Connect with us

Articles

ഇത്ര അസഹിഷ്ണുത കാണിക്കാമോ ഗാന്ധിയന്മാര്‍?

Published

|

Last Updated

മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ ഗാന്ധിജിയെക്കുറിച്ച്, അയ്യങ്കാളിയുമായി താരതമ്യം ചെയ്തുകൊണ്ട്, അരുന്ധതി റോയ് നടത്തിയ ഒരു പ്രസംഗം ഇന്നേറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഒരു ജനാധിപത്യ സമൂഹമാകുമ്പോള്‍ തീര്‍ത്തും വിരുദ്ധമായ അഭിപ്രായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ അനിവാര്യമാണ്. അതില്‍ ഏതെങ്കിലും പക്ഷത്തായി മറ്റുള്ളവര്‍ അണിനിരന്നു പോരാടുകയും ചെയ്യും. അരുന്ധതി റോയി നടത്തിയ അഭിപ്രായ പ്രകടനങ്ങളുടെ ഗുണദോഷ വിശകലനത്തിലേക്ക് കടക്കുന്നതിനു മുമ്പ്, അതിനോട് ഗാന്ധിയന്മാര്‍ എന്നവകാശപ്പെടുന്നവര്‍ നടത്തിയ പ്രതികരണമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത് എന്ന് തോന്നുന്നു. അരുന്ധതി “ആളാകാനാണ്” ഇങ്ങനെ ചില ജല്‍പ്പനങ്ങള്‍ നടത്തുന്നത്, ഒരൊറ്റ നോവല്‍ കൊണ്ട് അവര്‍ സാഹിത്യനായികയായി നടക്കുന്നു തുടങ്ങിയ വിമര്‍ശങ്ങള്‍ മനസ്സിലാക്കാം. ഇത് മലയാളിയുടെ പൊതുവിമര്‍ശ രീതിയാണ്.
തങ്ങള്‍ എതിര്‍ക്കുന്ന വ്യക്തി അഥവാ പ്രസ്ഥാനം എന്ത് ചെയ്താലും എങ്ങനെ ചെയ്താലും തെറ്റെന്ന് സ്ഥാപിക്കുക. അതിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും എന്ന വിഭജന രേഖ വരക്കുകയാണ് ആദ്യ പടി. ഇത് കമ്മ്യൂണിസ്റ്റ് യാന്ത്രികദ്വന്ദവാദത്തിന്റെ ഫലമായും കരുതാം. വ്യത്യസ്തത എന്നാല്‍ “ഞങ്ങളും ഞങ്ങളെ എതിര്‍ക്കുന്നവരും” എന്ന് മാത്രമായവര്‍ കാണുന്നു. ആ സമീപനം സ്വീകരിക്കുന്നു ഗാന്ധിയന്മാരെന്നവകാശപ്പെടുന്നവരും. ഏറെക്കാലം കമ്മ്യൂണിസ്റ്റ് സഹവാസം ഉണ്ടായതുകൊണ്ടാണോ എന്നറിയില്ല, മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എസ് നേതാവുമായ കടന്നപ്പള്ളി രാമചന്ദ്രന്‍ അരുന്ധതി റോയിക്കെതിരെ കേസ് കൊടുക്കാന്‍ പോകുന്നു എന്ന് കേള്‍ക്കുന്നു.
