Connect with us

Editorial

ജനാധിപത്യത്തിലെ നേരായ മാര്‍ഗം

Published

|

Last Updated

തിരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാര്‍ ജോലിയില്ലാതെ വീട്ടിലിരിക്കുന്നത് എന്തുകൊണ്ട് അവസാനിപ്പിച്ചുകൂടാ? -ചോദ്യം സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെതാണ്. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഡല്‍ഹി നിയമസഭ പിരിച്ചുവിടാതെ മരവിപ്പിച്ചു നിര്‍ത്തിയ കേന്ദ്ര നടപടിയാണ് ഭരണഘടനാ ബഞ്ചിനെക്കൊണ്ട് ഈ ചോദ്യം ചോദിപ്പിച്ചത്. ജനങ്ങള്‍ നല്‍കിയ വിധിയെഴുത്ത് ആറ് മാസത്തിനകം പാലിക്കപ്പെടാന്‍ ശ്രമിക്കുകയാണെന്ന കേന്ദ്ര നിലപാട് സുപ്രീം കോടതി അംഗീകരിച്ചില്ല. മരവിപ്പിച്ചു നിര്‍ത്തിയ നിയമസഭ രണ്ട്മാസത്തിനകം പിരിച്ചു വിടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കില്‍ ഇത് സംബന്ധിച്ച ഹരജിയില്‍ തീര്‍പ്പുണ്ടാക്കാമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച് പ്രസ്താവിച്ചു. ഏതായാലും ഡല്‍ഹി നിയമസഭയുടെ ഭാവി നാല് ആഴ്ചകള്‍ക്കകം തീരുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോടും ലഫ്. ഗവര്‍ണര്‍ നജീബ് ജംഗിനോടും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. “തിരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാര്‍ ജോലി ചെയ്യാതെ വീട്ടിലിരുന്ന് ശമ്പളം പറ്റുന്ന സാപചര്യം അംഗീകരിക്കാനാകാത്തതാണെന്നും കോടതി നിരീക്ഷിച്ചു. ജനങ്ങള്‍ നല്‍കിയ മാന്‍ഡേറ്റ് ആറ് മാസത്തിനകം പാഴാക്കാതിരിക്കാന്‍ പരിശ്രമിക്കുകയാണെന്ന കേന്ദ്ര വിശദീകരണവും കോടതി അംഗീകരിച്ചില്ല. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിയും രണ്ടാം സ്ഥാനത്തുള്ള ആം ആദ്മി പാര്‍ട്ടി(എ എ പി)യും സര്‍ക്കാറുണ്ടാക്കാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കെ മറ്റെന്ത് ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് കോടതി ആരാഞ്ഞു.
നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് എ എ പി സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. 70 അംഗ നിയമസഭയില്‍ ബി ജെ പിക്ക് 32ഉം (ഇതില്‍ 3 പേര്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്) എ എ പിക്ക് 27ഉം (ഒരു എം എല്‍ എയെ അച്ചടക്കരാഹിത്യത്തിന് പുറത്താക്കി) അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് 8 അംഗങ്ങളും. കോണ്‍ഗ്രസിന്റെ സോപാധിക പിന്തുണയോടെ അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി എ എ പി സര്‍ക്കാറുണ്ടാക്കിയെങ്കിലും ലോക് പാല്‍ ബില്ലിനെചൊല്ലി ഉടലെടുത്ത അഭിപ്രായഭിന്നത കാരണമാക്കി