ഓണപ്പരീക്ഷക്ക് ഇനി പത്ത് ദിവസം പാഠപുസ്തകങ്ങള്‍ ലഭിക്കാതെ വിദ്യാര്‍ഥികള്‍

Posted on: August 14, 2014 10:12 am | Last updated: August 14, 2014 at 10:12 am

studentsവണ്ടൂര്‍: ഈ അധ്യയന വര്‍ഷത്തിലെ പാദവര്‍ഷിക പരീക്ഷ നടക്കാന്‍ ഇനി പത്ത് ദിവസം മാത്രം അവശേഷിക്കെ പാഠപുസ്തകങ്ങള്‍ ലഭിക്കാതെ നിരവധി വിദ്യാര്‍ഥികള്‍. നിരവധി സ്‌കൂളുകളില്‍ ഇതുവരെ പാഠപുസ്ത വിതരണം ഇനിയും കാര്യക്ഷമമായി നടന്നിട്ടില്ല. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണം ഇനിയും പൂര്‍ത്തിയായിട്ടില്ല. ഈ മാസം 25 മുതല്‍ സെപ്റ്റംബര്‍ നാലുവരെയാണു പരീക്ഷ. എന്നാല്‍ പാഠപുസ്തകം കാണാതെയാണ് പലരും പരീക്ഷ എഴുതാനൊരുങ്ങുന്നത്.
ഈ അധ്യയന വര്‍ഷം പുറത്തിറങ്ങിയ പരിഷ്‌ക്കരിച്ച പാഠപുസ്തകങ്ങളുടെ വിതരണമാണ് വൈകുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ പരിഷ്‌ക്കാന്‍ ഉദ്ദേശിക്കുന്ന ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ലഭിക്കാത്ത സ്‌കൂളുകള്‍ നിരവധിയുണ്ട്. ഓരോ സ്‌കൂളില്‍ അധികമുള്ളതും കിട്ടാത്തതുമായ പുസ്തകങ്ങളുടെ കണക്കെടുപ്പ് ഇപ്പോഴും തുടരുകയാണ്. മാറ്റം വരുത്തിയ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലെ പുസ്തകങ്ങളുടെ അച്ചടി നീണ്ടുപോയതാണു വിതരണത്തില്‍ കാലതാമസത്തിന് ഇടവരുത്തിയത്. വിതരണം ചെയ്ത ഏതാനും പാഠപുസ്തകങ്ങള്‍ ചില സ്‌കൂളുകളില്‍ അധികമായി കെട്ടികിടക്കുന്നതായി പരാതിയുണ്ട്.
അതെസമയം ചില സ്‌കൂളുകളില്‍ പാഠപുസ്തം തീരെ ലഭിച്ചിട്ടുമില്ല. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ഇടപെട്ടു കിട്ടാത്ത സ്‌കൂളുകളിലേക്കെത്തിച്ചു വിതരണം ചെയ്യാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പല ഉപജില്ലകളിലും ഈ പ്രവര്‍ത്തനം നടക്കുന്നില്ല.