ജാതി സംബന്ധിച്ചുള്ള ഗാന്ധിജിയുടെ സമീപനമാണ് അരുന്ധതി റോയിയുടെ വിമര്‍ശത്തിനാധാരം. അയ്യങ്കാളി ചെയര്‍ സംഘടിപ്പിച്ച ചടങ്ങിലായതുകൊണ്ട് അയ്യങ്കാളിയെ ഗാന്ധിജിയുമായി താരതമ്യം ചെയ്യാന്‍ അവര്‍ ശ്രമിച്ചുവെന്നതിലും തെറ്റില്ല. എന്നാല്‍ ഒരു കാലഘട്ടത്തിലാണെങ്കില്‍ പോലും ചരിത്രത്തിന്റെ തീര്‍ത്തും വ്യത്യസ്തമായ സാമൂഹിക ധര്‍മങ്ങള്‍ നിര്‍വഹിച്ച, വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ജീവിച്ച രണ്ട് വ്യക്തികളെ എങ്ങനെയാണ് ഇത്ര ലളിതമായി താരതമ്യം ചെയ്യുക എന്ന ചോദ്യം പ്രസക്തമാണ്. അത്തരമൊരര്‍ഥത്തില്‍ അരുന്ധതി റോയിക്കെതിരായി നില്‍ക്കാന്‍ താത്പര്യപ്പെടുന്ന ആളാണ് ഈ ലേഖകനും. എന്നാല്‍, അരുന്ധതി റോയി എന്ന വ്യക്തി തന്നെ ചരിത്രത്തില്‍ പ്രസക്തിയില്ലാത്തതാകുന്നു എന്നും മറ്റും ഇന്ന് പറയുന്നത്, ഗാന്ധിജിയെപ്പറ്റി അരുന്ധതി പറയുന്ന അഭിപ്രായങ്ങളേക്കാള്‍ തരം താഴ്ന്നതാണ്.
“ചെറിയ കാര്യങ്ങളുടെ വലിയ തമ്പുരാന്‍” എന്ന അരുന്ധതി റോയിയുടെ ഇംഗ്ലീഷ് നോവല്‍ തീര്‍ച്ചയായും കേരളത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു വായന തന്നെയാണ്. സവര്‍ണ, അവര്‍ണ ബന്ധം സംബന്ധിച്ചടക്കം അതിലെ പല നിലപാടുകളും അന്നു വരെ മലയാളി സാംസ്‌കാരിക മണ്ഡലം ചര്‍ച്ച ചെയ്യാന്‍ മടിച്ചുനിന്നതാണ്. ഇ എം എസിനെക്കുറിച്ച് നടത്തിയ ഒരു പരാമര്‍ശം അനിവാര്യമായിരുന്നോ എന്ന് അന്നും ഇന്നും സംശയിക്കുന്നുവെങ്കിലും ആ ഗ്രന്ഥം ഒരു സുപ്രധാന ഘട്ടമാണ് എന്ന് കരുതാം.
ബുക്കര്‍ സമ്മാനം നേടിയ ശേഷം അരുന്ധതി നടത്തിയ ഇടപെടലുകള്‍, എഴുതിയതും പ്രസംഗിച്ചതുമായ വിഷയങ്ങള്‍ ഒന്ന് അവലോകനം നടത്താന്‍ തയ്യാറായാല്‍ തന്നെ അവരുടെ മഹത്വം ബോധ്യമാകും. നര്‍മദാ നദിയിലെ അണക്കെട്ട് നിര്‍മാണത്തെ ആധാരമാക്കി അവരെഴുതിയ “കൂടുതല്‍ പൊതുനന്മക്ക്” എന്ന ലേഖനം ആ രംഗത്തെ ഒരു സമര ഇടപെടലാണ്. സുപ്രീം കോടതിയില്‍ നിന്നും കോടതിയലക്ഷ്യത്തിനു ശിക്ഷിക്കപ്പെടാന്‍ കാരണമായത് ഈ ലേഖനമാണ്. പിന്നീട് ആഗോളീകരണ കാലത്തെ മൂലധന അധിനിവേശങ്ങളെക്കുറിച്ചുള്ള നിരവധി ലേഖനങ്ങള്‍ എഴുതി. മുന്‍ എന്‍ ഡി എ സര്‍ക്കാര്‍ നടത്തിയ അണു വിസ്‌ഫോടനം, ഇറാഖിലും മറ്റും യു എസും സംഘവും നടത്തിയ അധിനിവേശങ്ങള്‍, കോര്‍പറേറ്റ് സര്‍വാധിപത്യം, എന്റോണ്‍ പോലുള്ളവയുടെ വഞ്ചനകള്‍…. ഇതെല്ലാം നിര്‍ണായക ഇടപെടലുകള്‍ തന്നെ.
