മദ്‌റസ ഗ്രാന്റ്; ഫണ്ട് വിനിയോഗ കണക്ക് സമര്‍പ്പിക്കാത്തത് മാനേജ്‌മെന്റുകള്‍ക്ക് വിനയാകുന്നു

Posted on: August 6, 2014 12:56 am | Last updated: August 6, 2014 at 12:56 am

മലപ്പുറം: മദ്‌റസകളുടെ നവീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വിനിയോഗത്തിന്റെ കണക്കുകള്‍ സമര്‍പ്പിക്കാത്തത് തുടര്‍ന്നുള്ള ഗഡുക്കള്‍ അനുവദിക്കുന്നതിന് തടസ്സമാകുന്നു. ഇതുവരെ രണ്ടു ഘട്ടങ്ങളിലായി അമ്പതിനായിരം മുതല്‍ ആറ് ലക്ഷം രൂപ വരെ കേരളത്തിലെ 1462 മദ്‌റസകള്‍ക്ക് അനുവദിച്ചിരുന്നു. സമയബന്ധിതമായി ഫണ്ട് കൈപ്പറ്റുകയും നിര്‍ദേശിക്കുന്ന പുസ്തകങ്ങളും കമ്പ്യൂട്ടറുകളുമടക്കമുള്ള വസ്തുക്കള്‍ വാങ്ങുകയും ബില്ലുകള്‍ അടക്കമുള്ള കണക്കുകള്‍ ഡി ഡി ഇ ഓഫീസുകളില്‍ എത്തിക്കുകയും ചെയ്യണമെന്നതാണ് വ്യവസ്ഥ. എന്നാല്‍ പല മദ്‌റസാ മാനേജ്‌മെന്റുകളും ഇതില്‍ അലംഭാവം കാണിച്ചത് തുടര്‍ന്നുള്ള ഫണ്ടുകള്‍ അനുവദിക്കുന്നതിന് തടസ്സമാകുകയാണ്. കണക്ക്, സയന്‍സ്, ചരിത്രം, കമ്പ്യൂട്ടര്‍ എന്നിവ പഠിപ്പിക്കുന്നതിനും ലാബ് സൗകര്യമൊരുക്കുന്നതിനുമാണ് കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയിരുന്നത്.
സര്‍ക്കാര്‍ നിശ്ചയിച്ച ഡി പി ഐ ലിസ്റ്റ് പ്രകാരമുള്ള പ്രസാധകരില്‍ നിന്നാണ് പുസ്തകങ്ങള്‍ വാങ്ങേണ്ടത്. എന്നാല്‍ ചില മദ്‌റസകള്‍ ധാരാളം മത ഗ്രന്ഥങ്ങള്‍ വാങ്ങിക്കൂട്ടിയത് കണക്കില്‍ ഉള്‍പെടുത്താന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
മലപ്പുറം ജില്ലയില്‍ മാത്രം അമ്പതില്‍പ്പരം മാനേജുമെന്റുകള്‍ ഇനിയും കണക്കുകള്‍ പൂര്‍ണമായും സമര്‍പ്പിച്ചിട്ടില്ല. ഇങ്ങനെ ഫണ്ട് വിനിയോഗത്തിന്റെ കണക്കുകള്‍ നല്‍കാത്ത പക്ഷം മദ്‌റസാ മാനേജ്‌മെന്റുകള്‍ പണം തിരിച്ചു നല്‍കേണ്ടിവരും. യു പി എ സര്‍ക്കാറാണ് മദ്‌റസ നവീകരണത്തിനായി 200 കോടി രൂപ അനുവദിച്ചത്. തുടര്‍ന്ന് 2014ല്‍ മോദി സര്‍ക്കാര്‍ ബജറ്റിലും 100 കോടി രൂപ മദ്‌റസകള്‍ക്കായി നീക്കിവെച്ചിട്ടുണ്ടെങ്കിലും കണക്കുകള്‍ സമര്‍പ്പിക്കാത്ത മദ്‌റസകള്‍ക്ക് ഈ തുകയും നഷ്ടമാകും. കണക്കുകള്‍ സമര്‍പ്പിക്കാത്ത മദ്‌റസാ മാനേജ്‌മെന്റുകള്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ പറയുന്നു.