Connect with us

Kerala

വീണ്ടും വാതകച്ചോര്‍ച്ച: കെ എം എം എല്‍ പ്രവര്‍ത്തനം നിര്‍ത്തി

Published

|

Last Updated

ചവറ (കൊല്ലം): പൊതുമേഖലാ സ്ഥാപനമായ ചവറ കെ എം എം എല്ലില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വാതക ചോര്‍ച്ച. ഇന്നലെ രാവിലെയാണ് വാതക ചോര്‍ച്ചയുണ്ടായത്. സമീപത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വാതക ചോര്‍ച്ചയുണ്ടായ സാഹചര്യത്തില്‍ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിന്റെ (കെ എം എം എല്‍) എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ കമ്പനി അധികൃതര്‍ക്ക് സ്ഥലം സന്ദര്‍ശിച്ച ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. അന്വേഷണത്തിന് ശേഷം പ്രവര്‍ത്തനം പുനരാരംഭിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം.

വാതക ചോര്‍ച്ച സംബന്ധിച്ച് ഇന്റലിജന്‍സ് എ ഡി ജി പി ഹേമചന്ദ്രന്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. അന്വേഷണത്തെ സഹായിക്കാന്‍ ഫോറന്‍സിക് വിദഗ്ധരുടെ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. ആശുപത്രിയിലായ കുട്ടികളെ തിരുവനന്തപുരത്തു നിന്ന് എത്തുന്ന ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം പരിശോധിക്കും. മലനീകരണവുമായി ബന്ധപ്പെട്ട് കെ എം എം എല്ലിനെതിരായ ഹരജി നാളെ ദേശീയ ഹരിത ട്രൈബ്യൂണല്‍ പരിഗണിക്കാനിരിക്കെ ഇന്നുണ്ടായ സംഭവം ദുരൂഹമാണെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്.
ഇതിന് പുറമെ ഐ എസ് ആര്‍ ഒ, കൊച്ചി റിഫൈനറി തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സാങ്കേതിക വിദഗ്ധരെക്കൊണ്ട് വാതക ചോര്‍ച്ച വിശദമായി അന്വേഷിപ്പിക്കുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു.
ശങ്കരമംഗലം ഗവ. ഗേള്‍സ്, കാമന്‍കുളങ്ങര ഗവ. എല്‍ പി സ്‌കൂള്‍, കോവില്‍ത്തോട്ടം ലൂര്‍ദ് മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചവറ ഗവ. കോളജ്, ചിറ്റൂര്‍ ഗവ. എല്‍ പി സ്‌കൂള്‍ എന്നിവടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 81 കുട്ടികളെയും ഒരു അധ്യാപികയെയും സ്‌കൂള്‍ ജീവനക്കാരനെയും വഴിയാത്രികനെയുമാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. രണ്ടാം ദിവസവും വാതക ചോര്‍ച്ചയുണ്ടായതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കമ്പനി ഉപരോധിച്ചു. ദേശീയ പാത ഉപരോധിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ചവറ എ എസ് ഐ നാസറിനു തലക്ക് പരുക്കേറ്റു.

Latest