Connect with us

Kozhikode

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത രണ്ട് പേരെ ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. എറണാകുളം പച്ചാളം ചൂതാത്തുവീട്ടില്‍ ബിജു രവീന്ദ്രന്‍ (40), കാഞ്ഞങ്ങാട് അലാമി പള്ളി സ്വദേശി ഉമേഷ് ഹെഗ്‌ഡെ (36) എന്നിവരാണ് അറസ്റ്റിലായത്. മൊത്തം 53 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പാണ് ഇരുവരും ചേര്‍ന്ന് നടത്തിയതെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി ഇരുപതിലധികം ആളുകളില്‍ നിന്ന് ഇവര്‍ പണം തട്ടിയതായി അന്വേഷണത്തില്‍ കണ്ടെത്തി. പണം നഷ്ടപ്പെട്ട പയ്യന്നൂര്‍ സ്വദേശികളായ ഷാജി, കുഞ്ഞിരാമന്‍, അനീഷ്‌കുമാര്‍ തുടങ്ങിയവര്‍ നേരത്തെ ഇത് സംബന്ധിച്ച് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണത്തില്‍ പുരോഗതിയുണ്ടാകാത്തതിനെ തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവിനെ തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറുകയുമായിരുന്നു. വ്യാജമായി നിര്‍മിച്ച കോള്‍ലെറ്ററുകള്‍ അയച്ച് പരീക്ഷ നടത്തിയും നിയമന ഉത്തരവുകള്‍ നല്‍കിയും വിശ്വാസ്യത സൃഷ്ടിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചിലര്‍ക്ക് ഇവര്‍ ഇത്തരം നിയമന ഉത്തരവുകള്‍ കൈമാറിയിരുന്നു. റെയില്‍വേയുടെ സൗജന്യയാത്രാ പാസും ഇത്തരത്തില്‍ വ്യാജമായി നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. വ്യാജനിയമനം ലഭിച്ചവര്‍ ഈ പാസുകള്‍ ഉപയോഗിച്ച് യാത്ര ചെയ്തിട്ടും റയില്‍വേക്ക് പോലും തട്ടിപ്പു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. പ്രതികളെ കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest