മാണിക്കെതിരെ വി എസിന്റെ ഒളിയമ്പ്: പ്രതിരോധം തീര്‍ത്ത് കോടിയേരി

Posted on: August 8, 2014 1:48 am | Last updated: August 8, 2014 at 1:48 am

കോട്ടയം: എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ കേരള കോണ്‍ഗ്രസിലെ ഒരുവിഭാഗം നടത്തുന്ന നീക്കങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് ഒളിയമ്പ് തൊടുത്തപ്പോള്‍ പ്രതിരോധിക്കാന്‍ സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ‘മാണി ഗ്രൂപ്പിന്റെ ആവശ്യവും യു ഡി എഫ് ശൈഥില്യവും’ എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ ഇന്നലെ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ ഗതിവിഗതികള്‍ പ്രത്യേകിച്ച് വലതുപക്ഷ രാഷ്ട്രീയ സാഹചര്യങ്ങള്‍ അദ്ദേഹം വിശദമാക്കുന്നു. റബ്ബര്‍ വിലയിടിവും, പട്ടയപ്രശ്‌നവും ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസുമായുള്ള ബന്ധം കേരളാ കോണ്‍ഗ്രസ് തുടരണമോയെന്ന ചോദ്യവും ലേഖനത്തില്‍ കോടിയേരി ഉയര്‍ത്തുന്നു. കേരളാ കോണ്‍ഗ്രസിനെ ക്രമേണ ഇല്ലാതാക്കി അതിലെ അണികളെ കോണ്‍ഗ്രസിന്റെ ഭാഗമാക്കുക എന്ന തന്ത്രമാണ് ഉമ്മന്‍ ചാണ്ടി പ്രയോഗിക്കുന്നതെന്ന മുന്നറിയിപ്പുമുണ്ട്.
അമ്പത് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. ഈ പാര്‍ട്ടിയുടെ ഒരു നേതാവിനും ഇതുവരെ മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞിട്ടില്ല. സമാന ഘട്ടത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ രൂപം കൊണ്ട പ്രാദേശിക പാര്‍ട്ടികളുടെ നേതാക്കളില്‍ പലരും മുഖ്യമന്ത്രിമാരായി. കേരളത്തില്‍ അത് സാധിക്കാതെ പോയത് കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ബന്ധം കൊണ്ടാണെന്നാണ് കേരളാ കോണ്‍ഗ്രസില്‍ നടക്കുന്ന ചര്‍ച്ച. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന അവകാശവാദത്തിനും അടിസ്ഥാനം അതാണെന്നും ചൂണ്ടിക്കാട്ടി കേരളാ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ആവേശം നല്‍കാനുംപ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. യു പി എ സര്‍ക്കാറില്‍ മുസ്‌ലിം ലീഗിന് പ്രാതിനിധ്യം ലഭിച്ചിട്ടും കേരളാ കോണ്‍ഗ്രസിന് മന്ത്രിസ്ഥാനം നല്‍കാതെ മാറ്റിനിര്‍ത്തിയത് ഉമ്മന്‍ ചാണ്ടിയുടെ എതിര്‍പ്പു മൂലമാണ്. കോണ്‍ഗ്രസുമായുള്ള കേരളാ കോണ്‍ഗ്രസിന്റെ മുന്നണി ബന്ധം ധൃതരാഷ്ട്ര ആലിംഗനം പോലെയായെന്നും കോടിയേരി ലേഖനത്തില്‍ ഉപമിക്കുന്നു.
സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ഉന്നയിച്ച അവകാശവാദത്തിനപ്പുറം വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുവാന്‍ കേരളാ കോണ്‍ഗ്രസ് തയ്യാറാകുമോ എന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നും കോടിയേരി ചൂണ്ടിക്കാട്ടുന്നു.