മണ്ണേങ്ങോട്-ഓടുപാറ ഹെല്‍ത്ത് സെന്റര്‍ റോഡ് സ്വകാര്യ വ്യക്തി അടച്ചതായി പരാതി

Posted on: August 9, 2014 11:13 am | Last updated: August 9, 2014 at 11:13 am

പട്ടാമ്പി: കാലങ്ങളായി നാട്ടുകാര്‍ ഉപയോഗിച്ചിരുന്ന റോഡ് അടച്ചതോടെ നെടുമ്പ്രക്കാട്, മണ്ണേങ്ങോട് നിവാസികള്‍ വഴിയില്ലാതെ ദുരിതത്തിലായി.
മാസങ്ങള്‍ക്ക് മുന്‍പ് റോഡ് സ്വകാര്യ വ്യക്തി കയ്യേറുകയും മുന്നൂറ് മീറ്ററോളം നീളത്തില്‍ കമ്പി വേലി കെട്ടി തെങ്ങ് വെച്ചുപിടിപ്പിച്ച് കാലങ്ങളായി ഉപയോഗിച്ചിരുന്ന പൊതുവഴി അടച്ചെന്നാണ് പരാതി. പൊതുവഴി തടസ്സപ്പെടുത്തിയതിനെതിരെ പഞ്ചായത്തില്‍ പരാതി കൊടുത്തെങ്കിലും നടപടിയുണ്ടായില്ല.
മണ്ണേങ്ങോട് നിന്നും നെടുമ്പ്രക്കാട്ടേക്കും തറുതലക്കുന്നിലേക്കും പോയിരുന്ന റോഡ് പുനസ്ഥാപിച്ച് പ്രദേശവാസികളുടെ ദുരിതത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ചു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ച് കിട്ടുന്നത് വരെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മണ്ണേങ്ങോട്, നെടുമ്പ്രക്കാട് സമര സമിതി ഭാരവാഹികളായ ഇ. എം ലക്ഷ്മണന്‍, വി രാമചന്ദ്രന്‍, എന്‍. ഉണ്ണികൃഷ്ണന്‍, കെ രാധാകൃഷ്ണന്‍ അറിയിച്ചു.
നെടുമ്പ്രക്കാട് റോഡിന് മുന്‍ പഞ്ചായത്ത് ഭരണസമിതി ഫണ്ട് അനുവദിച്ചതിന് രേഖകളുണ്ടെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ സമര്‍പ്പിച്ചിട്ടും റോഡ് ഇല്ലെന്ന് നിലവിലെ ഭരണസമിതി പറയുന്നത് ഭൂമാഫിയയെ സഹായിക്കാനാണെന്നും സമരസമിതി ഭാരവാഹികള്‍ ആരോപിച്ചു.
ആമയൂര്‍ നെടുമ്പ്രക്കാട്, ചേമ്പ്രക്കുന്ന് ഭാഗങ്ങളില്‍ ദേവസ്വം സ്വത്ത് ഉള്‍പ്പെടെ ഏക്കര്‍ കണക്കിന് സ്ഥലം ഭൂമാഫിയ കൈയേറിയിട്ടുണ്ടെന്നും പൊതുസ്വത്ത് തിരിച്ചുകിട്ടാന്‍ കോടതിയില്‍ പോകുമെന്നും ഇവര്‍ പറഞ്ഞു. അതേ സമയം നെടുമ്പ്രക്കാട് മണ്ണേങ്ങോട് ഭാഗത്ത് റോഡുണ്ടെന്നതിന് രേഖകളില്ലെന്ന് കൊപ്പം വില്ലേജ് ഓഫീസര്‍ പറഞ്ഞു. പന്തലങ്ങാട് ഭാഗത്ത് റോഡുള്ളതിന് പഞ്ചായത്തിലും രേഖയില്ലെന്ന് കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് കെ പി ധന്യയും അറിയിച്ചു.