എബോള: ഭീതി പരത്തി അഭ്യൂഹം

Posted on: August 11, 2014 6:43 am | Last updated: August 11, 2014 at 6:43 am

ebolaചെന്നൈ: എബോള വൈറസ് ബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളെ ഡിസ്ചാര്‍ജ് ചെയ്തു. പ്രാഥമിക പരിശോധനയില്‍ വൈറസ് ബാധിച്ചിട്ടില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നാണിത്. എബോള പടര്‍ന്ന ഗിനിയയില്‍ നിന്ന് ദുബൈ വഴി ചെന്നൈയിലെത്തിയയാളെയാണ് രോഗം ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തേനി സ്വദേശിയാണിയാള്‍. രക്ത പരിശോധനയില്‍ വൈറസ് ബാധിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്ന് ആശുപത്രിയിലെ ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. എസ് രഘുനന്ദന്‍ അറിയിച്ചു.
പശ്ചിമ ആഫ്രിക്കയിലെ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയരാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് തേനി സ്വദേശിയെയും പരിശോധിച്ചത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്രത്യേക വാര്‍ഡില്‍ കിടത്തിയാണ് പരിശോധനകള്‍ നടത്തിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തം പൂനെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലേക്ക് വിദഗ്ധ പരിശോധനക്കായി അയച്ചിരുന്നു.
ശനിയാഴ്ച വൈകീട്ട് 8.45നാണ് ഇയാള്‍ ചെന്നൈയിലെത്തിയത്. എബോള വ്യാപിച്ച രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവരെ വിമാനത്താവാളത്തില്‍ നിന്ന് തന്നെ പരിശോധനകള്‍ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. രോഗം വ്യാപിക്കാതിരിക്കാന്‍ രാജ്യങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
എബോള വൈറസ് പടരുന്നത് തടയുന്നതിനും മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. നമ്പര്‍: 011- 23061469, 23063205, 23061302.