സര്‍ക്കാറിന് നല്‍കിയിരുന്ന പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചു. നാല്‍പ്പത് ദിവസം മാത്രം ഭരണം നടത്തിയ മുഖ്യമന്ത്രി കെജ്‌രിവാള്‍, വൈദ്യുതി നിരക്ക്, കുടിവെള്ള വിതരണം തുടങ്ങിയ കാര്യങ്ങളിലെടുത്ത നടപടികള്‍ ഡല്‍ഹി നിവാസികളെ സംബന്ധിച്ച് വലിയ അനുഗ്രഹമായിരുന്നു. നേരത്തെ ഡല്‍ഹി ഭരിച്ച ബി ജെ പിയാണെങ്കിലും കോണ്‍ഗ്രസ് ആണെങ്കിലും സാധാരണ ജനങ്ങളെ പിഴിയുന്ന നടപടികളാണ് കൈക്കൊണ്ടിരുന്നത്. കോര്‍പറേറ്റുകളുടെ താത്പര്യ സംരക്ഷണത്തിലായിരുന്നു അവരുടെ ശ്രദ്ധ. എ എ പി ഭരണം ഹ്രസ്വ കാലത്തേക്കായിരുന്നുവെങ്കിലും അത് സ്വീകരിച്ച പല നടപടികളും ഡല്‍ഹിയിലെ ജനാവലിയെ സംബന്ധിച്ച് പുതുമയാര്‍ന്നതായിരുന്നു. ജനങ്ങളുടെ ഈ തിരിച്ചറിവിന് ഇനിയും സമയം നല്‍കിയാല്‍ തങ്ങളുടെ കാല്‍ച്ചുവട്ടിലെ മണ്ണൊലിപ്പില്‍ സര്‍വം ഒലിച്ചുപോകുമെന്ന് കോണ്‍ഗ്രസും ബി ജെ പിയും ഭയപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ഡല്‍ഹിയില്‍ ഒരു സര്‍ക്കാര്‍ തട്ടിക്കൂട്ടാന്‍ ബി ജെ പി ചരടുവലികള്‍ നടത്തിയിരുന്നു. എ എ പിയിലേയും കോണ്‍ഗ്രസിലേയും ഏതാനും എം എല്‍ എമാരെ ചാക്കിടാന്‍ ശ്രമവും നടത്തിയിരുന്നു. പക്ഷെ ഇതുവരെ ഫലമുണ്ടായില്ലെന്ന് മാത്രം. . നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ തകര്‍പ്പന്‍ വിജയം ആവര്‍ത്തിക്കാനാകില്ലെന്ന് ബി ജെ പിക്കറിയാം. അതുകൊണ്ട് തിരഞ്ഞെടുപ്പ് നടത്താതെ ചുളുവില്‍ ഡല്‍ഹി ഭരണം കൈക്കലാക്കാനാണ് ബി ജെ പിക്ക് താത്പര്യം. ഈ വസ്തുത ആം ആദ്മി പാര്‍ട്ടിയും മനസ്സിലാക്കുന്നു. അതിനാലാണ് നേരത്തെ തന്നെ അവര്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. സവാള, തക്കാളി തടങ്ങി പച്ചക്കറികള്‍, ഭക്ഷ്യസാധനങ്ങള്‍ എന്നിവയുടെ അഭൂതപൂര്‍വമായ വിലക്കയറ്റം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ജനകീയ മുഖമുള്ള ഭരണം ഉറപ്പ് നല്‍കിയ ബി ജെ പി, അതില്‍ പരാജയപ്പെട്ടു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന ചൊല്ല് ഓര്‍മിപ്പിക്കുന്നതാണ് മോദി സര്‍ക്കാറിന്റെ നടപടികള്‍ ഏറെയും. നിയമസഭ പിരിച്ചുവിടാതെ മരവിപ്പിച്ചു നിര്‍ത്താനുള്ള കാരണവും ബദല്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് തന്നെയാണ്. അതിനേറ്റ കനത്ത പ്രഹരമാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. നാലാഴ്ചക്കകം നിയമസഭയുടെ ഭാവികാര്യത്തില്‍ തീരുമാനമെടുക്കണമെന്ന നിര്‍ദേശം പാലിക്കപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് കളമൊരുക്കുകയാണ് ജനാധിപത്യത്തിലെ നേരായ മാര്‍ഗം.

---- facebook comment plugin here -----

Latest