Connect with us

Eranakulam

ക്യാന്‍സര്‍ രോഗികള്‍ക്കുള്ള വേദന സംഹാരിയുമായി രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കൊച്ചി: 550 ബ്രൂപ്‌റിനോര്‍ഫിന്‍ ആംപ്യൂളുകളുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി ജയരാജന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ കെ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കലൂരില്‍ നിന്നും കാസര്‍കോട് സ്വദേശിയായ ബിനു മാത്യു (36) എറണാകുളം സ്വദേശിയായ ബ്ലാക്കി എന്ന സുധീര്‍ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടു പേരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വില്‍ക്കുന്നവരും മുമ്പ് കേസുകളില്‍ പ്രതികള്‍ ആയിട്ടുള്ളവരുമാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബ്രൂഫിനോര്‍ഫിന്‍ നോര്‍ഫിന്‍ ഇനത്തില്‍പ്പെട്ട 500 ആംപ്യൂളുകളും പ്രോമത്തസൈന്‍ ഇനത്തില്‍പ്പെട്ട 31 ആംപ്യൂളുകളും ഡയസേഫാം ഇനത്തില്‍പ്പെട്ട 19 ആംപ്യൂളുകളുമാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്. ഇവ ക്യാന്‍സര്‍ രോഗികള്‍ക്ക് വേദന സംഹാരിയായി കുത്തിവെക്കുന്ന ഇന്‍ജക്ഷനാണ്.
ഇത്തരം ആംപ്യൂളുകള്‍ കേരളത്തില്‍ നിയമ പരിരക്ഷ ലഭിക്കാത്തതിനാല്‍ ഇവര്‍ ബ്ലാക്ക് മാര്‍ക്കറ്റിനെ ആശ്രയിക്കുന്നു. ബ്ലാക്ക് മാര്‍ക്കറ്റില്‍ ഒരു ആംപ്യൂളിന് 700 രൂപ മുതല്‍ 1000 രൂപ വരെയാണ് വില. 10 എണ്ണം ഉപയോഗിക്കുന്നവര്‍ക്ക് ചുരുങ്ങിയത് 7,000 രൂപ ഒരു ദിവസത്തേക്ക് വേണ്ടിവരും. അത് കണ്ടെത്തുക പ്രായോഗികമല്ലാത്തതിനാല്‍ ഇവര്‍ ഡല്‍ഹിയില്‍ പോയാണ് ഇത് വാങ്ങിക്കൊണ്ട് വരുന്നതെന്നും 21 രൂപ എം ആര്‍ പി ഉള്ള ബ്രൂഫ്‌നോര്‍ഫിന്‍ ആംപ്യൂള്‍ ഡല്‍ഹിയില്‍ 60 രൂപക്ക് കിട്ടുമെന്നും പ്രതികള്‍ പറയുന്നു. ഒരു തവണ 500 വരെ ആംപ്യൂളുകള്‍ ഡല്‍ഹിയില്‍ നിന്നും കൊണ്ടുവരും. ഒരു മാസത്തെ ഉപയോഗത്തിനു ശേഷം ബാക്കി വരുന്നത് വില്‍പ്പന നടത്തിയാണ് അടുത്ത തവണ പോയി വാങ്ങി വരുന്നതിനുള്ള പണം സമാഹരിക്കുന്നതെന്നും പ്രതികള്‍ പറഞ്ഞു.
ഒരു ആംപ്യൂള്‍ കൈവശം വെക്കുന്നത് പോലും ജാമ്യം കിട്ടാത്ത കുറ്റമാണെന്നിരിക്കെ ഇത്രയധികം ആംപ്യൂളുകള്‍ കൈവശം വെക്കുന്നത് വഴി 20 വര്‍ഷം വരെ കഠിന തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ശിക്ഷയായി കിട്ടാവുന്ന കുറ്റമാണ്.
ഒന്നാം പ്രതി ബിനു മാത്യു രണ്ട് കേസുകളില്‍ പെട്ടിട്ടുള്ളയാളാണ്. രണ്ടാം പ്രതി ബ്ലാക്കി സുധീര്‍ പല കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണ്.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ഡല്‍ഹിയില്‍ ഉള്ള ബോബി എന്ന ഹിന്ദിക്കാരനാണ് ഡല്‍ഹിയില്‍ നിന്നും ആംപ്യൂളുകള്‍ വാങ്ങിക്കൊടുക്കുന്നത്. പ്രതികളില്‍ നിന്നും ഇത് വാങ്ങുന്നവരുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം എറണാകുളം ജില്ലാ കോടതിയില്‍ ഹാജരാക്കും. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ വി എ ജബ്ബാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി ടി സുനീഷ് കുമാര്‍, എ എം കൃഷ്ണകുമാര്‍, വി എസ് ഷൈജു, മണി, പ്രദീപ്, സ്റ്റീഫന്‍, ഡ്രൈവര്‍ വില്‍സണ്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Latest