Connect with us

Malappuram

മൊബൈല്‍ ഷോപ്പുകളില്‍ മോഷണം; പതിനാറുകാരന്‍ അറസ്റ്റില്‍

Published

|

Last Updated

തിരൂരങ്ങാടി: ചെമ്മാട്ടെ രണ്ട് മൊബൈല്‍ ഷോപ്പുകളില്‍ നിന്നായി 18 മൊബൈല്‍ ഫോണുകളും ഒരുലാപ്‌ടോപും കവര്‍ന്ന കേസില്‍ പതിനാറ് വയസുകാരനെ തിരൂരങ്ങാടി പോലീസ് അറസ്റ്റ്‌ചെയ്തു.
കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയായ 16കാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ മേയ് 30ന് ചെമ്മാട് എറപറമ്പന്‍ പ്ലാസയിലെ സക്കീര്‍ ഹുസൈന്റെ കടയിലും ജംശീദിന്റെ കടയിലുമാണ് മോഷണം നടന്നത്.  കടയുടെ ഷട്ടര്‍ താഴ്ത്തി പള്ളിയിലേക്ക് ജുമുഅ നിസ്‌കാരത്തിന് പോയ തക്കം നോക്കിയാണ് മോഷണം. സക്കീര്‍ ഹുസൈന്റെ കടയില്‍നിന്ന് പത്ത് മൊബൈല്‍ ഫോണികളും ഒരു ലാപ്‌ടോപ്പും ജംശീദിന്റെ കടയില്‍ നിന്ന്  എട്ട് മൊബൈലുകളുമാണ് മോഷണം പോയത്. എല്ലാം വിലപിടിപ്പുള്ള ഫോണുകളായിരുന്നു. 209,000 രൂപയുടെ സാധനങ്ങളാണ് ഇവിടെനിന്നും കളവ്‌പോയത്. ഐ എം ഇ എയുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. മോഷ്ടിച്ച ലാപ്‌ടോപ്പും അഞ്ച് മൊബൈല്‍ ഫോണും കൂട്ടിലങ്ങാടിക്കടുത്തുള്ള ഒരുകടയില്‍ വില്‍പന നടത്തി.
ബാക്കിയുള്ളവ കോഴിക്കോട്, വടകര, മഞ്ചേരി എന്നിവിടങ്ങളിലുമാണ് വില്‍പന നടത്തിയിട്ടുള്ളത്. ലാപ് ടോപ്പും അഞ്ച് ഫോണുകളും പോലീസ് കണ്ടെടുത്തു. മൂന്നിയൂര്‍ കളിയാട്ടം നടക്കുന്ന ദിവസമായതിനാല്‍ ഇത് കാണാനാണ് ഇവിടെയെത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.  ബന്ധുവിനോടൊപ്പം കൂട്ടിലങ്ങാടിയില്‍ പഴയ ഫഌസ്‌കുകള്‍ നന്നാക്കി വില്‍പന നടത്തിവരികയാണ് ബാലന്‍. ഒരു മൊബൈല്‍ ഈ ബന്ധുവിനും ഒന്ന് സഹോദരനും നല്‍കിയതായി പോലീസ് പറഞ്ഞു. വിറ്റ് കിട്ടിയ പണവുമായി മാംഗ്ലൂര്‍ ഭാഗങ്ങളില്‍ സുഖജീവിതം നയിക്കുകയാണ് പ്രതിയുടെ പതിവ്. മറ്റ് മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മഞ്ചേരി ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി.