അനധികൃത കച്ചവടം: മത്സ്യം പിടിച്ചെടുത്ത് ലേലം ചെയ്തു

Posted on: August 9, 2014 9:00 am | Last updated: August 9, 2014 at 9:00 am

രാമനാട്ടുകര: അങ്ങാടിയില്‍ വിവിധ സ്ഥലങ്ങളില്‍ അനധികൃതമായി കച്ചവടം നടത്തിയ മത്സ്യം പിടിച്ചെടുത്തു. പിടിച്ചെടുത്ത മത്സ്യം ഗ്രാമ പഞ്ചായത്ത് അധികൃതര്‍ പഞ്ചായത്ത് മാര്‍ക്കറ്റില്‍ വെച്ച് ലേലം ചെയ്തു വിറ്റു. ദേശീയപാതക്കരുകില്‍ ചെത്തുപ്പാലം, തോട്ടുങ്ങല്‍ എന്നിവിടങ്ങളില്‍ നിന്നായി 22 പെട്ടി മത്സ്യം പിടിച്ചെടുത്ത് നാല്‍പ്പതിനായിരം രൂപക്കാണ് ലേലം ചെയ്തത്. പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് അധികൃതരും നല്ലളം സി ഐ. കെ എം ഷാജിയുടെ നേതൃത്വത്തില്‍ പോലീസും സന്നിഹിതരായിരുന്നു.
അങ്ങാടിയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലിനജലം അങ്ങാടിയിലെ ഓടയിലേക്ക് ഒഴുക്കുന്നതിനെതിരെ നടപടി എടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പുറമെ ഓംബുഡ്‌സ്മാനും പ്രശ്‌നത്തില്‍ ഇടപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ നടപടിക്കൊരുങ്ങിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഹംസക്കോയ പറഞ്ഞു.