കാലവര്‍ഷത്തില്‍ 17 കോടിയോളം രൂപയുടെ കൃഷിനാശം

Posted on: August 10, 2014 10:22 am | Last updated: August 10, 2014 at 10:22 am

heavy-rain2കല്‍പ്പറ്റ: കേന്ദ്ര സംഘത്തിന്റെ വരവ് വെറും അനുഷ്ഠാനമെന്ന് വയനാടന്‍ കര്‍ഷകര്‍. നാലോ അഞ്ചോ പേരടങ്ങുന്ന ഉന്നതതല സംഘത്തെ ജില്ലയില്‍ കൊട്ടിഎഴുന്നള്ളിക്കാനുള്ള ചെലവ് പോലും മിക്കവാറും കിട്ടാറില്ല. അഥവാ കേന്ദ്രത്തില്‍ നിന്ന് ലഭിച്ചാല്‍ തന്നെ അത് ബന്ധപ്പെട്ട കര്‍ഷകരുടെ കൈകളില്‍ എത്തുന്നുമില്ല. ഇത്തവണ വേനല്‍ മഴയിലെ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം ജില്ലയില്‍ എത്തിയത് ജൂണ്‍ 14നായിരുന്നു.
ഉടന്‍ ശിപാര്‍ശ സമര്‍പ്പിക്കുമെന്ന നല്ലവാക്ക് പറഞ്ഞാണ് സംഘം ചുരമമിറങ്ങിയത്. പക്ഷെ ഇതുവരെ നഷ്ടപരിഹാരമൊന്നും കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. വേനല്‍ മഴയിലെ നാശത്തിന്റെ ചിത്രമെല്ലാം കൃഷിയിടത്തില്‍ നിന്ന് മാഞ്ഞശേഷം എത്തിയത് കൊണ്ടാവാം കാര്യമായ നാശനഷ്ടങ്ങള്‍ സംഘത്തിന് കാണാനും കഴിഞ്ഞിരുന്നില്ല. വേനല്‍ മഴയിലും കാറ്റിലും കൃഷി നശിച്ച നൂറ് കണക്കില്‍ കൃഷിക്കാര്‍ക്ക് ജില്ലയില്‍ ഇതുവരെ അഞ്ച് പൈസയുടെ സഹായം പോലും ലഭിച്ചിട്ടില്ല. കഴിഞ്ഞ വേനല്‍ മഴയുടേത് മാത്രമല്ല, കഴിഞ്ഞ മൂന്ന് വേനലിലെ മഴയിലും കാറ്റിലും നശിച്ച കൃഷിയുടെ നഷ്ട പരിഹാരം ജില്ലയിലെ കര്‍ഷകര്‍ക്ക് കുടിശികയാണ്. കാലവര്‍ഷത്തില്‍ കൃഷി നശിച്ചതിന്റെ നഷ്ടത്തിനും കര്‍ഷകരുടെ കാത്തിരുപ്പ് നീളുകയാണ്.
2012 മുതലുള്ള കൃഷിനാശത്തിന്റെ സഹായധന വിതരണം ഏറെക്കുറെ തകിടംമറിഞ്ഞ അവസ്ഥയാണ്. 2011ലെ നഷ്ടത്തിന്റെ ഒരു ഭാഗം ഏതാനും പേര്‍ക്ക് ലഭിച്ചു. ഭൂരിപക്ഷം പേര്‍ക്കും കിട്ടിയതുമില്ല. കുടിശികയായ നഷ്ടപരിഹാരം എന്ന് ലഭിക്കുമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തിട്ടമില്ല. ഇത്തവണ കാലവര്‍ഷത്തില്‍ ഇതുവരെ 17 കോടിയിലേറെ രൂപയുടെ കൃഷിനാശം ഉണ്ടായെന്നാണ് കണക്ക്. റോഡ്, വീട് തുടങ്ങിയവയുടെയെല്ലാം നഷ്ടം ഇതിന് പുറമെയാണ്. ആശ്വാസത്തിനായി ആരെയും കാത്തിരിക്കേണ്ടതില്ലെന്ന സന്ദേശമാണ് സഹായം യഥാസമയം നല്‍കാതെ സര്‍ക്കാര്‍ പരോക്ഷമായി പ്രകടമാക്കുന്നതെന്നാണ് കര്‍ഷകരുടെ പക്ഷം. ഇത്തവണ വേനല്‍ മഴയിലെ നാശനഷ്ടം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം പ്രധാനമായും കൃഷി, വീടുകള്‍, റോഡുകള്‍ തുടങ്ങിയവയ്ക്ക് സംഭവിച്ച നഷ്ടമാണ് വിലയിരുത്തിയത്. ബത്തേരി ഗസ്റ്റ് ഹൗസില്‍ നടത്തിയ അവലോകന യോഗത്തില്‍ ജില്ലയില്‍ സംഭവി ച്ച നാശനഷ്ടങ്ങള്‍ എ ഡി എമ്മിന്റെ നേതൃത്വത്തില്‍ ജില്ലാ തല ഉദ്യോഗസ്ഥര്‍ സംഘത്തിന് മുമ്പില്‍ വിവരിച്ചിരുന്നു. കൃഷി, വീടുകള്‍, റോഡുകള്‍ തുടങ്ങിയവയ്ക്ക് ആകെ 13 കോടിയോളം രൂപയുടെ നാശനഷ്ടം വേനല്‍മഴയില്‍ ജില്ലയില്‍ ഉണ്ടായെന്നായിരുന്നു കണക്ക്. നെന്മേനി, മീനങ്ങാടി, പൂതാടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍ സംഘാംഗങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. നഷ്ട പരിഹാരം സംബന്ധിച്ച കണക്കുകളടങ്ങിയ റിപ്പോര്‍ട്ട് പരമാവധി വേഗത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയാണ് സംഘം പോയത്. ഇതനുസരിച്ച് ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് നല്‍കിയതല്ലാതെ സഹായമൊന്നും കേന്ദ്രത്തില്‍ നിന്ന് ലഭിച്ചില്ല. കേന്ദ്ര കുടിവെള്ളം-ശുചിത്വ മന്ത്രാലയത്തിലെ ഡെപ്യൂട്ടി അഡൈ്വസര്‍ ജി ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ് നാലംഗ സംഘം ജില്ലയില്‍ എത്തിയിരുന്നത്. കേന്ദ്ര സംഘം വന്നുപോയാലും ഇല്ലെങ്കിലും വേനലിലിലും കാലവര്‍ഷത്തിലുമൊക്കെയുണ്ടാവുന്ന നാശനഷ്ടം കര്‍ഷകര്‍ സ്വയം വഹിക്കണമെന്നതാണ് വയനാട്ടുകാരുടെ അനുഭവം.