Connect with us

Ongoing News

സേവന പരാതികള്‍ വര്‍ധിച്ചതായി ബേങ്കിംഗ് ഓംബുഡ്‌സ്മാന്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ബേങ്കിംഗ് സേവനങ്ങള്‍ സംബന്ധിച്ച പരാതികളുടെ നിരക്ക് ഉയര്‍ന്നതായി ബേങ്കിംഗ് ഓംബുഡ്‌സ്മാന്‍. മുന്‍വര്‍ഷത്തെ 124 പരാതികള്‍ ഉള്‍പ്പെടെ 2013-14 വര്‍ഷത്തില്‍ 2965 പരാതികള്‍ കൈകാര്യം ചെയ്തതായി ബേങ്കിംഗ് ഓംബുഡ്‌സ്മാന്‍ എ മാടസാമി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍വര്‍ഷം 2148 പരാതികള്‍ ലഭിച്ചപ്പോള്‍ ഈവര്‍ഷം പരാതികളുടെ എണ്ണത്തില്‍ 32.3 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2013-14ല്‍ ലഭിച്ച 2965 പരാതികളില്‍ 666 എണ്ണം സ്വീകാര്യയോഗ്യമല്ലാത്തവയായിരുന്നു. 1632 പരാതികളില്‍ ഒരു സേവന വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി.
സംസ്ഥാനത്ത് എസ് ബി ഐ, എസ് ബി ടി, കാനറാ ബേങ്ക് എന്നിവക്കെതിരേയാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്. യഥാക്രമം 552, 524, 197 പരാതികള്‍ വീതമാണ് ലഭിച്ച പരാതികളാണ് ലഭിച്ചത്. പരാതികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ 44.12 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. എസ് ബി ടി, കാനറാ ബേങ്ക്, എച്ച് ഡി എഫ് സി ബേങ്ക്, യൂനിയന്‍ ബേങ്ക് എന്നിവര്‍ക്കെതിരേയുള്ള പരാതികളുടെ എണ്ണവും വര്‍ധിച്ചു. അതേസമയം, ഐ സി ഐ സി ഐ ബേങ്കിനും ഫെഡറല്‍ ബേങ്കിനും എതിരായ പരാതികള്‍ കുറഞ്ഞതായും ഓംബുഡ്‌സ്മാന്‍ ചൂണ്ടിക്കാട്ടി. പ്രതിജ്ഞാബദ്ധതയിലെ വീഴ്ച പ്രകാരമാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്.
ഓംബുഡ്‌സ്മാന് പരാതി നല്‍കുന്നതിനു മുമ്പ് ബന്ധപ്പെട്ട ബേങ്കിനു നല്‍കണം. പരാതിക്ക് ഒരുമാസത്തിനുള്ളില്‍ മറുപടി ലഭിക്കാതിരിക്കുകയോ ബേങ്ക് പരാതി തള്ളിക്കളയുകയോ മറുപടി തൃപ്തികരമല്ലെങ്കിലോ, ഓംബുഡ്‌സ്മാനെ സമീപിക്കാം. റീജ്യനല്‍ റൂറല്‍ ബേങ്കുകളും ഷെഡ്യൂള്‍ഡ് ബേങ്കുകളും പ്രാഥമിക സഹകരണ ബേുങ്കുകളും ഓംബുഡ്‌സ്മാന്റെ പരിധിയില്‍പ്പെടും. സര്‍വീസ് സഹകരണ ബേങ്കുകളും ഇന്‍ഷ്വറന്‍സ് കമ്പനികളും ബേങ്കിതര ധനകാര്യസ്ഥാപനങ്ങളും പദ്ധതിയില്‍ പെടുന്നില്ല. പദ്ധതിയുടെ വിവരങ്ങള്‍ ആര്‍ ബി ഐയുടെ http://rbi.org.in/commonm-an/English/Scripts/”Against Bank.aspx ല്‍ ലഭ്യമാണ്. ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതിയ പരാതി ബാങ്കിങ് ഓംബുഡ്‌സ്മാന് സമര്‍പ്പിക്കാം.www. bankingombudsman.rbi.org.in ലൂടെ ഓണ്‍ലൈനായും bothiruvananthapuram@rbi.org.in എന്ന വിലാസത്തില്‍ ഇ-മെയിലായും ബേങ്കിംഗ് ഓംബുഡ്‌സ്മാന് പരാതി അയക്കാവുന്നതാണ്.ബേങ്കിങ് ഓംബുഡ്‌സ്മാന്‍ സെക്രട്ടറി ആര്‍ ഗോപീകൃഷ്ണന്‍ നായര്‍, മാനേജര്‍ ദാമോദരന്‍ തേവള്ളി, അസി. ജനറല്‍ മാനേജര്‍ ബി ശ്രീലത തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest