Connect with us

Wayanad

മാവോയിസ്റ്റ് ഭീഷണി: ഗൂഡല്ലൂര്‍ വനമേഖലയില്‍ പരിശോധന നടത്തി

Published

|

Last Updated

ഗൂഡല്ലൂര്‍: മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന നടത്തി. ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ വനമേഖലയിലാണ് പരിശോധന നടത്തിയത്.
ഓവാലി പഞ്ചായത്തിലെ പെരിയശോല, എല്ലമല, സീഫോര്‍ത്ത്, പുലികുന്ദ, നാടുകാണി വനമേഖലകളിലാണ് പരിശോധന നടത്തിയത്. നീലഗിരി എസ് പി ശെന്തില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പോലീസ്, ദൗത്യസേന, വനംവകുപ്പ്, ക്രൈംബ്രാഞ്ച് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലമ്പൂര്‍ വനാതിര്‍ത്തിവരെ സംഘംപരിശോധന നടത്തി. ആദിവാസി ഗ്രാമങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. ദേവാല സി ഐ സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ പന്തല്ലൂര്‍, കാട്ടിമട്ടം, ഗ്ലന്‍ റോക്ക് വനമേഖലയിലും ചേരമ്പാടി സി ഐ വെറ്റിവേല്‍ മുരുകന്റെ നേതൃത്വത്തില്‍ ചേരമ്പാടി, കണ്ണന്‍വയല്‍, ചോലാടി, നായക്കന്‍ചോല വനമേഖലയിലും ഇന്നലെ പരിശോധന നടത്തിയിട്ടുണ്ട്. സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് നീലഗിരിയിലെ എല്ലാ അതിര്‍ത്തി വനങ്ങളിലും പരിശോധന നടത്തുന്നത്. ആയുധവുമായി ഒരുസംഘം നീലഗിരിയിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഘം എവിടെയോ ഒളിച്ചുതാമസിക്കുകയാണെന്നാണ് പോലീസ് സംശയിക്കുന്നത്.
നീലഗിരി വനമേഖലയില്‍ പരിശോധന തുടരുമെന്ന് എസ് പി അറിയിച്ചു. ഊട്ടിക്കടുത്ത മഞ്ചൂര്‍ മേഖലയിലാണ് ആദ്യം മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നത്. മഞ്ചൂര്‍ വനമേഖലയിലെ അപ്പര്‍ഭവാനി, കോരകുന്ദ, മുള്ളി, കിണ്ണകോരൈ തുടങ്ങിയ ഗ്രാമങ്ങളിലും ഇന്നലെ പരിശോധന നടത്തി. ദൗത്യ സേന എസ് ഐ ഹൈദരലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മഞ്ചൂര്‍ വനമേഖലയില്‍ സൈനിക വേഷത്തിലുള്ള തോക്കേന്തിയ ഏഴ് പേര്‍ നടന്നുപോകുന്നത് കണ്ടുവെന്ന് ആദിവാസികള്‍ വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഈ മേഖലയില്‍ തുടര്‍ച്ചയായി പരിശോധന നടത്തിവരികയായിരുന്നു. ഏഴ് പേരില്‍ രണ്ട് പേര്‍ സ്ത്രീകളും അഞ്ച് പേര്‍ പരുഷന്മാരുമാണെന്നാണ് വെളിപ്പെടുത്തിയിരുന്നത്. ഇവര്‍ മാവോയിസ്റ്റുകളാണെന്നാണ് പോലീസിന്റെ ബലമായ സംശയം. ഇവര്‍ ആദിവാസി ഗ്രാമങ്ങളിലെത്തി അവരില്‍നിന്ന് ഭക്ഷണം ശേഖരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

Latest