മാലാഖമാര്‍ ഒത്തുചേര്‍ന്നു; നിലനില്‍പ്പിനുള്ള പ്രകാശം തേടി

Posted on: August 7, 2014 12:10 am | Last updated: August 7, 2014 at 12:10 am
SHARE

തിരുവനന്തപുരം: മാതാവിനെയും അനിയനെയും എങ്ങനെ പോറ്റുമെന്നുള്ള ചിന്തയിലാണ് കോട്ടയം കടുത്തുരുത്തി സ്വദേശി സജിത. പിതാവിന്റെ മരണശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വം തന്റെ ചുമലിലായി. ആതുര സേവനത്തിന്റെ വെള്ളക്കുപ്പായമണിഞ്ഞ് ഇറാഖിലേക്ക് പറന്നപ്പോള്‍ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളക്കുകയായിരുന്നു. എന്നാല്‍ വലിയൊരു ദുരന്തത്തെ അഭിമുഖീകരിച്ച് മരണത്തെ മുഖാമുഖം കാണേണ്ടി വരുമെന്ന് സജിത ഒരിക്കലും കരുതിയിരുന്നില്ല. ജോലി നഷ്ടമായി കടബാധ്യതയുമായി ഇറാഖില്‍ നിന്ന് സജിത തിരിച്ചെത്തിയത് മരം വീണു തകര്‍ന്ന വീടിന്റെ ദയനീയ അവസ്ഥയിലേക്കാണ്. സജിതയെ പോലെ 350 ഓളം നഴ്‌സുമാരാണ് ഇറാഖില്‍ നിന്ന് തിരിച്ചെത്തിയത്. നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ഇവരുടെ സംഗമം തലസ്ഥാനത്ത് നടന്നു. എല്ലാവര്‍ക്കും നാട്ടിലോ വിദേശത്തോ ജോലി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെങ്കിലും ഇവരുടെ ആശങ്കകള്‍ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല.

ചെറുപ്പ കാലത്ത് ഞരമ്പിന് ഉണ്ടായ പ്രശ്‌നം മൂലം കാലിന് വൈകല്യമുള്ള കൊല്ലം ചെറുവക്കല്‍ സ്വദേശി സൂസന്‍ ഇറാഖില്‍ പോയി മടങ്ങി വന്നപ്പോഴേക്കും കടബാധ്യതകള്‍ മാത്രമായി സമ്പാദ്യം. ഭര്‍ത്താവ് ഗുജറാത്തില്‍ ഡ്രൈവറാണ്. ഒരു മകളുണ്ട്. പിതാവിന്റെ മരണത്തെ തുടര്‍ന്ന് മാതാവിനെയും രണ്ട് സഹോദരിമാരെയും സംരക്ഷിക്കേണ്ട ചുമതലയും തന്റെ ചുമലിലാണെന്ന് സൂസന്‍ പറഞ്ഞു.
ബ്ലേഡ് പലിശക്കാരനില്‍ നിന്ന് ഒന്നര ലക്ഷം രൂപ കടം വാങ്ങിയാണ് കോട്ടയം കിടങ്ങൂര്‍ സ്വദേശിനി ലാഷ ഇറാഖിലേക്ക് പറന്നത്. ലാഷയുടെ ചെറുപ്പത്തിലേ മാതാവ് മരിച്ചു. പിതാവിന് കൂലിപ്പണിയാണ്. സ്വന്തമായി വീടില്ല. സഹോദരന്‍ കോയമ്പത്തൂരില്‍ ഫാര്‍മസിക്കു പഠിക്കുകയാണ്. സഹോദരനെ നന്നായി പഠിപ്പിക്കണമെന്നും സ്വന്തമായി ഒരു വീട് വെക്കണമെന്നുമുള്ള മോഹങ്ങളുമായാണ് ലാഷ ഇറാഖിലേക്ക് പോയത്. എന്നാല്‍ പത്ത് മാസം മാത്രം ജോലി ചെയ്ത് നിരാശകളുമായി തിരിച്ചു വരേണ്ടിവന്നു.
കോട്ടയം സ്വദേശി നസിയക്ക് വിദ്യാഭ്യാസ ലോണ്‍ രണ്ടര ലക്ഷം രൂപയാണ് അടച്ചു തീര്‍ക്കാനുള്ളത്. ഡ്രൈവറായ പിതാവിന്റെ വരുമാനം കൊണ്ട് ഈ തുക അടക്കാന്‍ കഴിയില്ലെന്ന് നസിയ പറഞ്ഞു. നാട്ടിലെ ആശുപത്രികളിലെ തുച്ഛമായ ശമ്പളം കൊണ്ട് ലോണ്‍ അടച്ചു തീര്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. തിരിച്ച് വിദേശത്തേക്ക് പോകാന്‍ സാമ്പത്തികവും നിയമപരവുമായ നിരവധി പ്രശ്‌നങ്ങളുണ്ട്. ഈ അവസ്ഥയില്‍ ലോണ്‍ എങ്ങനെ അടച്ചുതീര്‍ക്കുമെന്ന ചോദ്യമാണ് നസിയക്കു മുന്നിലിപ്പോഴുള്ളത്.
വലിയ പ്രതിസന്ധിയിലൂടെയാണ് ഇറാഖിലെ അവസാന ദിവസങ്ങള്‍ തള്ളി നീക്കിയതെന്ന് ആദ്യം ഇറാഖില്‍ നിന്നെത്തിയ സംഘത്തിലെ പ്രധാനി മെറീന പറഞ്ഞു. ഇറാഖിലെത്താന്‍ രണ്ട് ലക്ഷത്തോളം രൂപ മുടക്കിയിട്ടു ഒരു വര്‍ഷം പോലും ജോലി ചെയ്യാതെയുള്ള മടക്കം കുടുംബത്തിനു വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നതിനാല്‍ തുടക്കത്തില്‍ പലരും തിരിച്ചു വരാന്‍ കൂട്ടാക്കിയില്ല. 13 ഓളം പേര്‍ മാത്രമാണ് മടങ്ങിവരാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. സ്ഥിതിഗതികള്‍ വഷളാണെന്നും ജീവനു ഭീഷണിയാണെന്നും അവരെ ബോധ്യപ്പെടുത്തി മടക്കത്തിനു സമ്മതിപ്പിക്കാന്‍ മെറീന നന്നേ പാടുപെട്ടു.
കോട്ടയം പള്ളിക്കത്തോട് സ്വദേശിനിയായ മെറീനയുടെ പിതാവിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായുണ്ടായിരുന്ന നല്ല ബന്ധം കാര്യങ്ങള്‍ എളുപ്പമാക്കി. ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയവുമായി ചര്‍ച്ച നടക്കുന്ന ഘട്ടത്തിലും അതിനു മുമ്പും ആശുപത്രിയിലെ സ്ഥിതിഗതികളെക്കുറിച്ചു മുഖ്യമന്ത്രിയെ അറിയിച്ചിരുന്നത് മെറീനയായിരുന്നു. സഊദിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് റോയ്, ഫാമിലി വിസ സംഘടിപ്പിച്ചതിനാല്‍ ഇറാഖില്‍നിന്നു നേരത്തെ ജോലി രാജിവെച്ചു മടങ്ങാനിരുന്നതാണ് മെറീന. എന്നാല്‍, മടക്കത്തിന് ഉദ്ദേശിച്ച ദിവസം സംഘര്‍ഷം രൂക്ഷമായതോടെ മെറീനയും അവിടെ കുടുങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here