ബിയ്യം റഗുലേറ്റര്‍ കം ബ്രഡ്ജിന്റെ പത്ത് ഷട്ടറുകളും തുറന്നു

Posted on: August 5, 2014 10:29 am | Last updated: August 5, 2014 at 10:29 am

riverപൊന്നാനി: ബിയ്യം റഗുലേറ്റര്‍ കം ബ്രഡ്ജിന്റെ പത്ത് ഷട്ടറുകളും തുറന്നതോടെ പുഴയില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ഇതോടെ പൊന്നാനി, തൃശൂര്‍ കോള്‍ മേഖലയിലെ വെള്ളപ്പൊക്ക ഭീഷണിക്കും പരിഹാരമായി.
മലമ്പുഴയിലെ ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലെത്തിയ സംഘമാണ് ബിയ്യം റഗുലേറ്ററിലെ ശേഷിക്കുന്ന ഷട്ടറുകള്‍ തുറന്നത്. റഗുലേറ്ററിലെ മൂന്നു ഷട്ടറുകള്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് മലമ്പുഴയില്‍ നിന്നുള്ള വിദഗ്ധ സംഘത്തെ വിളിച്ചുവരുത്തിയത്. റഗുലേറ്ററില്‍ ആകെയുള്ള പത്തു ഷട്ടറുകളില്‍ നാലെണ്ണം കഴിഞ്ഞ ദിവസം ഭാഗികമായി തുറന്നിരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് പുഴയില്‍ ജലനിരപ്പ് ഉയരുകയും തൃശൂര്‍ വെട്ടിക്കടവ് മുതല്‍ പൊന്നാനി വരെയുള്ള കൃഷിയിടങ്ങള്‍ വെള്ളം കയറി പരസര പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലുമായിരുന്നു.
മേഖലയിലെ താഴ്ന്ന ‘ഭാഗങ്ങള്‍ വെള്ളത്തിനടിയിലായതോടെ റെഗുലേറ്ററിലെ ഷട്ടറുകള്‍ പൂര്‍ണ്ണമായും തുറക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച രാത്രി റെഗുലേറ്ററിന്റെ പരിസര പ്രദേശത്തുള്ളവര്‍ സംഘടിച്ചെത്തി. നാട്ടുകാരുടെ നേതൃത്വത്തില്‍ ഏഴ് ഷട്ടറുകള്‍ കൈ കൊണ്ട് തിരിച്ച് തുറന്നെങ്കിലും 8, 9, 10 ഷട്ടറുകള്‍ തുറക്കാന്‍ കഴിഞ്ഞില്ല. ഷട്ടര്‍ ട്രാക്കിലെ റബ്ബര്‍ ഷീറ്റുകള്‍ കുടുങ്ങിയതാണ് ഷട്ടറുകള്‍ ഉയര്‍ത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കിയത്. കഴിഞ്ഞ ദിവസം തുറക്കാന്‍ കഴിയാതിരുന്ന മൂന്നു ഷട്ടറുകളില്‍ എട്ടാം നമ്പര്‍ ഷട്ടര്‍ വിദഗ്ധ സംഘം കൈകൊണ്ട് തിരിച്ചാണ് ഇന്നലെ ഉയര്‍ത്തിയത്. ഇത് വിദഗ്ധമായി പരിശോധിക്കാന്‍ ഇലക്ട്രിക്ക് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ഇറിഗേഷന്‍ അസി. എന്‍ജിനീയര്‍ ഹുസൈന്‍, നഗരസഭാ കൗണ്‍സിലര്‍ സി പി മുഹമ്മദ്കുഞ്ഞി എന്നിവര്‍ മലമ്പുഴയില്‍ നിന്നെത്തിയ വിദഗ്ധ സംഘത്തിന് സൗകര്യമൊരുക്കി. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതാണ് ഷട്ടര്‍ തകരാറിലാകാന്‍ കാരണമെന്ന് നാട്ടുകാരും കോള്‍ കര്‍ഷകരും ആരോപിച്ചു. റഗുലേറ്ററിലെ ഷട്ടറുകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ആവശ്യമായ യാതൊരു നടപടികളും അധികൃതര്‍ ഇതുവരെയും ചെയ്തിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. ഷട്ടറുകളില്‍ ഗ്രീസ് പുരട്ടാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം.
ഷട്ടറുകള്‍ യഥാസമയം തുറക്കാത്തതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബിയ്യം മേഖലയില്‍ കൃഷിനാശത്തിന് ഇടയാക്കിയതായി കര്‍ഷകര്‍ പറയുന്നു.