ഇത് പറയുമ്പോഴും അരുന്ധതിയുടെ എല്ലാ നിലപാടുകളും ശരിയല്ലെന്ന് തന്നെ കരുതുന്ന ഒരാളാണ് ഈ ലേഖകന്‍. ഹിംസയെ അനുകൂലിക്കുന്ന (ഒരു വശത്തു നിന്നുള്ളതിനെ) ന്യായീകരിക്കുന്ന മാവോയിസ്റ്റ് അനുകൂല സമീപനം ഒരിക്കലും അംഗീകരിക്കാനാകില്ല. ഉപജീവനത്തിനു വേണ്ടി സൈനിക സേവനത്തിലേര്‍പ്പെടുന്ന സൈനികരെ കൂട്ടക്കൊല ചെയ്യുന്നതിനെന്ത് ന്യായീകരിണം? ഭരണകൂട ഹിംസക്കു പകരമാണിതെന്ന വാദമാണ് അവര്‍ക്ക്. ഗാന്ധിജിയെ ഇത്ര ശക്തിയായി എതിര്‍ക്കാന്‍ അരുന്ധതി റോയിയെ പ്രേരിപ്പിക്കുന്നത് ഈ മാവോയിസ്റ്റ് അനുഭാവമാണോ എന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.
നമുക്ക് ഗാന്ധിയന്മാരിലേക്ക് വരാം. ഹിംസ സംബന്ധിച്ച അരുന്ധതി റോയിയുടെ നിലപാടിനെയല്ല അവര്‍ ചോദ്യം ചെയ്യുന്നത്. മറിച്ച് ഗാന്ധിജിയെ വിമര്‍ശിച്ചതിന്റെ പേരിലാണ്. ഇത് ഗാന്ധിജിയെ മനസ്സിലാക്കാത്തതുകൊണ്ടാണ്.”ചിരസ്ഥായിയായ ഒന്നും ഹിംസയുടെ അടിത്തറയില്‍ കെട്ടിപ്പടുക്കാന്‍ സാധിക്കുകയില്ല എന്നതാണ് എന്റെ അഭിപ്രായം. എന്നാല്‍ അതെന്തുമാകട്ടെ, ബോള്‍ഷെവിക് ആദര്‍ശത്തിനു വേണ്ടി എല്ലാം ഉപേക്ഷിച്ച എണ്ണമറ്റ സ്ത്രീപുരുഷന്മാരുടെ മഹത്തായ ത്യാഗം അതിനു പിന്നിലുണ്ട് എന്ന സത്യം ചോദ്യം ചെയ്യപ്പെടാനാകാത്തതാണ്. ലെനിനെപ്പോലുള്ള മഹാരഥന്മാരുടെ ത്യാഗത്തില്‍ ദൃഢീകരിക്കപ്പെട്ട ഒരാദര്‍ശം ഒരിക്കലും വൃഥാവിലാകില്ല.”(റഷ്യന്‍ കമ്മ്യൂണിസം എന്ന ലേഖനം, യംഗ് ഇന്ത്യ 1928) ഇതാണ് ഗാന്ധിയന്‍ രീതി. തന്നെയുമല്ല, “ഞാന്‍ ഏറ്റവുമൊടുവില്‍ പറഞ്ഞതാണ് എന്റെ അഭിപ്രായം” എന്നും പുതിയതോടെ പഴയതെല്ലാം തെറ്റായിരുന്നുവെന്ന് താന്‍ സമ്മതിക്കുന്നുവെന്നും തുറന്നുപറയാന്‍ ഗാന്ധിജിക്ക് മടിയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ദക്ഷിണാഫ്രിക്കയിലെ ജീവിതകാലത്ത് ഗാന്ധിജിക്കുണ്ടായ നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടി അരുന്ധതി റോയി അദ്ദേഹത്തെ വിമര്‍ശിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നിയത്. കൂട്ടത്തില്‍ പറയട്ടെ, ഗാന്ധിജി ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അരുന്ധതി റോയിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം സ്വന്തം പ്രസിദ്ധീകരണമായ “ഹരിജനി”ല്‍ നല്‍കുമായിരുന്നു. താഴെ അതിനുള്ള മറുപടിയും. ബോള്‍ഷെവിക്കുകളുമായി വളരെ തുറന്ന സംവാദം നടത്താന്‍ കഴിഞ്ഞിരുന്ന ഗാന്ധിജിക്ക് ഇതൊരു പ്രശ്‌നമേ ആകില്ലെന്ന് തീര്‍ച്ച.
