Connect with us

Gulf

റിയാദ് മാന്‍പവര്‍ കമ്പനിയില്‍ വന്ന മലയാളി തൊഴിലാളികള്‍ ദുരിതത്തില്‍

Published

|

Last Updated

റിയാദ്: ഫഹദ് അല്‍ റഷീദ് മാന്‍പവര്‍ കമ്പനിയിലേക്ക് വന്ന പതിമൂന്നോളം മലയാളി തൊഴിലാളികള്‍ നാല് മാസത്തോളമായി റിയാദില്‍ ലേബര്‍ ക്യാമ്പില്‍ ദുരിതജീവിതം തള്ളിനീക്കുന്നു. ഭക്ഷണമോ പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാനുള്ള സൗകര്യം പോലുമോ ഇല്ലാതെ എക്‌സിറ്റ് 18 സുലൈ ഇസ്തംബൂള്‍ സ്ട്രീറ്റിലുള്ള ലേബര്‍ ക്യാമ്പിലെ ഇടുങ്ങിയ മുറിയിലാണ് ഇവര്‍ കഴിയുന്നത്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലുള്ളവരാണ് തൊഴിലാളികള്‍. കോഴിക്കോട് അറേബ്യന്‍ ട്രാവല്‍സില്‍ നിന്നാണ് ഇവര്‍ വിസ സംഘടിപ്പിക്കുന്നത്. ടിക്കറ്റിനടക്കം 68 ആയിരം മുതല്‍ 80 ആയിരം വരെ ഇവര്‍ ട്രാവല്‍സില്‍ നല്‍കി. മെഡിക്കലിനുള്ള ചിലവ് വേറെയും ഇവര്‍ വഹിച്ചു. 800 റിയാല്‍ ശമ്പളവും താമസസൗകര്യവും ഭക്ഷണത്തിനായി മാസാന്തം 200 റിയാലും 4 മണിക്കൂര്‍ ഓവര്‍ടൈമും. ഇത് പ്രകാരം കോഫിഷോപ്പുകളില്‍ ജോലി. ഇതാണ് ട്രാവല്‍സുമായുള്ള കരാര്‍.

