ഇടുക്കി പാക്കേജ് പാഴായി; നഷ്ടമായത് 565 കോടി

Posted on: August 14, 2014 12:39 am | Last updated: August 14, 2014 at 12:39 am

ഇടുക്കി: കാര്‍ഷിക മേഖലക്ക് പുത്തനുണര്‍വ് നല്‍കുമെന്ന് പ്രതീക്ഷിച്ച ഇടുക്കി പാക്കേജ് ഇല്ലാതായി. ഇടുക്കി പാക്കേജ് തുടരുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്ര കൃഷി സഹമന്ത്രി സഞ്ജീവ്കുമാര്‍ ബെല്ല്യാണ്‍ പാര്‍ലമെന്റില്‍ മറുപടി നല്‍കിയ സാഹചര്യത്തില്‍ പാക്കേജ് അവസാനിച്ചിരിക്കുകയാണ്. ഇടുക്കിയിലെ സാധാരണ കൃഷിക്കാര്‍ക്ക് ലഭിക്കേണ്ട 565.83 കോടി രൂപയാണ് ഇതോടെ നഷ്ടമായത്. ഇടുക്കി പാക്കേജ് നഷ്ടപ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയാന്‍ തയ്യാറാകണമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എം പി ആവശ്യപ്പെട്ടു. യു പി എ സര്‍ക്കാരിന്റെ കാലത്തുതന്നെ 2013 നവംബറില്‍ അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ കാലാവധി നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിരുന്നുവെങ്കില്‍ പാക്കേജിന്റെ കാലാവധി നീട്ടിക്കിട്ടുമായിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്തില്ല. 2008 നവംബറില്‍ 764.45 കോടി രൂപ സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശയിന്മേലാണ് ഇടുക്കിക്കായി അനുവദിക്കപ്പെട്ടിരുന്നത്. ഇതില്‍ അഞ്ച് കൊല്ലം കൊണ്ട് ചെലവഴിച്ചത് ആകെ 198.62 കോടി രൂപ മാത്രമാണ്. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ഉദാസീനതയുമാണ് ഇതിനുപിന്നില്‍. 455.86 കോടി രൂപ തുകയായി എത്തുകയും അതില്‍ തന്നെ 250.72 കോടി രൂപ എപ്പോള്‍ വേണമെങ്കിലും ചെലവഴിക്കാമെന്ന തരത്തില്‍ ലഭിച്ചിട്ടും ചെലവഴിച്ചില്ല. ഇടുക്കിയിലെ കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ നിലപാടാണ് ഇതില്‍ വ്യക്തമാകുന്നതെന്നും എം പി പറഞ്ഞു.