120 കോടി പാസ്്‌വേഡുകള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്‌

Posted on: August 8, 2014 12:02 am | Last updated: August 8, 2014 at 12:26 am

മോസ്‌കോ: റഷ്യന്‍ ഹാക്കര്‍മാര്‍ 120 കോടി പാസ്്‌വേഡുകള്‍ ഹാക്ക് ചെയ്തു. യു എസ് സുരക്ഷാ വിഭാഗമാണ് ഇന്റര്‍നെറ്റ് യൂസര്‍ നെയിമുകളും പാസ്‌വേഡുകളും ഹാക്ക് ചെയ്ത വിവരം പുറത്തുവിട്ടത്. വ്യക്തികളുടെ വര്‍ഷങ്ങളായുള്ള വിവരങ്ങളാണ് ഇതിലൂടെ ഹാക്കാര്‍മാര്‍ ശേഖരിച്ചത്.
4,20, 000 വെബ്‌സൈറ്റുകളിലെ വിവരങ്ങള്‍ ഇത്തരത്തില്‍ ഇവര്‍ മോഷ്ടിച്ചിട്ടുണ്ടെന്നാണ് സുരക്ഷാ വിഭാഗം സ്ഥിരീകരിച്ചത്. ഓണ്‍ലൈന്‍ ആക്രമണം നടത്തി കമ്പ്യൂട്ടറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും ഇതിലൂടെ ഹാക്കര്‍മാര്‍ക്ക് കഴിയുമെന്ന് സുരക്ഷാ വിഭാഗം മേധാവി അലക്‌സ് ഹോല്‍ഡന്‍ പറഞ്ഞു. കാലങ്ങളായി തുടരുന്ന നിരീക്ഷണത്തിന് ശേഷമാണ് ഇവരെ കുറിച്ചുള്ള വിവരം സ്ഥിരീകരിച്ചത്. പതിനായിരങ്ങളുടെ രേഖകളാണ് ഇത്തരത്തില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഹോല്‍ഡന്റെ വാര്‍ത്ത പുറത്തുവിട്ടത് ന്യൂയോര്‍ക്ക് ടൈംസാണ്. ഇതിനായി ശക്തമായി ഹാക്കര്‍മാരുടെ നിര തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്പനികള്‍ ജാഗ്രത കാണിച്ചില്ലെങ്കില്‍ ഹാക്കര്‍മാര്‍ ഇനിയും ആക്രമണം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഓണ്‍ലൈന്‍ ഹാക്കര്‍മാരെ പിടികൂടുന്നതിന് ഏത് രീതിയാണ് സ്വീകരിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.