Connect with us

Editorial

അരുന്ധതിക്കെതിരെ നടപടി എടുക്കും മുമ്പ്

Published

|

Last Updated

രാഷ്ട്രപിതാവ് ഗാന്ധിജിക്കെതിരായ ചില പരാമര്‍ശങ്ങളെച്ചൊല്ലി കടുത്ത വിമര്‍ശങ്ങളെയും നിയമ നടപടികളെയും അഭിമുഖീകരിക്കുകയാണ് ബുക്കര്‍ െ്രെപസ് ജേതാവും പ്രമുഖ എഴുത്തുകാരിയുമായ അരുന്ധതി റോയി. കേരള സര്‍വകലാശാല ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മാസം 17ന് അയ്യന്‍കാളി ചെയര്‍ സംഘടിപ്പിച്ച ശില്‍പ്പശാലയിലായിരുന്നു അവരുടെ വിവാദ പ്രസംഗം. ഗാന്ധിജി വര്‍ഗീയ, ജാതീയവാദിയായിരുന്നുവെന്നും ജീവിതത്തിലുടനീളം അഹിംസക്കുവേണ്ടി വാദിച്ച ഗാന്ധി ഏറ്റവും ക്രൂരമായ ജാതി സമ്പ്രദായത്തെ അംഗീകരിച്ചിരുന്നുവെന്നും അരുന്ധതി റോയി അഭിപ്രായപ്പെട്ടു. ഗാന്ധിജിക്ക് രാജ്യം നല്‍കിയത് അര്‍ഹിക്കാത്ത ആദരവാണ്. അതേസമയം ദളിത് ആദിവാസി സമൂഹത്തിന്റെ ഉയര്‍ച്ചക്ക് ജീവിതം സമര്‍പ്പിച്ച അയ്യന്‍കാളിക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയില്ല. ഗാന്ധിജിയെക്കുറിച്ച് രാജ്യത്ത് പഠിപ്പിച്ചു വരുന്നതെല്ലാം നുണയാണ്. എന്നിങ്ങനെ പോകുന്നു അവരുടെ ഗാന്ധി വിമര്‍ശം.
കോണ്‍ഗ്രസ് നേതാക്കളും ഗാന്ധി”ഭക്തരും” അരുന്ധതി റോയിയുടെ പ്രസംഗത്തിനെതിരെ ശക്തമായി രംഗത്തുണ്ട്. അവര്‍ക്കെതിരെ കേസെടുക്കണമെന്ന ഗാന്ധി ഫൗണ്ടേഷന്‍ പ്രവര്‍ത്തകരുടെ ആവശ്യത്തിന്മേല്‍ വിവാദ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് പോലീസ് മേധാവികള്‍. അരുന്ധതി റോയി മാപ്പ് പറയണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും രംഗത്ത് വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലും അവര്‍ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
എന്നാല്‍ ഗാന്ധിജിയുടെ വീക്ഷണങ്ങളും നയങ്ങളും ചോദ്യം ചെയ്യപ്പെടുന്നത് ഇതാദ്യമല്ല. അദ്ദേഹത്തിന്റെ വര്‍ഗീയ, ജാതീയ നിലപാടുകള്‍ മുമ്പും വിമര്‍ശവിധേയമായിട്ടുണ്ട്. യംഗ് ഇന്ത്യയില്‍ ഗാന്ധിജി എഴുതിയ ലേഖനങ്ങളില്‍ ജാതീയ സിദ്ധാന്തത്തെ ന്യായീകരിച്ചതായി കാണാം. ജനനത്തെ അടിസ്ഥാനമാക്കി നടത്തുന്ന ആശാസ്യമായ പ്രക്രിയാ വിഭജനമാണ് വര്‍ണ വ്യവസ്ഥയെന്നും അത് യുക്ത്യാധിഷ്ഠിതവും ശാസ്ത്രീയവുമാണെന്നും അഭിപ്രായപ്പെട്ട ഗാന്ധിജി, വര്‍ണവ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടു തന്നെ അയിത്ത സമ്പ്രദായം അവസാനിപ്പിക്കണമെന്ന പക്ഷക്കാരനായിരുന്നുവെന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴ് നാട്ടിലെ പെരിയോര്‍ ഇ വി രാമസ്വാമി നായ്ക്കര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് ദ്രാവിഡ മുന്നേറ്റ കഴകം രൂപവത്കരിച്ചത് ഗാന്ധിജിയുടെ ഈ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നുവല്ലോ. ബാബാ സാഹെബ് ഡോ. ബി ആര്‍ അംബേദ്കറും സഹോദരന്‍ അയ്യപ്പനുമെല്ലാം ജാതീയതയെ അംഗീകരിക്കുന്ന ഗാന്ധിജിയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. രാജ്യത്തെ ജാതിവ്യവസ്ഥക്കറുതി വരുത്താത്ത കാലത്തോളം നാം നേടിയെന്ന് പറയുന്ന സ്വാതന്ത്ര്യത്തിന് അര്‍ഥമില്ലെന്ന് വരെ അംബേദ്കര്‍ ഗാന്ധിജിയോട് തുറന്നടിച്ചിട്ടുണ്ട്.
