സംസ്ഥാന പാത കുരുതിക്കളമാകുന്നു

Posted on: August 12, 2014 10:23 am | Last updated: August 12, 2014 at 10:23 am

indian roadചങ്ങരംകുളം: തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചീറിപ്പായുന്ന സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് കടിഞ്ഞാണിടുവാന്‍ സ്ഥിരം സംവിധാനങ്ങളില്ലാത്തത് സംസ്ഥാന പാതയില്‍ നിരന്തര വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നു.
തൃശൂര്‍ ജില്ലയിലെ പൊരുമ്പിലാവിനും കുറ്റിപ്പുറത്തിനും ഇടയില്‍ അടുത്തിടെയുണ്ടായ വാഹനാപകടങ്ങളില്‍ നിരവധി പേര്‍ മരിക്കുകയും അനേകം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലാണ് ഏറെ അപകടങ്ങള്‍ക്കും കാരണമാകുന്നത്.  സ്വകാര്യ ബസുകളുടെ അമിത വേഗത നിയന്ത്രിക്കുന്നതിന് വേണ്ടി ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് ആരംഭിച്ച പഞ്ചിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടക്കത്തില്‍ തന്നെ നിലച്ചിരുന്നു.
വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനും അമിത വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനും വേണ്ടി സംസ്ഥാന പാതയിലുടനീളം സ്ഥാപിച്ച ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാണെന്നും ആക്ഷേപമുണ്ട്. സ്വകാര്യ ബസുകളെ സഹായിക്കുന്നതിന് വേണ്ടി ഇവ പ്രവര്‍ത്തന രഹിതമാക്കിയിരിക്കുകയാണെന്നാണ് ആരോപണം. സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ നിര്‍ബന്ധമാക്കിയിരുന്ന സ്പീഡ് ഗവേണര്‍ സംവിധാനം മുഴുവന്‍ വാഹനങ്ങളിലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.
നേരത്തെ കര്‍ശനമായി പരിശോധന നടന്നിരുന്ന സമയങ്ങളിലും സ്വകാര്യ ബസുകളിലെ സ്പീഡ് ഗവേര്‍ണര്‍ സംവിധാനത്തില്‍ കൃത്രിമം കാണിച്ചാണ് സര്‍വീസ് നടത്തിയിരുന്നത്. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ഏതാനും ദിവസങ്ങള്‍ മാത്രം നീണ്ടു നില്‍ക്കുന്ന പ്രഖ്യാപനങ്ങളും നടപടികളും വാഹന പരിശോധനയുമല്ലാതെ  സ്ഥിരമായി തടയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാത്തതാണ് അപകടങ്ങള്‍ തുടര്‍ക്കഥയാക്കുന്നത്.
കഴിഞ്ഞ ദിവസം നാല് പേരുടെ മരണത്തിന് ഇടയാക്കിയ കടവല്ലൂര്‍ ബസ് അപകടത്തിനും കാരണമായത് അമിത വേഗതയായിരുന്നു. ബസിന്റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈന്‍സസും റദ്ദാക്കുന്ന നടപടികളെ അതിജീവിക്കാനുള്ള പഴുതുകളും ഇവര്‍ കണ്ടെത്തിയിരിക്കുകയാണ്.  പൂക്കിപ്പറമ്പ് ബസ് അപകടത്തെ തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കിയ ബസ് ഡ്രൈവര്‍ പിന്നീട് കര്‍ണാടകയില്‍ നിന്നും ലൈസന്‍സ് എടുക്കുകയും വര്‍ഷങ്ങളോളം ഇതേ റൂട്ടില്‍ ബസ് ഓടിക്കുകയും ചെയ്തിരുന്നു.  മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ ഓടിച്ച ബസ് കോലിക്കരയില്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചതോടെയാണ് ഇയാളുടെ ലൈസന്‍സ് പോലീസ് പിടിച്ചതും പൂക്കിപ്പറമ്പ് അപകടത്തിലെ ഡ്രൈവറാണെന്ന് തിരിച്ചറിയുകയും ചെയ്തത്. സംസ്ഥാന പാതയില്‍ വാഹനാപകടങ്ങള്‍ ഇല്ലാതാക്കുന്നതിന് വേണ്ടി അമിത വേഗത നിയന്ത്രിക്കാന്‍ സ്ഥിരം സംവിധാനങ്ങള്‍ ഒരുക്കണമെന്നും തകരാറിലായി കിടക്കുന്ന നിലവിലെ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്നുമാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.