Connect with us

Eranakulam

വിദ്യാഭ്യാസ മേഖല കാളച്ചന്തയായി: ബിനോയ് വിശ്വം

Published

|

Last Updated

കൊച്ചി: കേരളത്തിലെ വിദ്യാഭ്യാസ മേഖല കാളച്ചന്തയായി മാറിയിരിക്കുകയാണെന്ന് മുതിര്‍ന്ന സി പി ഐ നേതാവ് ബിനോയ് വിശ്വം. കേരള വിദ്യാഭ്യാസ സമിതി സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ മേഖല സംരക്ഷിക്കാനുള്ള സമരപരിപാടികള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ കേരള വിദ്യാഭ്യാസ സമിതിയുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പൊതു, ഉന്നത വിദ്യാഭ്യാസ മേഖലകള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ആശങ്കകളും കണ്‍വെന്‍ഷനില്‍ പങ്കുവെച്ചു. രണ്ട് മേഖലയും പൂര്‍ണമായും സ്വകാര്യ വത്കരിക്കാനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നീക്കത്തെക്കുറിച്ചും പാഠ്യപദ്ധതി വര്‍ഗീയ വത്കരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും കണ്‍വെന്‍ഷന്‍ ചര്‍ച്ച ചെയ്തു.
സ്‌കൂളുകള്‍ ലേലം ചെയ്ത് വില്‍ക്കുകയാണ്. മടിശ്ശീലയുടെ ഭാരം നോക്കിയാണ് സ്‌കൂളുകള്‍ അനുവദിച്ചത്. യു പി എ വിദ്യാഭ്യാസത്തെ കമ്പോളവത്കരിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്‍ ഡി എ അതിനെ വര്‍ഗീയവത്കരിക്കാന്‍കൂടി ശ്രമിച്ചെന്നും ബിനോയ് വിശ്വം പറഞ്ഞു. ഡോ. സെബാസ്റ്റ്യന്‍ പോള്‍ അധ്യക്ഷതവഹിച്ചു. കാലടി സംസ്‌കൃത സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ പ്രസാദ്, എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍, എ കെ എസ് ടി യു സംസ്ഥാന പ്രസിഡന്റ് ആര്‍ ശരത്ചന്ദ്രന്‍ നായര്‍, സംസ്ഥാന സെക്രട്ടറി എന്‍ ശ്രീകുമാര്‍, കെ ജി ഒ എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അജയ്കുമാര്‍, എ കെ പി സി ടി എ സംസ്ഥാന പ്രസിഡന്റ് ഡോ. പി സുകുമാരന്‍ നായര്‍, കെ എസ് ടി എ സംസ്ഥാന ജനറല്‍ സെക്രട്ടറി എ കെ ഉണ്ണികൃഷ്ണന്‍, ജില്ലാ സെക്രട്ടറി ടി വി പീറ്റര്‍ സംസാരിച്ചു.

Latest