ഇത് സംയുക്ത ഉന്‍മൂലന പദ്ധതി

Posted on: August 4, 2014 12:05 pm | Last updated: August 4, 2014 at 12:05 pm

ഗാസയിലെ ഇസ്‌റാഈല്‍ ആക്രമണം ശക്തമായി തുടരുകയാണ്. മൂന്നാഴ്ച പിന്നിട്ട ആക്രമണം പെരുന്നാള്‍ ദിനത്തില്‍ പോലും നിര്‍ത്തി വെക്കാന്‍ ജൂതരാഷ്ട്രം തയ്യാറായില്ല. കള്ളത്തരങ്ങള്‍ എഴുന്നള്ളിച്ച് വെടിനിര്‍ത്തല്‍ ധാരണകള്‍ ലംഘിക്കുകയാണ് അവര്‍. ആയിരത്തി അറുനൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ കൂടുതലും പിഞ്ചു കുട്ടികളും കൗമാരക്കാരുമാണ്. ആയിരക്കണക്കിനാളുകള്‍ ഗുരുതരമായി പരുക്കേറ്റ് കഴിയുന്നു. അവരെ ചികിത്സിക്കാന്‍ സൗകര്യങ്ങളില്ല. പ്രധാന ആശുപത്രികളെല്ലാം തകര്‍ക്കപ്പെട്ടു. അഭയാര്‍ഥി ക്യാമ്പുകളായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകള്‍ വരെ ബോംബ് വര്‍ഷത്തിനിരയായി. തകര്‍ക്കപ്പെട്ട വീടുകള്‍ക്ക് കണക്കില്ല. കഴിഞ്ഞ ദിവസം നഗരത്തിലെ പ്രധാന സര്‍വകലാശാലയും തകര്‍ത്തു. വൈദ്യുത പ്ലാന്റ് തകര്‍ത്തതോടെ ലോകത്തെ ഏറ്റവും ജനനിബിഡമായ ഈ ഭൂവിഭാഗം സമ്പൂര്‍ണമായ ഇരുട്ടിലാണ്. മരുന്നും കുടിവെള്ളവും ഭക്ഷണവും കിട്ടാനില്ല. അതിര്‍ത്തി മുഴുവന്‍ അടച്ചതിനാല്‍ പുറത്തേക്ക് പോകാന്‍ വഴിയില്ല. ലോകരാജ്യങ്ങളില്‍ നിന്നുള്ള സഹായം എത്താതിരിക്കാന്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംരക്ഷിത മേഖല (ബഫര്‍ സോണ്‍) പ്രഖ്യാപിച്ച് ഗാസക്കാരുടെ ഇടം ചുരുക്കുന്നു. വളഞ്ഞിട്ട് നശിപ്പിക്കുക തന്നെയാണ്.
പാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങള്‍ ഇപ്പോഴും ഇതിനെ യുദ്ധമെന്നാണ് വിളിക്കുന്നത്. ഹമാസ് തൊടുത്തു വിടുന്ന റോക്കറ്റുകളോടുള്ള പ്രതികരണമാണത്രേ ഇസ്‌റാഈലിന്റെത്. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്‌റാഈലിന് ഉണ്ടെന്ന് നിര്‍ലജ്ജം ഇപ്പോഴും അവര്‍ എഴുതി വിടുന്നു. ആരെയാണ് ഇവര്‍ പ്രതിരോധിക്കുന്നത്? പിഞ്ചു കുട്ടികളെയോ? ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ വരെ വെറുതെ വിടുന്നില്ലല്ലോ. മൂന്ന് ജൂത കൗമാരക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ എന്തായിരുന്നു ഈ മാധ്യമങ്ങളുടെ വിലാപം? സ്വാത്തില്‍ വെടിയേറ്റ മലാല യൂസുഫ്‌സായിക്ക് എന്തായിരുന്നു മാധ്യമ പരിലാളന. മരണവും വേദനയും എവിടെയായാലും അപലപനീയമല്ലേ? ഫലസ്തീനിലാകുമ്പോള്‍ അത് യുദ്ധത്തിന്റെ സ്വാഭാവിക പരിണതി(കൊളാറ്ററല്‍ ഡാമേജ്) ആകുന്നു. ഉക്രൈനിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് എത്ര പ്രസ്താവനകളാണ് അമേരിക്കന്‍ പ്രസിഡന്റ് നടത്തിയത്. ഗാസയിലെത്തുമ്പോള്‍ അദ്ദേഹത്തിന് വാക്കുകള്‍ക്ക് കടുത്ത ക്ഷാമം. ഏത് വാക്ക് തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പം! ഇത് സംയുക്തവും ആസൂത്രിതവുമായ ഉന്‍മൂലനമാണ്. ഇറാഖിലും സിറിയയിലും മേഖലയിലാകെയും നടക്കുന്ന കൂട്ടക്കുഴപ്പങ്ങളുമായൊക്കെ ബന്ധം ഇതിനുണ്ട്. ലക്ഷണമൊത്ത ഉന്‍മൂലന പദ്ധതിയല്ലാതെ മറ്റൊന്നുമല്ല ഇത്. വംശഹത്യയാണ് ഗാസയില്‍ നടക്കുന്നത്. വെടിനിര്‍ത്തല്‍ നാടകത്തിനുശേഷം ഒരു ആക്രമണ വിരാമം ഉണ്ടായാലും അടുത്ത കാലത്തൊന്നും ഗാസക്കാര്‍ ജീവിതത്തിലേക്ക് തിരിച്ചു വരരുതെന്ന ശാഠ്യമാണ് ഇസ്‌റാഈലിന്.
