മോദിയെ തിരുത്തി മോഹന്‍ ഭഗവത്

Posted on: August 11, 2014 3:49 pm | Last updated: August 11, 2014 at 4:12 pm

bhagawatന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന തിരുത്തി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് രംഗത്തെത്തി. ബിജെപിയുടെ വിജയശില്‍പി അമിത്ഷാ ആണെന്ന മോദിയുടെ പ്രസ്താവനയാണ് മോഹന്‍ ഭഗവതിനെ ചൊടിപ്പിച്ചത്. ബിജെപി വന്‍ വിജയം നേടിയത് ഏതെങ്കിലും വ്യക്തിയുടെ മാത്രം നേട്ടമല്ലെന്ന് അദ്ദേഹം പറഞ്ഞു.
സാധാരണ ജനം മാറ്റം ആഗ്രഹിച്ചത് കൊണ്ടാണ് വലിയ വിജയം നേടാനായതെന്ന് ഭഗവത് പറഞ്ഞു. ചിലര്‍ പറയുന്നു പാര്‍ട്ടിയുടെ മേന്‍മകൊണ്ടുണ്ടായ വിജയമാണെന്ന്. ചിലര്‍ പറയുന്നു ചില വ്യക്തികളുടെ വിജയമാണെന്ന്. എന്നാല്‍ ഇതു രണ്ടുമല്ല സാധാരണക്കാര്‍ മാറ്റം ആഗ്രഹിച്ചതുകൊണ്ടാണ് ഇത്ര വലിയ വിജയം നേടാനായത്. ഇതേ വ്യക്തികളും പാര്‍ട്ടിയും നേരത്തേയും ഇവിടെ ഉണ്ടായിരുന്നല്ലോ എന്തുകൊണ്ട് അപ്പോഴൊന്നും ഇതുപോലൊരു വിജയം നേടാനായില്ലെന്നും അദ്ദേഹം ചോദിച്ചു. ജനം തൃപ്തരായില്ലെങ്കില്‍ ഈ സര്‍ക്കാരിനേയും മാറ്റാന്‍ അവര്‍ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭുവനേശ്വറില്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോദിയുടെ പ്രസ്താവനയെ അദ്ദേഹം തള്ളിക്കളഞ്ഞത്.

ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന ബിജെപി നേതൃയോഗത്തിലാണ് പുതിയ അധ്യക്ഷനായ അമിത് ഷായെ നരേന്ദ്രമോദി പുകഴ്ത്തിയത്. തെരഞ്ഞെടുപ്പില്‍ രാജ്‌നാഥ് ക്യാപ്റ്റനായ ടീമിന്റെ മാന്‍ ഓഫ് ദിമാച്ച് അമിത് ഷാ ആണെന്നായിരുന്നു നരേന്ദ്ര മോദിയുടെ പ്രസ്താവന. ഇതു തിരുത്തിയാണ് ഇപ്പോള്‍ ആര്‍എസ്എസ് മേധാവി രംഗത്തെത്തിയിരിക്കുന്നത്.