കേരളത്തില്‍ കാട്ടുകൊള്ളക്കാരുടെ ഭരണം: എ കെ ബാലന്‍

Posted on: August 13, 2014 10:33 am | Last updated: August 13, 2014 at 10:33 am

ak balanപാലക്കാട്: ജനങ്ങള്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുമ്പോള്‍ ഭരണകക്ഷി നേതാക്കള്‍ ബ്ലുഫിലിം അടക്കമുള്ള തട്ടിപ്പിലാണെന്ന് സി പി എം സംസ്ഥാന സെ്രകട്ടറിയറ്റ് അംഗം എ കെ ബാലന്‍ എം എല്‍ എ പറഞ്ഞു.
വിലക്കയറ്റത്തിനെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനത്ത് നടന്ന ജനപ്രതിനിധികളുടെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം ഭരിക്കുന്നവര്‍ കാട്ടുകൊള്ളയ്ക്കാണ് നേതൃത്വം നല്‍കുന്നത്.
അവരുടെ കൈമുതല്‍ അഴിമതിമാത്രമാണ്. കേരളത്തില്‍ ഭരണമുണ്ടോ എന്ന് കോടതിക്കുപോലും 42 തവണയായി ഈക്കാലയളവില്‍ ചോദിക്കേണ്ടിവന്നു. വികസനം മുഴുവനായി സ്തംഭിപ്പിച്ചു. നിര്‍മാണമേഖലയും നിശ്ചലമായി. ഖജനാവ് കാലിയാണ്. ഓണക്കാലത്ത് ശമ്പളം നല്‍കണമെങ്കില്‍ 1500 കോടി കടമെടുക്കണം. സാധനങ്ങളുടെ വിലക്കയറ്റം കാരണം പണിയെടുത്താല്‍ കിട്ടുന്ന പണം ആവശ്യത്തിന് തികയുന്നില്ല. അതിനിടയില്‍തൊഴിലവസരങ്ങളും ഇല്ലാതാവുന്നു.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഒന്നിനും പരിഹാരമില്ല. മന്ത്രിമാര്‍ക്ക് കൂട്ടുത്തരവാദിത്തമില്ല, മന്ത്രിസഭാ തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവാകുന്നില്ല. വിലനിയന്ത്രിക്കാന്‍ നടപടിയില്ല. ചീഫ്‌സെക്രട്ടറിയും ഐ എ എസുകാരും തമ്മില്‍ തര്‍ക്കം, ഡി ജി പിയും ചീഫ് സെക്രട്ടറിയും തമ്മില്‍ അഭിപ്രായവ്യത്യാസം.
പ്ലസ്ടു അനുവദിച്ചതിലാകെ അഴിമതി, നെല്ലിയാമ്പതിയില്‍ 917 ഏക്കര്‍ ഭൂമി സ്വകാര്യതോട്ടം ഉടമകള്‍ക്ക് നല്‍കി, പെന്‍ഷനുകള്‍ ഇല്ലാതാക്കി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ യോഗത്തില്‍ അധ്യക്ഷനായി. സി പി ഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ്‌രാജ്, ബാബുതോമസ് (എന്‍സിപി), ശിവപ്രകാശ് (കോണ്‍ഗ്രസ് എസ്), വി കെ വര്‍ഗീസ് (കേരള കോണ്‍ഗ്രസ്), ജബ്ബാറലി(ജനതാദള്‍), കെ എ രഘുനാഥ് (ഫോര്‍വേഡ് ബ്ലോക്ക്), മുരളീതാരേക്കാട് (സി എം പി), ശിവാനന്ദന്‍ (ജെ എസ് എസ്), മുഹമ്മദ് അലി ഓങ്ങല്ലൂര്‍ (ഐഎന്‍എല്‍),എം എല്‍എമാരായ വി ചെന്താമരാക്ഷന്‍, കെ എസ് സലീഖ എന്നിവരും സിപിഐ എം ജില്ല സെക്രട്ടറി സി കെ രാജേന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ഉണ്ണി, സി ടി കൃഷ്ണന്‍ പങ്കെടുത്തുഎല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ വി ചാമുണ്ണി സ്വാഗതവും കെ വി വിജയദാസ് എംഎല്‍എ നന്ദിയും പറഞ്ഞു.