പാറ ഖനന നിരോധം പിന്‍വലിച്ചു

Posted on: August 14, 2014 8:47 am | Last updated: August 14, 2014 at 8:47 am

quarry-629x424തിരുവനന്തപുരം: സംസ്ഥാനത്ത് പാറമടകളുടെ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധം താത്കാലികമായി പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 1.48 ലക്ഷം പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഓണക്കിറ്റ് വിതരണം ചെയ്യാനും നെല്ലുസംഭരണ വില 18ല്‍ നിന്ന് 19 ആക്കി ഉയര്‍ത്തിയത് ഈ സീസണിലെ ആദ്യഘട്ടത്തില്‍ സംഭരിച്ച നെല്ലിന് കൂടി ബാധകമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ നല്‍കിയ നിര്‍ദേശമനുസരിച്ചാണ് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് പാറമടകള്‍ ഉള്‍പ്പടെയുള്ള ചെറുകിട ധാതുഖനനത്തിന് നിരോധം ഏര്‍പ്പെടുത്തിയത്. മണല്‍ ഖനനത്തിന് മാത്രമാണ് ട്രൈബ്യൂണല്‍ നിരോധം ഏര്‍പ്പെടുത്തിയതെന്ന് കാണിച്ച് ഹൈക്കോടതി ഇത് സ്റ്റേ ചെയ്തിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഉത്തരവ് പിന്‍വലിക്കുന്നതെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹൈക്കോടതിയുടെ അന്തിമവിധിക്ക് വിധേയമായിരിക്കും തീരുമാനം.
നിരോധം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ഉടമകള്‍ സമരം പ്രഖ്യാപിച്ചതോടെ നിര്‍മാണ സാമഗ്രികള്‍ക്ക് ക്ഷാമം രൂക്ഷമാകുകയും നിര്‍മാണ മേഖല സ്തംഭിക്കുകയും ചെയ്തിരുന്നു.
പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റ് വിതരണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 8.25 കോടി രൂപ അനുവദിച്ചു. പത്ത്കിലോ അരിയും ആറിനം പലവ്യഞ്ജനങ്ങളും ഉള്‍പ്പെടുന്നതാവും കിറ്റ്. ഓണക്കിറ്റുകള്‍ പട്ടികവര്‍ഗ സങ്കേതങ്ങളില്‍ എത്തിക്കുന്നതിനാവശ്യമായ തുക പട്ടികവര്‍ഗ വികസന വകുപ്പില്‍ നിന്ന് അനുവദിക്കാന്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. നെല്ല് സംഭരണ വില 18 രൂപയില്‍ നിന്ന് 19 രൂപയാക്കി വര്‍ധിപ്പിക്കാന്‍ ഈവര്‍ഷം മാര്‍ച്ച് മൂന്നിനാണ് തീരുമാനിച്ചത്. സീസണിലെ രണ്ടാംഭാഗത്ത് സംഭരിച്ച നെല്ലിന് മാത്രമാണ് വര്‍ധിച്ച വില ലഭിച്ചത്. ആദ്യ ഭാഗത്ത് സംഭരിച്ച നെല്ലിന് കൂടി വര്‍ധിപ്പിച്ച നിരക്കിലുള്ള തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിന് നിവേദനം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 19 രൂപ കണക്കാക്കി കുടിശ്ശിക നല്‍കാന്‍ തീരുമാനിച്ചത്. ഇതുവഴി കര്‍ഷകര്‍ക്ക് 6.3 കോടി രൂപ കൂടുതല്‍ ലഭിക്കും.
കെ എസ് ആര്‍ ടി സി പെന്‍ഷന്‍, കുടിശ്ശിക ഉള്‍പ്പടെ ഓണത്തിന് മുമ്പ് കൊടുത്തുതീര്‍ക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.