Connect with us

Wayanad

ജില്ലയില്‍ 'ചൂടുവെള്ള വണ്ടി' യാത്ര തുടങ്ങി

Published

|

Last Updated

കല്‍പ്പറ്റ: മഴക്കാലത്ത് സര്‍വ്വസാധാരണമായ ജലജന്യ രോഗങ്ങളെ തടയുന്നതിന് തിളപ്പിച്ചാറിയ വെള്ളം ശീലമാക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റേയും ആരോഗ്യ കേരളത്തിന്റേയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന “ജലസുരക്ഷായാനം” പദ്ധതിയുടെ ഭാഗമായുള്ള സഞ്ചരിക്കുന്ന ചൂടുവെള്ള വണ്ടി യാത്രയാരംഭിച്ചു. മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ, വയറിളക്കം തുടങ്ങിയ ജലജന്യ രോഗങ്ങളെ തടയുവാന്‍ തിളപ്പിച്ചാറിയ ജലം കുടിക്കുന്നതിന് പ്രേരിപ്പിക്കാന്‍ വാഹനത്തില്‍ തന്നെ ജലം തിളപ്പിച്ച് കുടിക്കാന്‍ നല്‍കും എന്നതാണ് ചൂടുവെള്ള വണ്ടിയുടെ പ്രത്യേകത. നൂറിലധികം കേന്ദ്രങ്ങളില്‍ 23 വരെ ചൂടുവെള്ള വണ്ടി പ്രയാണവും ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും. ഈ കേന്ദ്രങ്ങളില്‍ ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പകര്‍ച്ചവ്യാധിക്കെതിരെ പ്രചരണ പരിപാടികളും സംഘടിപ്പിക്കും.

“ജലസുരക്ഷായാന”ത്തിന്റെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സില്‍വി തോമസ് നിര്‍വ്വഹിച്ചു. ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ മേരി ദേവസ്യ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. നീതാ വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആര്‍ സി.എച്ച്. ഓഫിസര്‍ ഡോ. വി ജിതേഷ്, അര്‍ബന്‍ ആര്‍.സി.എച്ച്. ഓഫിസര്‍ ഡോ. കെ എസ് അജയന്‍, ജില്ലാ മാസ്മീഡിയ ഓഫിസര്‍ സഗീര്‍ സുധീന്ദ്രന്‍, ഡെ. മാസ്മീഡിയ ഓഫിസര്‍മാരായ ബേബി നാപ്പള്ളി, ഹംസ ഇസ്മാലി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് യൂ കെ കൃഷ്ണന്‍, എംസിഎച്ച് ഓഫിസര്‍ പ്രസന്ന, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഗോപിനാഥന്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് അനൂപ് തുടങ്ങിയവര്‍ സംബന്ധിച്ചു. 23 ന് കല്‍പ്പറ്റയിലാണ് സമാപനം.

Latest