അന്തര്‍ സംസ്ഥാന വാഹന മോഷണ സംഘം പിടിയില്‍

Posted on: August 9, 2014 8:30 am | Last updated: August 9, 2014 at 8:30 am

ചങ്ങരംകുളം: കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി അന്‍പതില്‍ പരം വാഹന മോഷണങ്ങള്‍ നടത്തിയ അന്തര്‍ സംസ്ഥാന ബന്ധമുള്ള വന്‍ മോഷണ സംഘത്തെ ചങ്ങരംകുളം എസ് ഐ ശശീന്ദ്രന്‍ പിടികൂടി.
വാഹന മോഷണ സംഘത്തിലെ പ്രധാനിയായ നിലമ്പൂര്‍ ചെമ്പ്രശ്ശേരി സ്വദേശി ബശീര്‍ (38) തൃശൂര്‍ ചാവക്കാട് അകലാട് സ്വദേശി സുലൈമാന്‍ (40), കാസര്‍കോട് സ്വദേശി ശിഹാബ് (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സ്ഥലങ്ങളില്‍ നിന്നായി അന്‍പതില്‍ പരം മോഷണ കേസുകളില്‍ പ്രതികളാണ്. പാലക്കാട്, മലപ്പുറം, തൃശൂര്‍, പൊന്നാനി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിരവധി മോഷണ കേസുകള്‍ ഇവര്‍ നടത്തിയതായി പോലീസ് പറഞ്ഞു. കേരളത്തില്‍ നിന്നും മോഷ്ടിക്കപ്പെടുന്ന വാഹനങ്ങള്‍ കര്‍ണാടകത്തിലെ മംഗലാപുരത്തും തമിഴ്‌നാട്ടിലെ മധുരയിലേക്കുമാണ് കടത്തികൊണ്ടുപോയിരുന്നത്. മറ്റു പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി എസ് ഐ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മധുരയിലും മംഗലാപുരത്തും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ വെള്ളിയാഴ്ച പൊന്നാനി കോടതിയില്‍ ഹാജരാക്കി. പതിനഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥരായ രാജേഷ്, വിനോദ്, പ്രമോദ്, അസീസ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.