Connect with us

International

''കരഞ്ഞുപറഞ്ഞിട്ടും ഗര്‍ഭിണികളെ പോലും യു എസ് സൈന്യം വെറുതെ വിട്ടില്ല''

Published

|

Last Updated

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തുന്ന ആക്രമണങ്ങളില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുന്നതായി ആംനസ്റ്റി ഇന്റര്‍നാഷനല്‍. ഈ മാസം 11ന് പുറത്തിറക്കിയ ഇതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് അമേരിക്കയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നത്.
2009 മുതല്‍ 2013 വരെയുണ്ടായ വ്യത്യസ്തങ്ങളായ 70 സംഭവങ്ങളില്‍ 10 എണ്ണം അന്വേഷണത്തിന് വിധേയമാക്കി. രാജ്യവ്യാപകമായി വിവിധ ആക്രമണങ്ങളില്‍ 50 കുട്ടികള്‍ ഉള്‍പ്പെടെ 140 നിരപരാധികളായ സാധാരണക്കാര്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെട്ട ആക്രമണ സംഭവങ്ങളില്‍ സാധാരണക്കാരായ ആളുകള്‍ക്ക് നേരിട്ട അപകടങ്ങളും മരണങ്ങളും ഞെട്ടിപ്പിക്കുന്നതാണെന്ന് റിപോര്‍ട്ടില്‍ ആംനസ്റ്റി ചൂണ്ടിക്കാട്ടുന്നു. സാധാരണക്കാരായ നിരപരാധികളെ അമേരിക്കന്‍ സൈനികര്‍ കൊന്നൊടുക്കിയ നിരവധി സംഭവങ്ങളുണ്ടായിട്ടും വെറും ആറ് കേസുകളില്‍ മാത്രമാണ് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അമേരിക്ക മുന്നോട്ടുവന്നത്.
2010 ഫെബ്രുവരിയില്‍ യു എസ് പ്രത്യേക സൈനിക വിഭാഗം ഖതബ ഗ്രാമത്തിലെ ഹാജി ശറഫുദ്ദീനിന്റെ വീട്ടില്‍ ഇദ്ദേഹത്തിന്റെ പേരക്കുട്ടിയുടെ ജന്മദിന ആഘോഷത്തിനിടെ റെയ്ഡ് നടത്തുകയും ഇതിനെ തുടര്‍ന്ന് ഗര്‍ഭിണികളായ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് സാധാരണക്കാരെ അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തുവെന്ന് ആംനസ്റ്റി കണ്ടെത്തി. റെയ്ഡ് കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ മൃതശരീരങ്ങളില്‍ നിന്നും ചുമരുകളില്‍ നിന്നും വെടിയുണ്ടകള്‍ നീക്കം ചെയ്യുകയും ചെയ്തു. കുടുംബാംഗങ്ങള്‍ കരഞ്ഞുപറഞ്ഞിട്ടും മെറ്റല്‍ ഉപകരണത്തിന്റെ സഹായത്തോടെ സ്ത്രീകളുടെ മൃതശരീരങ്ങളില്‍ നിന്ന് അമേരിക്കന്‍ സൈനികര്‍ വെടിയുണ്ടകള്‍ ഊരിയെടുത്തതായും ശറഫുദ്ദീന്‍ ആംനസ്റ്റിയോട് വെളിപ്പെടുത്തി. എന്നാല്‍, സ്ത്രീകള്‍ കൊല ചെയ്യപ്പെട്ടത് ദുരഭിമാനത്തിന്റെ ഭാഗമായിട്ടാണെന്നായിരുന്നു അമേരിക്കയുടെ വിചിത്രമായ വിശദീകരണം. അതേസമയം, മാധ്യമപ്രവര്‍ത്തകരുടെ അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിന്റെ ഉത്തരവാദിത്വം നാറ്റോ ഏറ്റെടുക്കുകയായിരുന്നുവെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അമേരിക്ക നടത്തുന്ന ആക്രമണങ്ങളില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെതിരെ അന്താരാഷ്ട്ര സമൂഹം ഇപ്പോഴും നിശ്ശബ്ദത പാലിക്കുകയാണ്. രാജ്യത്തെ പൗരന്‍മാര്‍ക്കിടയില്‍ വന്‍ ഭീതിയാണ് ഇത്തരം ആക്രമണങ്ങളിലുടെ അമേരിക്ക വിതക്കുന്നത്.

Latest