ജാതി, മതേതരത്വം, ശാസ്ത്രീയത തുടങ്ങിയ പലതും സംബന്ധിച്ച ഗാന്ധിജിയുടെ നിലപാടുകള്‍ പല സ്ഥലത്തും കാലത്തും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്താണിതിനു കാരണം? ഈ നിലപാടുകള്‍ സംബന്ധിച്ച് തീര്‍ത്തും വ്യത്യസ്താഭിപ്രായമുള്ളവര്‍ പോലും ഗാന്ധിജിയുടെ പ്രസക്തി ഇന്നും അംഗീകരിക്കുന്നുവെന്നതാണ്. അരുന്ധതി റോയി പറയുന്നതുപോലെ, സര്‍ക്കാറോ കക്ഷികളോ മാധ്യമങ്ങളോ ഒന്നും ഇന്ന് ഗാന്ധിജിയുടെ പ്രസക്തി അംഗീകരിക്കുന്നില്ലെന്നതാണ് സത്യം. ഗാന്ധിജിയുടെ ഏറ്റവും പ്രധാന ശത്രുക്കള്‍ “ഗാന്ധിയന്മാര്‍” എന്നവകാശപ്പെടുന്നവര്‍ തന്നെയാണ്. ഖാദിയിലും റോഡ് ശുചീകരണത്തിലും മദ്യനിരോധത്തിലും മാത്രം ഗാന്ധിജിയെ അവര്‍ ഒതുക്കുന്നു. മന്‍മോഹന്‍ സിംഗ്, ചിദംബരം തുടങ്ങിയ കോര്‍പറേറ്റ് ഏജന്റുമാര്‍ വരെ “ഗാന്ധിയന്മാര്‍” ആയി വിലസുന്ന കാലമാണിത്. ഗാന്ധിജിയുടെ വാചകങ്ങളെ അതുപോലെ ഉരുവിടുകയല്ല, അതിലേതെല്ലാം ഇന്ന് തിരുത്തപ്പെടണം, ഏതെല്ലാം പുതുക്കപ്പെടണം എന്ന് കണ്ടെത്തലാണ് ഗാന്ധിസം.(അങ്ങനെയൊന്നുണ്ടെങ്കില്‍)
ഗാന്ധി, അംബേദ്കര്‍ സംവാദങ്ങളെക്കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. അയ്യങ്കാളിയുടെ മഹത്വം കേരളീയര്‍ എത്ര അറിഞ്ഞിട്ടുണ്ട് എന്ന് അരുന്ധതി റോയി അന്വേഷിക്കണം. കേരള ചരിത്രം എഴുതിയപ്പോള്‍ അയ്യങ്കാളിയുടെ പേര് “വിട്ടുപോയ” കമ്മ്യൂണിസ്റ്റ് ആചാര്യന്മാര്‍ ഉണ്ട്. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍ തുടങ്ങി വി ടി ഭട്ടതിരിപ്പാട് വരെയുള്ള പരിഷ്‌കര്‍ത്താക്കളില്‍ അയ്യങ്കാളി എങ്ങനെ വ്യത്യസ്തനായിരുന്നു എന്ന് പഠിക്കണം. ആദ്യം പറഞ്ഞവര്‍ യഥാര്‍ഥത്തില്‍ “സാമുദായിക പരിഷ്‌കര്‍ത്താക്കള്‍” മാത്രമായിരുന്നു.