Connect with us

Wayanad

വന്യമൃഗ ശല്യം: കിസാന്‍ ജനത കര്‍ഷക രക്ഷായാത്ര നടത്തും

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയിലെ രൂക്ഷമായ വന്യമൃഗ ശല്ല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കിസാന്‍ ജനത ജില്ലാ കമ്മിറ്റി സെപ്തംബര്‍ ഒന്നുമുതല്‍ കര്‍ഷക രക്ഷായാത്രയും കലക്ടറേറ്റ് മാര്‍ച്ചും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് വന്യമൃഗ ശല്ല്യം രൂക്ഷമായിരിക്കുകയാണ്. ഇക്കാരണത്താല്‍ വനാതിര്‍ത്തിയില്‍ താമസിക്കുന്ന പല കുടുംബങ്ങളും കൃഷിയും വീടും ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് പാലായനം ചെയ്യുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കാട്ടാന 60പതിലധികം മനുഷ്യ ജീവനുകളാണ് അപഹരിച്ചത്. ഇതിലധികവും ആദിവാസികളും കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ട സാധാരണക്കാരുമാണ്. ഇവരുടെ കുടുംബങ്ങളില്‍ പലര്‍ക്കും ഇതുവരെ സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ധനസഹായമോ ആനുകൂല്ല്യങ്ങളോ ലഭിച്ചിട്ടില്ല. ഈ വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും വനാതിര്‍ത്തിയില്‍ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് കിസാന്‍ ജനത ഇത്തരത്തിലുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ജില്ലാഭാരവാഹികള്‍ പറഞ്ഞു.
സെപ്തംബര്‍ ഒന്നിന് പുല്‍പ്പള്ളിയില്‍ നിന്നാരംഭിക്കുന്ന കര്‍ഷക രക്ഷായാത്ര എസ്.ജെ.ഡി ജില്ലാ പ്രസിഡന്റ് കെ കെ ഹംസ ഉദ്ഘാടനം ചെയ്യും.
കിസാന്‍ ജനത ജില്ലാ പ്രസിഡന്റ് വി.പി വര്‍ക്കി നയിക്കുന്ന രക്ഷായാത്ര രണ്ടിന് വൈകുന്നേരം അഞ്ചു മണിക്ക് മുട്ടിലില്‍ സമാപിക്കും. മൂന്നിന് നടക്കുന്ന കലക്ടറേറ്റ് മാര്‍ച്ച് എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കിസാന്‍ ജനത സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.ഒ. ദേവസ്യ, ജില്ലാ പ്രസിഡന്റ് വി.പി. വര്‍ക്കി, സംസ്ഥാന സമിയിംഗം എം.കെ. ബാലന്‍, ജില്ലാ സെക്രട്ടറിമാരായ എന്‍.കെ. ബെന്നി, ഇ.പി. യാക്കോബ്, എം. ബാലകൃഷ്ണപിള്ള, പി.വി. വര്‍ദ്ധമാനന്‍ തുടങ്ങിയവര്‍ അറിയിച്ചു.

Latest