യു എന്‍ എന്ന സംവിധാനത്തിന്റെ പ്രസക്തി തന്നെ ഈ ഘട്ടത്തില്‍ ചോദ്യം ചെയ്യപ്പെടുകയാണ്. നഗ്നമായ വംശഹത്യ നടക്കുമ്പോഴും പ്രമേയത്തിന്റെ പദാവലി തേടി സമയം കളയുകയാണ് ലോക സംഘടന. ഒരു അന്വേഷണത്തിന്റെയും ആവശ്യമില്ല, ഗാസയില്‍ മാനവികതക്കെതിരായ അതിക്രമം നടന്നുവെന്ന് മനസ്സിലാക്കാന്‍. എന്നിട്ടും യു എന്‍ മനുഷ്യാവകാശ സമിതി അന്വേഷിക്കാനാണ് തീരുമാനിച്ചത്. അപ്പുറത്ത് ഇസ്‌റാഈലാകുമ്പോള്‍ വല്ലാത്ത അവധാനതയാണ്. അന്വേഷിച്ചിട്ടേ തീര്‍പ്പ് പറയാനാകൂ. ഈ അന്വേഷണ പ്രമേയത്തെപ്പോലും അമേരിക്ക എതിര്‍ത്തു. യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ എഫ് കെറി അങ്ങോട്ടും ഇങ്ങോട്ടും പറക്കുന്നുവെന്നല്ലാതെ ഒന്നും നടക്കുന്നില്ല. തങ്ങള്‍ പറയുന്നത് ഇസ്‌റാഈല്‍ കേള്‍ക്കുന്നില്ലെന്നാണ് അമേരിക്ക വിലപിക്കുന്നത്. ഇതൊക്കെ ലോകത്തിന് മനസ്സിലാകും. നിങ്ങള്‍ പറയുന്നത് ഇസ്‌റാഈല്‍ കേള്‍ക്കില്ലെന്നോ? ആരാന്റെ മണ്ണില്‍ കരാറിന്റെ കോട്ടകള്‍ കെട്ടി ജൂതരാഷ്ട്രത്തെ അവിടെ കുടിയിരുത്തയത് നിങ്ങള്‍. കോടിക്കണക്കിന് ഡോളര്‍ പ്രതിവര്‍ഷം നല്‍കി ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി അതിനെ മാറ്റിയത് നിങ്ങള്‍. ഏത് പ്രതിസന്ധി ഘട്ടത്തിലും സഹായവുമായി ചാടിയിറങ്ങുന്നത് നിങ്ങള്‍. ഏറ്റവും അടുത്ത സൗഹൃദരാജ്യമെന്ന പട്ടം ചാര്‍ത്തിക്കൊടുത്തത് നിങ്ങള്‍. എന്നിട്ടും നിങ്ങള്‍ പറയുന്നത് ഇസ്‌റാഈല്‍ അനുസരിക്കുന്നില്ലെന്നോ? അമേരിക്ക പറഞ്ഞിട്ടില്ല എന്നതാണ് സത്യം.
ഈ വംശഹത്യ നടക്കുന്നത് അമേരിക്കയുടെ കൂടി മുന്‍കൈയിലാണെന്ന് വിലയിരുത്താവുന്ന വസ്തുതകള്‍ പുറത്തു വന്നുകഴിഞ്ഞു. മനുഷ്യത്വരഹിതമായ നരമേധം നടക്കുമ്പോഴും കൂടുതല്‍ ആയുധങ്ങള്‍ നല്‍കിയിരിക്കുകയാണ് അമേരിക്ക. കുറുക്കുവഴിയിലൂടെയാണ് ആയുധ സംഭാവന. മേഖലയില്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ എടുത്തുപയോഗിക്കാനെന്ന പേരില്‍ പ്രധാന സുഹൃദ് രാഷ്ട്രങ്ങളിലെല്ലാം ആയുധ ശേഖരം സൂക്ഷിക്കുന്ന ഏര്‍പ്പാട് അമേരിക്കക്കുണ്ട്. ഈ ശേഖരത്തിലേക്ക് കൂടുതല്‍ ആയുധങ്ങള്‍ നല്‍കുകയാണ് ചെയ്തത്. എന്നിട്ടൊരു വ്യവസ്ഥയും. അത്യാവശ്യ ഘട്ടത്തില്‍ ഇസ്‌റാഈലിന് ഉപയോഗിക്കാമെന്ന്. ഹമാസിന്റെ റോക്കറ്റുകള്‍ ആകാശത്ത് വെച്ച് തകര്‍ക്കാനുളള സംവിധാനം ശക്തിപ്പെടുത്താന്‍ 22.5 കോടി ഡോളറാണ് ഈ കൂട്ടക്കുരുതിക്കിടെ അനുവദിച്ചത്. യു എന്‍ സ്‌കൂളില്‍ ബോംബ് വര്‍ഷിച്ചതിനെ വൈറ്റ് ഹൗസ് ശക്തമായി അപലപിച്ചതിന് പിറകേയാണിത്. എത്ര ഭീകരമാണ് ഈ ഇരട്ടത്താപ്പ്! സാമ്രാജ്യത്വവിരുദ്ധ ആശയപ്രചാരണം ശക്തമാക്കുക മാത്രമേ പോംവഴിയുള്ളൂ. വിവിധ ഗ്രൂപ്പുകള്‍ നേതൃത്വം നല്‍കുന്ന ബഹിഷ്‌കരണ ശ്രമങ്ങളെ പിന്തുണക്കണം. സാമ്രാജ്യത്വ മാധ്യമ പ്രചാരണങ്ങളെ തുറന്ന് കാണിക്കുന്ന ജനകീയ മാധ്യമ ബദല്‍ ശക്തമാക്കണം.