മുറിയുടെ പേരില്‍ തൃണമൂലും തെലുഗു ദേശവും തമ്മില്‍ പൊരിഞ്ഞ തര്‍ക്കം

Posted on: August 13, 2014 6:00 am | Last updated: August 13, 2014 at 12:27 am
telungudesam
പേരെഴുതിയ നെയിംപ്ലേറ്റുകള്‍ താഴെ വീണ നിലയില്‍

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസും തെലുഗുദേശം പാര്‍ട്ടിയും തമ്മില്‍ പൊരിഞ്ഞ തര്‍ക്കം. രാഷ്ട്രീയമല്ല വിഷയം. പ്രശ്‌നം ഒരു മുറിയാണ്. പാര്‍ലിമെന്റ് മന്ദിരത്തിന്റെ ഒന്നാം നിലയിലെ അഞ്ചാം നമ്പര്‍ മുറി. ഇരുപക്ഷത്തിനും ഈ മുറി വേണം. വര്‍ഷങ്ങളായി ഇത് ടി ഡി പിയുടെ കസ്റ്റഡിയിലായിരുന്നു. ഈ മാസം ആറിന് അഞ്ചാം നമ്പര്‍ മുറി മമതാ ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് നല്‍കി. പകരം ടി ഡി പിക്ക് മുറി നല്‍കിയിരിക്കുന്നത് മൂന്നാം നിലയിലാണ്. മുപ്പത് വര്‍ഷമായി കൈവശം വെക്കുന്ന അഞ്ചാം നമ്പര്‍ മുറി ഒഴിയില്ലെന്ന വാശിയിലാണ് ടി ഡി പി.
പക്ഷേ തൃണമൂലുകാര്‍ വെറുതെയിരിക്കാന്‍ തയ്യാറല്ല. തെലുഗു ദേശക്കാരുടെ പേര് എഴുതി വെച്ച ബോര്‍ഡ് അവര്‍ ഇളക്കി മാറ്റി. ഇതോടെ ടി ഡി പി നേതാക്കള്‍ സ്പീക്കര്‍ സുമിത്രാ മഹാജന് കത്തെഴുതിയിരിക്കുകയാണ്. ഇന്നലെ തൃണമൂല്‍ നേതാക്കളായ സുദീപ് ബന്ധോപാധ്യായയും കല്യാണ്‍ ബാനര്‍ജിയും മുറി സന്ദര്‍ശിച്ച് തങ്ങളുടെ നെയിം പ്ലേറ്റുകള്‍ സ്ഥാപിച്ചു. ഉച്ചക്ക് 2.30ന് മുറിയില്‍ ഒരു യോഗം ചേരുകയും ചെയ്തു.
കൃത്യം അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ടി ഡി പി. എം പിമാരെത്തി. അവര്‍ ‘തൃണമൂല്‍’ നെയിംപ്ലേറ്റ് അഴിച്ചു മാറ്റി സ്വന്തം പേരുപലക സ്ഥാപിച്ചു. തൃണമൂലുകാര്‍ക്ക് സംസ്‌കാരമില്ലെന്ന് വൈ എസ് ചൗധരി മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ചു. ഇത്തരം സംസ്‌കാരശൂന്യമായ പെരുമാറ്റത്തിന് സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ’30 വര്‍ഷമായി ഈ മുറി കൈവശം വെക്കുന്നത് ഞങ്ങളാണ്. ചിലര്‍ വന്ന് നെയിം പ്ലേറ്റുകള്‍ അഴിച്ചു മാറ്റുകയായിരുന്നു. ഇത് ജനാധിപത്യവിരുദ്ധമാണ്- ടി ഡി പി ലോക്‌സഭാ എം പി നാരായണ റാവു പറഞ്ഞു. രാജ്യസഭയിലും ലോക്‌സഭയിലുമായി ടി ഡി പിക്ക് 25 എം പിമാര്‍ ഉണ്ട്.
എന്നാല്‍ തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ പറയുന്നത്. ലോക്‌സഭാ സെക്രട്ടേറിയറ്റ് ഡയറക്ടര്‍ ആയ ഡി എസ് മല്‍ഹ ഒപ്പിട്ട കത്ത് അവരുടെ കൈയിലുണ്ട്. 16ാം ലോക്‌സഭാ കാലയളവില്‍ അഞ്ചാം നമ്പര്‍ മുറി ടി എം സിക്ക് നല്‍കിയതായി ഈ കത്തില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ തീരുമാനമുള്ളപ്പോള്‍ ആ മുറിയില്‍ യോഗം ചേര്‍ന്നതില്‍ എന്താണ് തെറ്റെന്ന് അവര്‍ ചോദിക്കുന്നു.