ഒഴുക്കില്‍പ്പെട്ട് പാക്കിസ്ഥാനിലെത്തിയ സൈനികന്‍ തിരിച്ചെത്തി:’അവര്‍ എന്നോട് മാന്യമായി പെരുമാറി’

Posted on: August 9, 2014 1:20 am | Last updated: August 9, 2014 at 1:20 am
JAWAN
ഒഴുക്കില്‍പ്പെട്ട് പാക്കിസ്ഥാനിലെത്തിയ ബി എസ് എഫ് സൈനികന്‍ സത്യശീല്‍ യാദവ് ജമ്മുവില്‍ തിരിച്ചെത്തി പത്രസമ്മേളനത്തിനായി എത്തുന്നു

ന്യുഡല്‍ഹി: ഛിനാബ് നദിയിലെ ശക്തിയായ ഒഴുക്കില്‍പ്പെട്ട് പാക്കിസ്ഥാനിലെ സിയാല്‍കോട്ടില്‍ പാക്ക് റെയ്ഞ്ചര്‍മാരുടെ കൈയില്‍പെട്ട ബി എസ് എഫ് ജവാന്‍ സത്യശീല്‍ യാദവിനെ പാക്ക് അധികൃതര്‍ ഇന്ത്യക്ക് കൈമാറി.
അതിര്‍ത്തിയില്‍ ജമ്മു സെക്ടറിലെ ക്രോസിംഗില്‍വെച്ച്് ഇന്നലെ വൈകീട്ട് 4. 18നാണ് യാദവിനെ അദ്ദേഹത്തിന്റെ ബറ്റാലിയന്‍ കമാന്‍ഡര്‍ വരേഷ് സിംഗ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഛിനാബിലെ ശക്തിയായ കുത്തെഴുക്കില്‍ പെട്ട ബി എസ് എഫ് ജവാനെ പാക്ക് റെയ്ഞ്ചര്‍മാര്‍ രക്ഷപ്പെടുത്തിയത്.
മോചിതനാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പാക്കിസ്ഥാനിലെ സിയാല്‍കോട്ടില്‍ യാദവ് പത്രസമ്മേളനം നടത്തി. ഛിനാബ് നദിയില്‍ നിന്ന് തന്നെ രക്ഷിച്ച റെയ്ഞ്ചര്‍മാരില്‍ നിന്ന് തനിക്ക് മോശമായ അനുഭവമൊന്നും ഉണ്ടായില്ലെന്നും താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു, ‘ഞാന്‍ നല്‍കിയ വിശദീകരണം അവര്‍ അംഗീകരിച്ചു. കഴിവിന്റെ പരമാവധി അവര്‍ സഹായിച്ചു. പ്രതീക്ഷിച്ചതിലും നന്നായി എന്നോട് പെരുമാറി. എനിക്ക് പരാതികളൊന്നുമില്ല. ഞാന്‍ സന്തോഷവാനാണ് ‘ -30കാരനായ യാദവ് പറഞ്ഞു.
വാട്ടര്‍ പട്രോളിംഗിനിടയില്‍ ബോട്ടിന് യന്ത്രത്തകരാറനുഭവപ്പെട്ടു. കൂടെ ഉണ്ടായിരുന്ന മൂന്ന് സഹപ്രവര്‍ത്തകര്‍ നീന്തി കര പറ്റി. നീന്തല്‍ വശമില്ലാതിരുന്നതിനാല്‍ താന്‍ ഒഴുക്കില്‍ പെട്ട് പാക്കിസ്ഥാനിലെ സിയാല്‍കോട്ട് പ്രദേശത്തെ ബജ്വാത് ഗ്രാമത്തിലെത്തി. അപ്പോഴേക്കും പാക്ക് റെയ്ഞ്ചര്‍മാര്‍ തന്റെ രക്ഷക്കെത്തിയെന്ന് യാദവ് പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറും പാക്ക് അധികൃതരും സത്വരം നടപടികളെടുത്തു.
ഇത്ര പെട്ടെന്ന് തന്റെ മോചനം സാധ്യമായത് ഇരുപക്ഷവും നയതന്ത്രപരമായി നീങ്ങിയതിനാലാണെന്നും സത്യശീല്‍ യാദവ് പറഞ്ഞു.