Connect with us

Kozhikode

പുല്ലൂരാംപാറ ഉരുള്‍പൊട്ടല്‍: ദുരന്തബാധിതര്‍ക്ക് രണ്ടാം വാര്‍ഷിക 'സമ്മാനം' ബേങ്ക് വായ്പ തിരിച്ചടക്കാന്‍ നോട്ടീസ്

Published

|

Last Updated

മുക്കം: പുല്ലൂരാംപാറ ഉരുള്‍പൊട്ടലില്‍ വീടും കൃഷിയിടങ്ങളും ഉറ്റവരെയും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ദുരന്തത്തിന്റെ രണ്ടാം വാര്‍ഷിക നാളെത്തുമ്പോള്‍ സര്‍ക്കാറിന്റെ സഹായ ഹസ്തങ്ങള്‍ക്ക് പകരം ലഭിച്ചത് വായ്പകള്‍ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് സഹകരണ ബേങ്കിന്റെ നോട്ടീസ്. ദുരിതങ്ങള്‍ മാറാത്ത ദുരിതാശ്വാസ ക്യാമ്പിലേക്കാണ് ഇടിത്തീപോലെ ബേങ്കിന്റെ നോട്ടീസെത്തിയിരിക്കുന്നത്. ആനക്കാം പൊയിലിലെ ദുരിതാശ്വാസ ഷെല്‍ട്ടറില്‍ താമസിക്കുന്ന ഏലിക്കുട്ടി തോമസ്, സുലോചന ജോസഫ് എന്നിവരടക്കം നാല് പേര്‍ക്കാണ് വായ്പ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി സര്‍വീസ് സഹകരണ ബേങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
ദുരന്തത്തില്‍പ്പെട്ട 150ലേറെയാളുകളാണ് ബേങ്കില്‍ നിന്ന് കാര്‍ഷിക-കാര്‍ഷികേതര വായ്പകള്‍ എടുത്തിട്ടുള്ളത്. ഒരു കോടിയോളം രൂപയുടെ വായ്പയാണ് ബേങ്കില്‍ നിന്ന് ഉരുള്‍പൊട്ടല്‍ ബാധിതര്‍ എടുത്തിരുന്നത്. ഒരു കോടി രൂപക്ക് 40 ലക്ഷം രൂപ പലിശയും പിഴപ്പലിശയുമായി ബാധ്യതയുണ്ട്. 58 ലക്ഷം രൂപയാണ് കാര്‍ഷിക വായ്പയായി എടുത്തിട്ടുള്ളത്. അതിന്റെ പിഴകൂടി ചേര്‍ത്താല്‍ 92 ലക്ഷത്തിലേറെയാകും.
ദുരിതബാധിതര്‍ക്ക് സഹായം നല്‍കുമെന്നും ബേങ്ക് വായ്പ എഴുതിത്തള്ളുമെന്നും പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പും ബേങ്കിന് നല്‍കിയിട്ടില്ലെന്ന് ബേങ്ക് പ്രസിഡന്റ് കെ എം മുഹമ്മദലി പറഞ്ഞു.
2012 ആഗസ്റ്റ് ആറിനുണ്ടായ ദുരന്തത്തിന്റെ ഇരകളുടെ വായ്പ എഴുതിത്തള്ളുമെന്ന് കടാശ്വാസ കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രദേശത്ത് ഒരു സിറ്റിംഗ് നടത്താന്‍ പോലും അവര്‍ തയ്യാറായിട്ടില്ല. ഒരു വര്‍ഷം മുമ്പ് കടാശ്വാസ കമ്മീഷന്റെ നിര്‍ദേശപ്രകാരം തിരുവമ്പാടി കൃഷിഭവന്‍ കടബാധിതരുടെ കണക്കെടുത്തെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായില്ല. 157 ആളുകളെയാണ് ഇതില്‍ കണ്ടെത്തിയത്. മൂന്ന് കോടിയോളം രൂപയാണ് ബാധ്യതയുടെ ഏകദേശ കണക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോ. സെക്രട്ടറി എ എം ഗണപതിന്റെ നേതൃത്വത്തില്‍ കേന്ദ്രസംഘം പ്രദേശം സന്ദര്‍ശിച്ചതല്ലാതെ സഹായം ലഭ്യമായിട്ടില്ല. മുഖ്യമന്ത്രി, റവന്യൂ മന്ത്രിയടക്കമുള്ളവരും എത്തിയെങ്കിലും ദുരിതബാധിതര്‍ക്ക് ഉപയോഗപ്രദമായ രീതിയിലേക്കെത്തിയിട്ടില്ല. താത്കാലിക ഷെഡില്‍ 24 കുടുംബങ്ങളിലെ 75 പേരാണ് കഴിയുന്നത്.
വീട് നിര്‍മാണത്തിന് ഇന്ദിര ആവാസ് യോജന പദ്ധതിപ്രകാരം രണ്ട് ലക്ഷം രൂപ അനുവദിക്കുമെന്ന പ്രഖ്യാപനവും യാഥാര്‍ഥ്യമായിട്ടില്ല. ദുരിതബാധിതര്‍ എ പി എല്ലുകാരായതു കാരണം ഈ കുടുംബങ്ങള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നുമില്ല. അരിപ്പാറയില്‍ ദുരിതബാധിതര്‍ക്ക് അഞ്ച് സെന്റ് വീതം നല്‍കാനായി 86.7 സെന്റ് ഭൂമി കണ്ടെത്തിയെങ്കിലും റവന്യൂ വകുപ്പ് ദുരിതബാധിതര്‍ക്ക് തിരിച്ചുനല്‍കാന്‍ സമയം കണ്ടെത്തിയിട്ടില്ല.

 

Latest