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, കനകദാസ് പേരാമ്പ്രയും സംഘവും അവതരിപ്പിക്കുന്ന ‘പൂമാതൈ പൊന്നമ്മ’ സംഗീതശില്‍ എന്നിവയും അരങ്ങേറും.മേളയോടനുബന്ധിച്ച് 16 മുതല്‍ 19 വരെ സര്‍ക്കാര്‍ വകുപ്പുകള്‍, ഗവേഷണസ്ഥാപനങ്ങള്‍, സഹകരണ-പൊതുമേഖലാ സ്ഥാപനങ്ങള്‍, കുടുംബശ്രീ, വാണിജ്യസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ 120 പ്രദര്‍ശന സ്റ്റാളുകള്‍ ഒരുക്കും. അപൂര്‍വ്വ ഇനം കന്നുകാലികളും വിവിധ ജനുസ്സുകളില്‍പെട്ട വളര്‍ത്തുമൃഗങ്ങളും പ്രദര്‍ശനത്തിനുണ്ടാവും. കലാസന്ധ്യയില്‍ ഗദ്ദിക, നടി നവ്യാനായരും സംഘവും അവതരിപ്പിക്കുന്ന നൃത്തശില്‍പം, തേജ് ബാന്റിന്റെ ഓര്‍ക്കസ്ട്ര, ജനപ്രതിനിധികളുടെ ഗാനമേള എന്നിവയുമുണ്ടാവും.18 ന് രാവിലെ 10 മണിക്ക് കാര്‍ഷിക സെമിനാര്‍ ക്ഷീരവികസനവകുപ്പ് മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും. 19 ന് വൈകുന്നേരം 5 മണിക്ക് സമാപനസമ്മേളനം വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. സമാപനചടങ്ങില്‍ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും നടക്കുമെന്ന് മന്ത്രി മോഹനന്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ കൃഷിവകുപ്പ് ഡയറക്ടര്‍ ആര്‍ അജിത്ത്കുമാര്‍, മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ എന്‍ എന്‍ ശശി, കെ ഡി സി പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ സംബന്ധിച്ചു.