ലോക്പാല്‍ നടപ്പാക്കുന്നതിന് കേന്ദ്രം മുഖ്യ പരിഗണന നല്‍കും

Posted on: August 12, 2014 12:36 am | Last updated: August 12, 2014 at 12:36 am

ന്യൂഡല്‍ഹി: അഴിമതിവരുദ്ധ ലോക്പാല്‍ ബില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കും. പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതാണ് ഇക്കാര്യം. നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ പൊതുപരാതി പരിഹാര വകുപ്പിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി. ബില്ലില്‍ വരുത്തേണ്ട ഭേദഗതികളടക്കമുള്ളവ ഉള്‍പ്പെടുത്തി വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറക്കായിരിക്കും ബില്‍ പാസാകുക.
ലോക്പാല്‍ കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്കും മറ്റ് അംഗങ്ങളെ നിയമിക്കുന്നതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സമിതിയാണ് ലോക്പാല്‍ കമ്മിറ്റിയിലെ അധ്യക്ഷനെയും അംഗങ്ങളെയും തിരഞ്ഞെടുക്കുക. അഴിമതിവിരുദ്ധ നിയമത്തില്‍ മാറ്റം വരുത്തുക, 1988ലെ അഴിമതി തടയല്‍ ബില്‍ 2013ല്‍ ഭേദഗതി വരുത്തല്‍ തുടങ്ങിയവയും സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്ന വിഷയങ്ങളാണ്.
നേരത്തെ യു പി എ സര്‍ക്കാര്‍ ലോക്പാലുമായി മുന്നോട്ടു പോയപ്പോള്‍ അതിലെ നിയമനങ്ങള്‍ സംബന്ധിച്ച് അന്ന് പ്രതിപക്ഷത്തായിരുന്ന ബി ജെ പി പ്രതിഷേധം ഉന്നയിച്ചിരുന്നു. പിന്നീട് ഇക്കാര്യത്തില്‍ അന്നത്തെ സര്‍ക്കാര്‍ ഏറെയൊന്നും മുന്നോട്ടു പോകുകയുണ്ടായില്ല. അന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി കമ്മിറ്റിയിലെ അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നത് ന്യായരഹിതമായാണെന്ന് ശക്തമായി വാദിച്ചിരുന്നു.
നിയമം പ്രാബല്യത്തില്‍ വന്നാല്‍ അഴിമതിക്കെതിരെ കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തയുമായിരിക്കും അന്വേഷണം നടത്തുക. ഈ വര്‍ഷം ജനുവരി ഒന്നിന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ലോക്പാല്‍ നടപ്പാക്കാന്‍ അനുമതി നല്‍കിയിരുന്നു.
2011 ഡിസംബറിലാണ് ബില്‍ ആദ്യമായി ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
അതേസമയം ലോക്പാല്‍ ബില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനങ്ങളൊന്നും ഇതുവരെ സര്‍ക്കാറെടുത്തിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.