ഗാന്ധിജിയുടെ അപദാനങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും വര്‍ണിക്കുന്ന പുസ്തകങ്ങള്‍ക്കൊപ്പം, അദ്ദേഹത്തെ വിമര്‍ശിക്കുന്ന പുസ്തകങ്ങളും നിരവധി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യ ജീവതത്തിലെ ദൗര്‍ബല്യങ്ങളിലേക്ക് വെളിച്ചം വീശുകയും ബ്രഹ്മചര്യാവാദത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടുകയും ചെയ്യുന്ന പുസ്തകങ്ങള്‍ പോലും പ്രകാശിതമായിട്ടുണ്ട്. സമാധാനപരമായ മാര്‍ഗങ്ങളിലൂടെ ദേശീയ സമരത്തെ വിജയത്തിലെത്തിക്കുകയും രാഷ്ട്രപിതാവെന്ന സ്ഥാനം നല്‍കി രാജ്യം ആദരിക്കുകയും ചെയ്ത ഗാന്ധിജിയുടെ ജീവിതത്തില്‍ ഒട്ടേറെ നല്ല വശങ്ങള്‍ക്കൊപ്പം ചില പാളിച്ചകളും സംഭവിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ ചരിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ ബോധ്യമാകുന്നത്. ഇത് മനുഷ്യസഹജവുമാണ്. ലോകം ആദരിക്കുകയും ചരിത്രത്തില്‍ ഇടം നേടുകയും ചെയ്ത മറ്റു പല നേതാക്കളും വിമശിക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയെ അതിമാനുഷനായി ചരിത്രം ഉയര്‍ത്തിക്കാട്ടുന്നില്ല. കെ പി സി സി വൈസ് പ്രസിഡണ്ട് വി ഡി സതീശന്‍ പറഞ്ഞതു പോലെ വിമര്‍ശത്തിനതീതനല്ല ഗാന്ധി. അരുന്ധതി റോയിയുടെ പരാമര്‍ശങ്ങള്‍ അവരുടെ വീക്ഷണമാണ്. ഭരണഘടന നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ തണലില്‍ അത് പ്രകടിപ്പിക്കാനും പങ്ക് വെക്കാനും അവര്‍ക്കവകാശമുണ്ട്. വിയോജിപ്പുള്ളവര്‍ക്ക് അത് ചൂണ്ടിക്കാട്ടുകയും അവരുടെ വാദങ്ങള്‍ സമര്‍ഥിക്കുകയും ചെയ്യാകുന്നതാണ്. പകരം അരുന്ധതിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് മുറവിളി കൂട്ടുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്.
ഗാന്ധിജിയുടെ ജീവിതത്തെ ആധാരമാക്കി പ്രസിദ്ധ സംവിധായകന്‍ കേതന്‍ മേത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിക്ക് കഴിഞ്ഞ വര്‍ഷം ദൂരദര്‍ശന്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ഗാന്ധിജിയുടെ കൊല, ഗോഡ്‌സെയുടെ വിചാരണ തുടങ്ങിയവയായിരുന്നു ഡോക്യൂമെന്ററിയിലെ പ്രധാന പ്രമേയങ്ങളെന്നതിനാല്‍ ഗാന്ധിഘാതകന്‍ ഗോഡ്‌സെയെ അത് അപകീര്‍ത്തിപ്പെടുത്തുമെന്ന അഭിപ്രായത്തിലാണ് ദൂരദര്‍ശന്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത്. പ്രമേയം സത്യസന്ധമായിട്ടും ദുരദര്‍ശന്റെ ആ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാന്‍ അന്നാരും രംഗത്തു വന്നതായി കണ്ടില്ല. ചരിത്രത്തെ തമസ്‌കരിക്കാനുള്ള ഔദ്യോഗിക കേന്ദ്രങ്ങളുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരെയാണ് “”ഗാന്ധിഭക്തരുടെ” പ്രതിഷേധം ആളിപ്പടരേണ്ടത്.