(അവര്‍ അങ്ങനെ ആഗ്രഹിച്ചിരുന്നോ എന്നത് മറ്റൊരു പ്രശ്‌നം) നായര്‍, ഈഴവ തുടങ്ങിയ സമുദായങ്ങള്‍(ജാതികളുടെ ഏകോപനം) രൂപപ്പെടുത്തുകയായിരുന്നു എസ് എന്‍ ഡി പിയും എന്‍ എസ് എസും യോഗക്ഷേമ സഭയുമെല്ലാം. എന്നാല്‍ അയ്യങ്കാളി പൊതു സമൂഹം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. പൊതുവഴി ആദ്യമായി കേരളത്തിലുണ്ടായത് മഹാത്മാ അയ്യങ്കാളിയുടെ വില്ലുവണ്ടി രാജവീഥിയിലൂടെ ഓടിയപ്പോഴാണ്. ഒരു വര്‍ഷത്തിലേറെക്കാലം “കര്‍ഷകത്തൊഴിലാളി”(ആ പേരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും രൂപപ്പെടുന്നതിനു മുമ്പ്) സമരം നടത്തിയാണല്ലോ കേരളത്തില്‍ “പൊതു വിദ്യാലയം” ഉണ്ടാകുന്നത്. ചുരുക്കത്തില്‍ സമുദായത്തിനു വേണ്ടിയായിരുന്നില്ല അയ്യങ്കാളിയുടെ ഇടപെടലുകള്‍. അതുകൊണ്ടു തന്നെ പട്ടികജാതി വിഭാഗങ്ങള്‍ക്കിടയില്‍ ഒരു സമുദായ രൂപവത്കരണം നടന്നില്ല. കേരളത്തില്‍ ഇന്നും ജാതി സംഘടനകള്‍, ഉപജാതി സംഘടനകള്‍ വാഴുന്നതിനാല്‍ ഒരു സംഘടിത രാഷ്ട്രീയ സമ്മര്‍ദ ശക്തിയായി അവര്‍ മാറുന്നില്ല. 1957ലെ ഭൂപരിഷ്‌കരണ നിയമം 1970ല്‍ നടപ്പിലാക്കപ്പെട്ടപ്പോള്‍ എന്നും മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് മണ്ണിന്റെ അവകാശം നഷ്ടമായി. കോളനിവാസികളായി. “എന്റെ സമുദായത്തില്‍ പത്ത് ബി എക്കാര്‍ ഉണ്ടായാല്‍ മതി” എന്ന് അയ്യങ്കാളി കരുതിയിരുന്നത് ഫലപ്രദമായില്ല. അവിടെ സംവരണം വഴി അധികാരവും അംഗീകാരവും നേടിയവരൊന്നും സമുദായ പരിഷ്‌കരണത്തിനിറങ്ങിച്ചെന്നില്ല. ഭൂമിയിലെ അവകാശം പോലും അവര്‍ക്ക് ചോദിക്കാനാകുന്നില്ല.
പക്ഷേ, ഇന്ന് പൊതുസമൂഹത്തിന്റെ തന്നെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. കോര്‍പറേറ്റ്‌വത്കരണം മുതല്‍ സവര്‍ണ ഫാസിസം വരെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് മനുഷ്യരെയും പ്രകൃതിയേയും കൊള്ളയടിക്കുകയും ഹിംസാത്മകമായി “വികസനം” നടത്തുകയും “പൊതു” എന്ന് കരുതിയിരുന്നവയെല്ലാം (വിദ്യാഭ്യാസം, ആരോഗ്യം, ശുദ്ധജലം തുടങ്ങി പൊതുവഴികള്‍ വരെ) കയ്യടക്കുമ്പോള്‍… അതിനെതിരായ പ്രതിരോധത്തിന്റെ ഊര്‍ജം നാം ചരിത്രത്തില്‍ നിന്ന് സ്വീകരിക്കണം. അവിടെ അധിനിവേശത്തെ എതിര്‍ക്കാന്‍ ജാതിക്കും മതത്തിനും അതീതമായി പ്രവര്‍ത്തിച്ച ഗാന്ധിജിയും സാമൂഹിക നീതിക്കായി പോരാടിയ അയ്യങ്കാളിയും നമുക്ക് ശക്തി പകരട്ടെ.