ഇതനുസരിച്ച് പതിമൂന്ന് പേരും 2014 മാര്‍ച്ച് 26 ന് ഗള്‍ഫ് എയര്‍ വിമാനത്തില്‍ കൊച്ചിയില്‍ നിന്നും പുറപ്പെട്ടു. റിയാദില്‍ ഇറങ്ങിയ ഇവരെ വിമാനത്താവളത്തില്‍നിന്നും കമ്പനി പ്രതിനിധിയായ ഈജിപ്ത്യന്‍ പൗരന്‍ സുലൈ ലേബര്‍ ക്യാമ്പിലെത്തിച്ചു. വന്ന് 23 ദിവസം കഴിഞ്ഞപ്പോള്‍ ഇഖാമ കിട്ടി.
റിയാദില്‍ എത്തിയത് മുതല്‍ താമസിക്കുന്നതിനടുത്ത് ടിഷ്യൂ പേപ്പര്‍ കമ്പനിയില്‍ പാക്കിംഗ് ജോലി ചെയ്തു. ഇഖാമ കിട്ടിയപ്പോള്‍ ചിലരെ തായിഫിലേക്കും ഹഫര്‍ അല്‍ബാത്തിനിലേക്കും കൊണ്ടുപോയി ജോലി ചെയ്യിപ്പിച്ചു. ബാക്കിയുള്ളവരെ മദ്രസകള്‍, മിലിട്ടറി ക്യാമ്പ് എന്നിവിടങ്ങളില്‍ ഫുഡ് സപ്ലൈ, കമ്പനിയുടെ വര്‍ക്‌ഷോപ്പ് ക്ലീനിംഗ്, ഫാക്ടറികളില്‍ ലോഡിങ്ങ്, അണ്‍ലോഡിങ്ങ് എന്നീ ജോലികള്‍ ചെയ്യിപ്പിച്ചുവെങ്കിലും ഭക്ഷണമോ ശമ്പളമോ ലഭിച്ചില്ല. ഹഫര്‍ അല്‍ ബാത്തിനിലേക്കും തായിഫിലേക്കും പോയ മൂന്ന് പേര്‍ക്ക് 500 റിയാല്‍ വീതം ലഭിച്ചു. സ്‌പോണ്‍സറെ നേരില്‍ കണ്ടിട്ടുമില്ല.
കമ്പനി പ്രതിനിധിയുമായി ആശയവിനിമയത്തിന് ഭാഷ തടസ്സമായതിനാല്‍ തൊട്ടടുത്തുള്ള അല്‍ ഹയാത്ത് കമ്പനിയിലെ മലയാളികളുടെ സഹായത്താല്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ കൃത്യമായ മറുപടി ലഭിച്ചില്ല. ഈ നിലക്ക് ശമ്പളവും ഭക്ഷണവും ഇല്ലാതെ ഞങ്ങള്‍ ജോലി ചെയ്യാനാഗ്രഹിക്കുന്നില്ല എന്നറിയിച്ചപ്പോള്‍ എല്ലാവരുടെയും ഇഖാമ വാങ്ങിവെച്ചു. തൊട്ടടുത്തുള്ള മലയാളി ഡ്രൈവര്‍മാര്‍ റിയാദ് കമ്പനി താമസസ്ഥലത്തുള്ളപ്പോള്‍ വല്ലപ്പോഴും കൊണ്ടുവന്നുതരുന്ന ഭക്ഷണം മാത്രമാണ് ആശ്രയം. ഇതിനിടയില്‍ നവോദയ പ്രവര്‍ത്തകര്‍ ബാബുജിയുടെ നേതൃത്വത്തില്‍ ഗ്യാസ് സിലിണ്ടര്‍ സംഘടിപ്പിച്ചുകൊടുത്തത് വലിയ ആശ്വാസമായി.
തുടര്‍ന്നാണ് ഇസ്്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്.) പ്രവര്‍ത്തകര്‍ ഇടപെടുന്നത്. ഐ.സി.എഫ് ഈ വിഷയം എംബസി വെല്‍ഫെയര്‍ വിഭാഗത്തിന്റെ ശ്രദ്ധയില്‍പെടുത്തി. എംബസി നിര്‍ദ്ദേശപ്രകാരം സൗദി തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെടുന്നതിനുമുമ്പ് പ്രശ്‌നപരിഹാരത്തിനായുള്ള ശ്രമം എന്ന നിലക്ക് കമ്പനി സ്‌പോണ്‍സറുമായി സംസാരിച്ചപ്പോള്‍ പതിമൂന്ന് പേര്‍ക്കും വിസക്കും ടിക്കറ്റിനുമായി നല്ലൊരു സംഖ്യ കമ്പനി ട്രാവല്‍സിന് കൈമാറിയിട്ടുണ്ടെന്നും അതും ഇഖാമക്ക് ചിലവായ തുകയും നല്‍കിയാല്‍ എക്‌സിറ്റടിച്ച് വിടാം എന്ന് പറഞ്ഞു. ശമ്പളത്തിന്റെ കാര്യം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ നാട്ടിലേക്കുള്ള ടിക്കറ്റുമായി വന്നാല്‍ ശമ്പളം നല്‍കാം എന്നു സമ്മതിച്ചു. ഇതനുസരിച്ച് നാട്ടില്‍ എസ്.വൈ.എസ് ഘടകം മുഖേന ട്രാവല്‍സുമായി ബന്ധപ്പെട്ടു. നിയമനടപടികളിലേക്ക് നീങ്ങും എന്നറിയിച്ചപ്പോള്‍ അവര്‍ കമ്പനിക്കുള്ള നഷ്ടപരിഹാരവും ബോംബെ വരെയുള്ള ടിക്കറ്റ് ചാര്‍ജ്ജും തരാം എന്ന് സമ്മതിച്ചു. ഇതനുസരിച്ച് ആഗസ്റ്റ് 23ന്റെ റിയാദ് ബോംബെ ഗള്‍ഫ് എയര്‍ വിമാനത്തില്‍ കയറ്റിവിടാനുള്ള ശ്രമത്തിലാണ് സാമൂഹ്യപ്രവര്‍ത്തകര്‍. ബോംബെയില്‍നിന്നും ട്രയിന്‍ മാര്‍ഗ്ഗവും ഇവരെ നാട്ടിലെത്തിക്കും.
ഇതിനിടയില്‍ ഒരാള്‍ക്ക് രോഗം മൂര്‍ച്ഛിച്ചു ലീവടിച്ച് നാട്ടില്‍പോയി. ബന്ധുവിന്റെ സഹായത്താലാണ് ടിക്കറ്റിനുള്ള ചിലവ് കണ്ടെത്തിയത്. നാട്ടില്‍പോവുന്നത് വരെയുള്ള ഇവരുടെ മുഴുവന്‍ ചെലവും ഐ.സി.എഫ്. സാന്ത്വനം ഫണ്ടില്‍നിന്നും കണ്ടെത്തുമെന്ന് ഐ.സി.എഫ്. ഭാരവാഹികള്‍ പറഞ്ഞു. ഒരാഴ്ചത്തേക്കുള്ള ഭക്ഷണസാധനങ്ങളുമായി ഐ.സി.എഫ്. സാന്ത്വനം വളണ്ടിയര്‍മാര്‍ ഇന്നലെ ഇവരെ സന്ദര്‍ശിച്ചു.
ക്യാമ്പ് സന്ദര്‍ശിച്ച സാമൂഹ്യപ്രവര്‍ത്തകരുടെ മുന്നില്‍ കഷ്ടപ്പാടിന്റെയും നാട്ടിലെ ദാരിദ്ര്യത്തിന്റെയും കരളലിയിപ്പിക്കുന്ന കഥകളാണ് ഇവര്‍ നിരത്തിയത്. പലരും പൊട്ടിക്കരഞ്ഞു. കൂട്ടത്തില്‍ മാവൂര്‍ സ്വദേശി വിനീഷ് ബോംബെയില്‍ നിന്നും നാട്ടിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് പറഞ്ഞു. ബോംബെയില്‍ തങ്ങി ജോലി തേടിപ്പിടിക്കാനാണ് ഉദ്ദേശ്യം എന്ന് പറഞ്ഞു. കമ്പനിയില്‍ നിന്നും ശമ്പളവും ട്രാവല്‍സില്‍നിന്നും ടിക്കറ്റും സംഘടിപ്പിച്ച് കുടുംബക്കാര്‍ക്കുള്ള പാരിതോഷികങ്ങളുമായി ഇവരെ യാത്ര അയക്കാനാണ് ജലീല്‍ മാട്ടൂലിന്റെ നേതൃത്വത്തിലുള്ള ഐ.സി.എഫ് സാന്ത്വനം പ്രവര്‍ത്തകരുടെ ശ്രമം. ഐ.സി.എഫ് പ്രവര്‍ത്തകരായ ഹുസൈന്‍ അലി കടലുണ്ടി, ഉമര്‍ പന്നിയൂര്‍, ഇഹിതിഷാം തലശ്ശേരി എന്നിവരും സഹായവുമായി രംഗത്തുണ്ട്.