പെട്രോള്‍ പമ്പുകളില്‍ നിന്ന് പണം തട്ടല്‍ വ്യാപകമാകുന്നു

Posted on: August 5, 2014 10:31 am | Last updated: August 5, 2014 at 10:31 am

petrol pumb dubaiകോട്ടക്കല്‍: പെട്രോള്‍പമ്പുകള്‍ കേന്ദ്രീകരിച്ച് പണം തട്ടിപ്പറി വ്യാപകമാകുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടയിലായി മൂന്ന് സംഭവങ്ങളാണ് ഉണ്ടായത്. ഇന്നലെ കടുങ്ങാത്തുകുണ്ട് പെട്രോള്‍ പമ്പിലേതാണ് ഒടുവിലത്തേത്. എല്ലാം സമാന രീതിയിലുള്ളവ തന്നെയാണ്. രാമനാട്ടുകരയിലാണ് ഇത്തരത്തില്‍ പണം തട്ടിപ്പറി ആദ്യമായി നടന്നത്. കഴിഞ്ഞ മാസം 24ന് കോട്ടക്കല്‍ പറമ്പിലങ്ങാടിയിലെ പമ്പില്‍ നിന്നും പണം തട്ടി സംഘം കടന്നു കളഞ്ഞു. നമ്പര്‍പ്ലേറ്റില്ലാത്ത കാറില്‍ മൂന്ന് പേരെത്തിയാണ് രാമനാട്ടുകരയിലെ പെട്രോള്‍പമ്പ് ജീവനക്കാരന്റെ പണമടങ്ങിയ ബാഗ് തട്ടിയെടുത്തത്. സി സി ക്യാമറയില്‍ ദൃശ്യം പതിഞ്ഞിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. 1600രൂപയാണ് ഇവിടെനിന്നും തട്ടിപ്പറിച്ചത്. പുലര്‍ച്ചെയായിരുന്നു സംഭവം. കഴിഞ്ഞ ആഴ്ച്ചയാണ് പറമ്പിലങ്ങാടിയില്‍ സമാന സംഭവം അരങ്ങേറിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെ കാറിലെത്തിയ മൂന്ന് പേര്‍ കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെടുകയായിരുന്നു. കുപ്പിയിലേക്ക് പെട്രോള്‍ ഒഴിക്കുന്നതിനിടെ ജീവനക്കാരന്റെ കക്ഷത്തിലിരുന്ന പണമടങ്ങിയ ബാഗുമായി സംഘം കടന്നുകളയുകയായിരുന്നു. സിസി ടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും ആളെ തിരിച്ചറിയാനാവുന്നില്ല. ഒരുലക്ഷത്തോളം രൂപയാണ് ഇവിടെ നിന്നും കവര്‍ന്നത്. കടുങ്ങാത്തുകുണ്ടിലെ പമ്പില്‍ സൂക്ഷിച്ച് വെച്ച പണം തട്ടിഎടുത്ത് ഓടിമറിയുകയായിരുന്നു. കോട്ടക്കല്‍ കവര്‍ച്ചയുടെ അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്തിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. തിരൂര്‍ സി ഐക്കാണ് അന്വേഷണ ചുമതല. ഒരു ബൈക്കിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. അതെ സമയം രാമനാട്ടുകരയിലെ പണംതട്ടിപ്പറിയും കോട്ടക്കലിലെ സംഭവവവമായ അന്വേഷണവും ഏകോപിക്കുന്നതിനിടെയാണ് കടുങ്ങാത്തുകുണ്ടിലെ പമ്പില്‍നിന്നും പണംകവര്‍ന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.