ആറില്‍ ഒരാള്‍ യു എ ഇയില്‍ വന്ധ്യത നേരിടുന്നതായി പഠനം

Posted on: August 11, 2014 7:28 pm | Last updated: August 11, 2014 at 7:28 pm

infertilityദുബൈ: യു എ ഇയില്‍ കഴിയുന്ന ആറില്‍ ഒരാള്‍ വീതം വന്ധ്യത നേരിടുന്നതായി പഠനം. വിവാഹിതരായാല്‍ കുടുംബം നിലനിര്‍ത്താന്‍ കുഞ്ഞുങ്ങള്‍ വേണമെന്നത് മനുഷ്യരുടെ പൊതുവിലുള്ള ആഗ്രഹമാണെന്ന് അടിവരയിട്ടാണ് പഠനം. എന്നാല്‍ രാജ്യത്ത് ആറില്‍ ഒന്നിനും ഗര്‍ഭം ധരിക്കുന്നതില്‍ പ്രതിസന്ധികള്‍ നേരിടുന്നതായി ഡി എച്ച് എ(ദുബൈ ഹെല്‍ത്ത് അതോറിറ്റി) വ്യക്തമാക്കി. ലോകാരോഗ്യ സംഘടന പുറത്തു വിട്ട വന്ധ്യതയുമായി ബന്ധപ്പെട്ട റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി എച്ച് എ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2010ലാണ് ലോക വ്യാപകമായി വന്ധ്യതയെക്കുറിച്ച് ലോകോരോഗ്യ സംഘടന വിവിധ മേഖലകളായി തിരിച്ച് പഠനം നടത്തിയത്.

30 വര്‍ഷം മുമ്പ് യു എ ഇയില്‍ ദമ്പതികള്‍ക്കിടയിലെ ശരാശരി കുട്ടികളുടെ എണ്ണം 4.4 ആയിരുന്നുവെങ്കില്‍ 1990 – 2010 കാലത്ത് ഇത് 1.7 ആയി ചുരുങ്ങിയിരിക്കയാണെന്ന് അബുദാബി ഹെല്‍ത്ത് അതോറിറ്റി 2012ല്‍ പുറത്തു വിട്ട റിപ്പോര്‍ട്ടും വെളിപ്പെടുത്തുന്നു. അതേസമയം, വിഷയത്തില്‍ അമിതമായ ഉത്കണ്ഠ ആവശ്യമില്ലെന്ന് ദുബൈയിലെ ബോണ്‍ ഹാള്‍ ക്ലിനിക് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഡേവിഡ് റോബേര്‍ട്ട്‌സണ്‍ വ്യക്തമാക്കി. 1978ല്‍ ലോകത്തിലെ ആദ്യ ടെസ്റ്റിയൂബ് ശിശുവിനെ സൃഷ്ടിച്ച യു കെ ക്ലിനിക്കുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ബോണ്‍ ഹാള്‍. വന്ധ്യതക്ക് ഇന്‍ വിര്‍ട്ടോ ഫെര്‍ട്ടിലൈസേഷന്‍(ഐ വി എഫ്) ചികിത്സയാണ് സ്ഥാപനം ഫലപ്രദമായി നടത്തിവരുന്നത്. വന്ധ്യതാ പ്രശ്‌നം അഭിമുഖീകരിക്കുന്നവരില്‍ 10 ശതമാനത്തിന് മാത്രമേ ചികിത്സയിലെ അവസാന മാര്‍ഗം വരെ പോകേണ്ടിവരൂ. മിക്കവരുടെയും പ്രശ്‌നങ്ങള്‍ ഡോക്ടറെ കണ്ടു മരുന്നു കഴിക്കുന്നതില്‍ അവസാനിക്കും. യു എ ഇയിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയില്‍ തുല്യ അളവിലാണ് വന്ധ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കണ്ടു വരുന്നത്. വന്ധ്യത അനുഭവിക്കുന്ന ദമ്പതികളിലോ, ഗര്‍ഭം ധരിക്കാന്‍ ബുദ്ധിമുട്ടുള്ള സ്ത്രീകളിലോ ഭര്‍ത്താവിന്റെയും ഭാര്യയുടെയും ആരോഗ്യകരമായ അവസ്ഥകള്‍ വിശകലനം ചെയ്യപ്പെടേണ്ടതാണെന്ന് ദുബൈ ഹെര്‍ബല്‍ ആന്‍ഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മറിയ അലോണ്‍സോ അഭിപ്രായപ്പെട്ടു. ആരോഗ്യകരമായി ഗര്‍ഭം ധരിക്കുന്നതിന് പ്രശ്‌നങ്ങളില്ലെന്ന് വിധി എഴുതപ്പെടുന്ന ദമ്പതികളുടെ കേസില്‍ ഉത്തരം പറയാന്‍ സയന്‍സിനും സാധിക്കാത്ത സ്ഥിതിയാണ്. ഇത്തരം കേസുകളില്‍ മരുന്നുകള്‍ പ്രയോജനം ചെയ്യില്ല. ഇത്തരക്കാരുടെ ജീവിത സാഹചര്യങ്ങളും രീതികളും സൂക്ഷ്മമായി പഠിച്ച് ജീവിത രീതികളിലും ഭക്ഷണം, വിശ്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചാല്‍ വന്ധ്യതക്ക് പരിഹാരം ഉണ്ടാക്കാന്‍ സാധിക്കും. ഒരാള്‍ എത്ര ഭക്ഷണം കഴിക്കുന്നു, എത്ര മണിക്കൂര്‍ ഉറങ്ങുന്നു എന്നീ കാര്യങ്ങള്‍ക്കും വന്ധ്യതാ ചികിത്സയില്‍ പ്രാധാന്യമുണ്ടെന്നും അവര്‍ പറഞ്ഞു.