തിരുവനന്തപുരത്തെ തോല്‍വി: സി ദിവാകരന്‍ അടക്കം മൂന്ന് നേതാക്കള്‍ക്കെതിരെ നടപടി

Posted on: August 9, 2014 6:15 pm | Last updated: August 11, 2014 at 6:40 am

cpi action

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സി പി ഐയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കൂട്ട അച്ചടക്ക നടപടി. ദേശീയ എക്‌സിക്യൂട്ടീവ് അംഗവും പാര്‍ട്ടി നിയമസഭാ കക്ഷി നേതാവുമായ സി ദിവാകരന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി രാമചന്ദ്രന്‍ നായര്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമ്മൂട് ശശി എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയമുള്‍പ്പടെയുള്ള കാര്യങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തിന് വീഴ്ച പറ്റിയതായി കൗണ്‍സില്‍ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ തീരുമാനമെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിനെ കൗണ്‍സില്‍ യോഗം താക്കീത് ചെയ്തു.
സംസ്ഥാന എക്‌സിക്യൂട്ടീവില്‍ നിന്ന് തരംതാഴ്ത്തപ്പെട്ട ദിവാകരന്‍ സംസ്ഥാന കൗണ്‍സിലില്‍ തുടരും. തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി സെക്രട്ടറി കൂടിയായിരുന്ന നിര്‍വാഹക സമിതിയംഗം പി രാമചന്ദ്രന്‍ നായരെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കാണ് തരം താഴ്ത്തിയത്. രാമചന്ദ്രന്‍ നായരെ ജനയുഗം സി എം ഡി സ്ഥാനത്തു നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ വെഞ്ഞാറമൂട് ശശിയെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ശശിക്ക് പകരം ജില്ലാ സെക്രട്ടറിയുടെ ചുമതല സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിനാണ്. ഒരാഴ്ചക്കകം പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കും.
കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെതിരെ രൂക്ഷ വിമര്‍ശമാണുയര്‍ന്നത്. തിരുവനന്തപുരത്തെ തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സെക്രട്ടറിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വിമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ യോഗത്തില്‍ വ്യക്തമാക്കി. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ആരോപണങ്ങളില്‍ ദുഃഖിതനാണെന്നും പന്ന്യന്‍ പറഞ്ഞു.
സംസ്ഥാന നേതൃത്വത്തിന് പുറമെ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും അച്ചടക്ക നടപടികളുണ്ടാകും. പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളില്‍ നിന്ന് വ്യതിചലിക്കുന്നവര്‍ ഏത് സ്ഥാനത്തുള്ളവരായാലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ ആര്‍ജവം കാണിക്കുന്ന പാര്‍ട്ടിയാണ് സി പി ഐ എന്ന് കൗണ്‍സില്‍ യോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ല. എന്ത് പ്രത്യാഘാതങ്ങളുണ്ടായാലും മൂല്യങ്ങളില്‍ വിട്ടുവീഴ്ച വരുത്താത്ത പാര്‍ട്ടിയാണ് സി പി ഐ. പാര്‍ട്ടിയുടെ ഏറ്റവും വലിയ ആസ്തി ജനങ്ങള്‍ക്കിടയിലുള്ള സല്‍പ്പേരാണ്. ഇതിന് കോട്ടം വരുത്താനിടയാക്കുന്ന ഒരു നടപടിയോടും പ്രവണതയോടും വിട്ടുവീഴ്ച ചെയ്യില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില മാധ്യമങ്ങള്‍ നടത്തിവരുന്ന പ്രചാരണം പാര്‍ട്ടിയെ പിന്തുണക്കുന്നവരില്‍ ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ചു വന്ന അവാസ്തവവും നിറംപിടിപ്പിച്ചതുമായ വാര്‍ത്തകള്‍ സംസ്ഥാന കൗണ്‍സില്‍ തള്ളിക്കളഞ്ഞു. തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിനിര്‍ണയത്തെയും എല്‍ ഡി എഫിനേറ്റ പരാജയത്തെയും സി പി ഐക്കെതിരായ കടന്നാക്രമണത്തിനുള്ള ഒരവസരമായി പാര്‍ട്ടിയുടെ എതിരാളികള്‍ ഉപയോഗപ്പെടുത്തി. പാര്‍ട്ടിക്കെതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് വ്യാപകമായ പ്രചാരണം നടത്തിയതായും കൗണ്‍സില്‍ യോഗം വിലയിരുത്തി.
അതേസമയം, കൗണ്‍സിലില്‍ രാജിസന്നദ്ധത പ്രകടിപ്പിച്ചെന്ന വാര്‍ത്തകള്‍ പന്ന്യന്‍ രവീന്ദ്രന്‍ നിഷേധിച്ചു. സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. സെക്രട്ടേറിയറ്റിനെ ശാസിക്കാന്‍ തീരമാനിച്ചിട്ടില്ല. അത്തരം നടപടികള്‍ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. പരസ്യപ്പെടുത്താനാകില്ല. സി ദിവാകരനെതിരായ നടപടികള്‍ സ്വീകരിക്കേണ്ടത് ദേശീയ നേതൃത്വമാണ്. സംസ്ഥാന ഘടകത്തിന്റെ തീരുമാനം ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് ചെയ്യും. ദിവാകരന്‍ സി പി ഐ നിയമസഭാ കക്ഷി സ്ഥാനത്ത് തുടരുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.