Connect with us

Sports

ഇനി ഗോള്‍ഡ് കോസ്റ്റില്‍

Published

|

Last Updated

സിഡ്‌നി: ഗ്ലാസ്‌ഗോയിലെ ആരവങ്ങള്‍ അടങ്ങി. 2018 കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയേറുക ആസ്‌ത്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍. ഗെയിംസിന്റെ ഭാവി അനിശ്ചിതത്വത്തില്‍ നില്‍ക്കുമ്പോള്‍ ആസ്‌ത്രേലിയ പ്രഖ്യാപിക്കുന്നു: ഗോള്‍ഡ് കോസ്റ്റില്‍ ഗെയിംസിന്റെ ഉയിര്‍പ്പ് കാണാം.
കോമണ്‍വെല്‍ത്ത് അംഗങ്ങളില്‍ പലരും ഗെയിംസിന്റെ പ്രസക്തി ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. 2022 ല്‍ വേദിയൊരുക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ഒരു രാഷ്ട്രവും മുന്നോട്ടു വന്നിട്ടില്ല എന്നത് ഉത്തമദൃഷ്ടാന്തമാണ്. മാര്‍ച്ചില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന അവസരം കഴിഞ്ഞു. എന്നാല്‍, ദക്ഷിണാഫ്രിക്കയും കാനഡയും ഗെയിംസ് സംഘടിപ്പിക്കാന്‍ താത്പര്യം അറിയിച്ചത് ആശ്വാസമായിരിക്കുന്നു.
വര്‍ധിച്ചുവരുന്ന ചെലവാണ് പലരെയും പിറകോട്ടടിപ്പിക്കുന്നത്. 2010 ല്‍ ആദ്യമായി വേദിയൊരുക്കിയ ഇന്ത്യയാകട്ടെ അഴിമതിയുടെ നാണക്കേടില്‍ മുങ്ങിത്താണു. ഇനിയിതുപോലൊരു ഗെയിംസിന് വേദിയാകേണ്ടെന്ന നിലപാടിലാണ് ഇന്ത്യ.
2018ലെ ആതിഥേയത്വത്തോടെ ആസ്‌ത്രേലിയ ഏറ്റവുമധികം തവണ (5) ഗെയിംസിന് വേദിയാകുന്ന രാഷ്ട്രമാകും. 1938, 1962, 1982, 2006 വര്‍ഷങ്ങളിലാണ് ആസ്‌ത്രേലിയ വേദിയായത്. നാല് തവണ കാനഡ വേദിയൊരുക്കി (1930,54,78,94). ന്യൂസിലാന്‍ഡും സ്‌കോട്‌ലന്‍ഡും മൂന്ന് തവണ വീതം. മലേഷ്യ, ഇന്ത്യ, ജമൈക്ക, വെയില്‍സ് ഓരോ തവണ വീതവും ഇംഗ്ലണ്ട് രണ്ട് തവണയും ആതിഥേയത്വം വഹിച്ചു.
ഇന്ത്യ ഹാപ്പി
ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്ന് സ്വന്തമാക്കുക. ഗ്ലാസ്‌ഗോ ഗെയിംസിന് പുറപ്പെടും മുമ്പ് ഇന്ത്യയുടെ ലക്ഷ്യം ഇതായിരുന്നു. 216 അംഗ കരുത്തുറ്റ ഇന്ത്യന്‍ സംഘം ആ ലക്ഷ്യം പൂര്‍ത്തീകരിച്ചു. പതിനഞ്ച് സ്വര്‍ണം, മുപ്പത് വെള്ളി, പത്തൊമ്പത് വെങ്കലം ഉള്‍പ്പടെ 64 മെഡലുകളുമായി അഞ്ചാം സ്ഥാനം.
2010 ഡല്‍ഹി ഗെയിംസില്‍ ആസ്‌ത്രേലിയക്ക് പിറകില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. നേടിയതാകട്ടെ 101 മെഡലുകള്‍. ഇത്തവണ പക്ഷേ, ഇന്ത്യക്ക് മേല്‍ക്കൈയുള്ള ചില ഇനങ്ങള്‍ ഗെയിംസിന്റെ ഭാഗമല്ലാതെ പോയത് തിരിച്ചടിയായി.
പതിനേഴ് മെഡലുകളുമായി ഷൂട്ടിംഗിലാണ് ഇന്ത്യ കൂടുതല്‍ വാരിയത്. ഗുസ്തിക്കാര്‍ പതിമൂന്ന് മെഡലുകള്‍ സമ്മാനിച്ചു. കൂടുതല്‍ സ്വര്‍ണം (5) ഗുസ്തിക്കാരുടെ വകയാണ്. ഷൂട്ടിംഗ് റേഞ്ചില്‍ വിളഞ്ഞ പൊന്ന് നാലെണ്ണം. ഭാരോദ്വഹനത്തില്‍ ഇന്ത്യ പ്രതീക്ഷിച്ചതല്ല പന്ത്രണ്ട് മെഡലുകള്‍. മൂന്ന് സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമടങ്ങുന്ന ആ മെഡല്‍വേട്ട അനുപമം. ജുഡോയില്‍ രണ്ട് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പടെ നാല് മെഡലുകള്‍. ഇതാദ്യമായിട്ടാണ് ജുഡോയില്‍ ഇത്ര മെഡലുകള്‍ ഇന്ത്യയുടെ എക്കൗണ്ടില്‍ വീഴുന്നത്. 1990 ലും 2002 ലും രണ്ട് വീതം മെഡലുകള്‍ ജുഡോയില്‍ നേടിയതായിരുന്നു ഗ്ലാസ്‌ഗോ ഗെയിംസിന് മുമ്പ് ഇന്ത്യയുടെ മികച്ച പ്രകടനം.
