Connect with us

Kollam

വാതക ചോര്‍ച്ച അട്ടിമറിയാണെന്നതിന് കൂടുതല്‍ തെളിവുകള്‍

Published

|

Last Updated

കൊല്ലം: ചവറ കെ എം എം എല്ലിലെ വാതക ചോര്‍ച്ച അട്ടിമറിയാണെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. വിഷവാതകം ചോര്‍ന്ന് അസ്വസ്ഥത ഉണ്ടായെന്ന പേരില്‍ ചികിത്സ തേടിയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരത്തു നിന്നുള്ള മെഡിക്കല്‍ സംഘമാണ് കുട്ടികളെ പരിശോധിച്ചത്. കുട്ടികള്‍ക്ക് വേണ്ടത് കൗണ്‍സലിംഗ് മാത്രമാണെന്നും വിദഗ്ധ സംഘം നിര്‍ദേശിച്ചു.

സ്‌കൂള്‍ പരിസരത്ത് നേരത്തേ ആംബുലന്‍സുകള്‍ ഉണ്ടായിരുന്നതായും സംഭവം നടക്കുന്ന ദിവസങ്ങളില്‍ പരിചയമില്ലാത്ത കുറച്ച് ആളുകളെ പരിസരത്ത് കണ്ടിരുന്നതായും വാതക ചോര്‍ച്ചയെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികള്‍ പറഞ്ഞു. ക്ലാസില്‍ കയറേണ്ടെന്ന് അധ്യാപകര്‍ പറഞ്ഞതായും കുട്ടികള്‍ വെളിപ്പെടുത്തി. സ്വകാര്യ കരിമണല്‍ ലോബിയെ സഹായിക്കാന്‍ നടത്തിയ നാടകമാണ് വാതക ചോര്‍ച്ചയെന്ന ആരോപണം കൂടുതല്‍ ശക്തമായിട്ടുണ്ട്. പൂട്ടിക്കിടന്ന പ്ലാന്റില്‍ നിന്ന് സ്വാഭാവിക വാതക ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് ഫാക്ടറിയില്‍ പരിശോധന നടത്തുന്ന ശാസ്ത്രജ്ഞരുടെ സംഘം വിലയിരുത്തിയിട്ടുണ്ട്. പ്രവര്‍ത്തനം നിര്‍ത്തിവെച്ച കെ എം എം എല്ലിലെ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന സിന്തറ്റിക്ക് റൂടൈല്‍ ഇപ്പോള്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത് സ്വകാര്യ കരിമണല്‍ കമ്പനിയായ സി എം ആര്‍ എല്ലില്‍ മാത്രമാണ്. കെ എം എം എല്ലിന്റെ പ്രവര്‍ത്തനം നിലക്കുന്നതോടെ 45,000 രൂപ നിര്‍മാണ ചെലവ് വരുന്ന സിന്തറ്റിക്ക് റൂടൈല്‍ സി എം ആര്‍ എല്ലില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപയില്‍ വങ്ങേണ്ടതായി വരും. കരിമണല്‍ ഖനനത്തിന് അനുമതി ആവശ്യപ്പെട്ടുകൊണ്ട് സ്വകാര്യ കമ്പനികള്‍ നേരത്തെ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കെ എം എം എല്ലിനെതിരെയായ കേസ് ഗ്രീന്‍ ട്രൈബ്യൂണല്‍ അടുത്ത മാസം പരിഗണിക്കാനിരിക്കെയാണ് ഇപ്പോഴുണ്ടായ വാതക ചോര്‍ച്ച. ഇത് സംബന്ധിച്ച ഹരജി ഹരിത ട്രൈബ്യൂണല്‍ അടുത്ത മാസം 26നാണ് പരിഗണിക്കുക. ജൂലൈ പതിനൊന്നിന് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കിയാല്‍ കമ്പനിയിലെ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാനാവുമെന്ന് ഹരജിക്കാര്‍ ട്രൈബ്യൂണലിനെ അറിയിച്ചു. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സര്‍ക്കാറിനും കെ എം എം എല്ലിനും ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി. പരിസ്ഥിതി പ്രവര്‍ത്തകനായ ജോയ് കൈതാരമാണ് കമ്പനിയിലെ മാലിന്യപ്രശ്‌നത്തിനെതിരെ ദേശീയ ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ ബഞ്ചിന് പരാതി നല്‍കിയത്.
ഫാക്ടറിക്ക് സമീപത്ത് ഒട്ടേറേ വീടുകളും കടകളും ഉണ്ടെന്നിരിക്കെ അവിടെയുള്ളവര്‍ക്ക് ആര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാത്തതും സംശയം ബലപ്പെടുത്തുന്നുണ്ട്. സ്‌കൂളില്‍ പ്രശ്‌നമുണ്ടായി മിനുട്ടുകള്‍ക്കകം കരുനാഗപ്പള്ളിയില്‍ നിന്നടക്കം പതിനഞ്ചോളം ആംബുലന്‍സുകള്‍ ഒരേ സമയം എത്തിയെന്നതും വാതക ചോര്‍ച്ച മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന നിഗമനത്തിലേക്കാണ് അന്വേഷണ സംഘത്തെ എത്തിക്കുന്നത്. കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാകാന്‍ കാരണമാക്കുന്ന എന്തെങ്കിലും രാസപദാര്‍ഥം സ്‌കൂളിന് സമീപത്ത് പടര്‍ത്തിയതാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
ഡ്രാഗണ്‍ ട്യൂബ് സാങ്കേതികവിദ്യ, ഡിജിറ്റല്‍ സാങ്കേതികവിദ്യ എന്നിവയുപയോഗിച്ച് ഏതൊക്കെ വാതകമാണ് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നതെന്നും വിദഗ്ധ സംഘം പരിശോധിക്കും. സ്‌കൂളുകളില്‍ പടര്‍ന്ന വാതകം ഫാക്ടറിയില്‍ നിന്നുള്ളതാണോയെന്ന് ഈ പരിശോധനയില്‍ കണ്ടെത്താനാകും.
കെ എം എം എല്ലിലെ വാതക ചോര്‍ച്ച അട്ടിമറിയാണെന്ന് ആരോപിച്ച് മന്ത്രി ഷിബു ബേബിജോണും മുന്‍ വ്യവസായ മന്ത്രി എളമരം കരീമും രംഗത്ത് വന്നിട്ടുണ്ട്. അട്ടിമറിക്കു പിന്നില്‍ രാജ്യാന്തര ഗൂഢാലോചനയുണ്ടെന്ന് സി ഐ ടി യു സംസ്ഥാന സെക്രട്ടറി കൂടിയായ എളമരം കരീം ആരോപിച്ചു.
അട്ടിമറി സാധ്യത അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. സംഭവം ചര്‍ച്ച ചെയ്യാന്‍ വ്യവസായ മന്ത്രി അടിയന്തര യോഗം വിളിച്ചു. ചൊവ്വാഴ്ച മന്ത്രിയുടെ ചേംബറിലാണ് യോഗം. കെ എം എം എല്ലില്‍ കഴിഞ്ഞ രണ്ട് ദിവസം തുടര്‍ച്ചയായുണ്ടായ വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് 150 ഓളം വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Latest