ഗര്‍ഭിണിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവം: കാമുകന്‍ കസ്റ്റഡിയില്‍

Posted on: August 12, 2014 1:13 am | Last updated: August 12, 2014 at 1:13 am

പുല്‍പ്പള്ളി: പാക്കം നരിവയല്‍ വനത്തില്‍ ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകന്‍ പോലീസ് കസ്റ്റഡിയില്‍. പാക്കം കാട്ടുനായ്ക്ക കോളനിയിലെ ബാലകൃഷ്ണന്‍, ബിന്ദു ദമ്പതികളുടെ മകള്‍ അംബിക(20)യുടെ മരണവുമായി ബന്ധപ്പെട്ടാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ഇന്നലെ വൈകുന്നേരമാണ് അംബികയുടെ കാമുകനായ ശ്രീനു (23)വിനെ കസ്റ്റഡിയിലെടുത്തത്. പുല്‍പ്പള്ളി സി ഐ കെ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ശ്രീനുവിനെ കണ്ടെത്തിയത്. രാത്രി ഒമ്പത് മണിയോടെ പുല്‍പ്പള്ളി സ്റ്റേഷനിലെത്തിച്ചു. ഇന്ന് പ്രതിയെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തും.

അതേസമയം, യുവതിയുടെ മൃതദേഹം ഇന്നലെ രാവിലെ 11 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ യുവതി ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. മരണകാരണവും മറ്റും മനസ്സിലാക്കാന്‍ രാസപരിശോധനാ ഫലം കൂടി പുറത്തുവരണം. പുറമെ പരുക്കുകളൊന്നും കാണാനില്ല.
ഈ മാസം മൂന്നാം തീയതി മുതലാണ് അംബികയെ കാണാതായത്. മൂന്നു ദിവസം മുമ്പ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശ്രീനുവിനെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ കാണാതായി. കോളനിക്ക് 200 മീറ്റര്‍ അകലെയുള്ള വനത്തില്‍ പുതിയ മണ്‍കൂന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വനപാലകരെ വിവരമറിയിക്കുകയിയിരുന്നു. മണ്‍കൂന മാറ്റിയതോടെയാണ് കാലുകള്‍ പുറത്ത് കാണത്തക്ക നിലയില്‍ മൃതദേഹം കുഴിച്ചിട്ടത് കണ്ടെത്തിയത്. ചുരിദാര്‍ കണ്ടതോടെ ബന്ധുക്കള്‍ അംബികയാണെന്ന് ഉറപ്പിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെ സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ അബ്രഹാമിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.