പവര്‍ലിഫ്റ്റിംഗില്‍ രജീന്ദര്‍ രാഹെലുവിന്റെ വെള്ളിക്ക് സ്വര്‍ണത്തിളക്കമുണ്ട്. വനിതകളുടെ ലൈറ്റ്‌വെയ്റ്റില്‍ സാകിന ഖാതുന്‍ നേടിയ വെങ്കലത്തിനും മാറ്റേറെ.
ഹോക്കിയില്‍ ആസ്‌ത്രേലിയക്ക് മുന്നില്‍ വീണ്ടും ഫൈനല്‍ തോല്‍വി. ഡല്‍ഹി ഗെയിംസില്‍ 8-0നായിരുന്നെങ്കില്‍ ഗ്ലാസ്‌ഗോയില്‍ 4-0ന്. പ്രകടനം മെച്ചപ്പെട്ടിരിക്കുന്നു. ഒളിമ്പിക്, ലോകചാമ്പ്യന്‍മാരായ ആസ്‌ത്രേലിയക്കെതിരെ ഇന്ത്യ മാന്യമായി തോറ്റതിലാണ് ആശ്വാസം.
ബാഡ്മിന്റണില്‍ നാല് മെഡലുകള്‍. പുരുഷ സിംഗിള്‍സില്‍ പി കശ്യപ് 32 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് സ്വര്‍ണനേട്ടം കൈവരിച്ചത് ശ്രദ്ധേയം.
വനിതാ സിംഗിള്‍സില്‍ പി വി സിന്ധു വെങ്കമെഡലില്‍ ഒതുങ്ങിയത് നിരാശയായി. ജ്വാലഗുട്ട-അശ്വിനി പൊന്ന സഖ്യത്തിന് സ്വര്‍ണം നിലനിര്‍ത്താന്‍ സാധിച്ചില്ല.
സ്‌ക്വാഷ് ഡബിള്‍സില്‍ ദീപിക പള്ളിക്കലും ജോഷ്‌ന ചിന്നപ്പയും സ്വര്‍ണം നേടിയതാണ് അതിശയിപ്പിച്ചത്. ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ സ്‌ക്വാഷ് സ്വര്‍ണം.
ബോക്‌സിംഗ്, ടേബിള്‍ ടെന്നീസ്, ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളിലാണ് പ്രതീക്ഷിച്ച മെഡലുകള്‍ അകന്നത്. അതേ സമയം, പാരാ സ്‌പോര്‍ട്‌സില്‍ നിന്നുള്ള രണ്ട് മെഡലുകളും ജിംനാസ്റ്റ് താരം ദീപ കര്‍മാകറുടെ വെങ്കലവും അപ്രതീക്ഷിത നേട്ടമായി. അതേ സമയം ഡല്‍ഹിയില്‍ തിളങ്ങിയ പുരുഷ ജിംനാസ്റ്റിക് താരം ആശിഷ് കുമാറിന്റെ പ്രകടനം നിരാശാജനകം.
ബോക്‌സിംഗ് സൂപ്പര്‍ സ്റ്റാര്‍ വിജേന്ദര്‍ സിംഗ് മിഡില്‍വെയ്റ്റ് (75കി.ഗ്രാം) വിഭാഗത്തില്‍ ഫൈനലില്‍ പരാജയപ്പെട്ടത് തിരിച്ചടിയായി. നാല് വെള്ളിയും ഒരു വെങ്കലവുമാണ് ബോക്‌സിംഗ് സംഭാവന. ഇതില്‍ വനിതാ ബോക്‌സര്‍ പിങ്കിയുടെത് എടുത്തു പറയണം.
ടേബിള്‍ ടെന്നീസില്‍ ആകെ ഒരു മെഡല്‍. പുരുഷ ഡബിള്‍സില്‍ ശരത് കമാല്‍- അമല്‍രാജ് സഖ്യമാണ് വെങ്കലം നേടിയത്. 2010 ല്‍ സ്വര്‍ണമുള്‍പ്പടെ അഞ്ച് മെഡലുകളായിരുന്നു ഈയിനത്തില്‍ ഇന്ത്യ നേടിയത്.
ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലേക്ക് വന്നാല്‍ ഒരു സ്വര്‍ണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ ശുഷ്‌കം. പുരുഷ ഡിസ്‌കസ് താരം വികാസ് ഗൗഡയാണ് സ്വര്‍ണം നേടിയത്. മില്‍ഖാ സിംഗിന് ശേഷം അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടുന്ന പുരുഷ താരമായി വികാസ് മാറുകയും ചെയ്തു.

Latest